Wednesday, June 22, 2011

വാഹനപ്പെരുപ്പം ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് അപകടകരം

കൊല്ലം: സംസ്ഥാനത്ത് വാഹനപ്പെരുപ്പം ഇതേനില തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുമെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ടി എഫ് സേവ്യര്‍ പറഞ്ഞു. സര്‍വീസ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊല്ലം ഡിപ്പോയില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മെട്രോ നഗരങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങളുള്ളത് കേരളത്തിലാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഇന്ന് 60 ലക്ഷത്തില്‍പരം വാഹനങ്ങളാണ് നിരത്തിലോടുന്നത്. അതിനനുസരിച്ച് റോഡ് വികസനം ഉണ്ടാകാത്തത് അപകടനിരക്ക് വര്‍ധിപ്പിക്കുന്നു. കേരളത്തിലെ റോഡ് വികസന നിരക്ക് ആറു ശതമാനം മാത്രമാണ്. വാഹനാപകടങ്ങളില്‍ രാജ്യത്ത് വര്‍ഷം 1,25,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിലത് നാലായിരമാണ്. വാഹനാപകടം ഏറെ നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. തമിഴ്നാടും ആന്ധ്രപ്രദേശുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ . ജില്ലകളില്‍ വാഹനാപകടങ്ങളില്‍ വര്‍ഷം ശരാശരി 350 പേര്‍ക്ക് ജീവഹാനി ഉണ്ടാകുന്നെന്നാണ് കണക്ക്. ദിവസം 135നും 140നും മധ്യേ അപകടങ്ങളുണ്ടാകുന്നു. അപകടങ്ങളില്‍പെട്ട് ദിവസം ശരാശരി 15പേരാണ് ഓരോ ജില്ലയിലും മരിക്കുന്നത്. ഇത് ആശങ്കാജനകമാണ്- ടി എഫ് സേവ്യര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അവരുടെ സാമൂഹിക പ്രതിബദ്ധത മറക്കരുതെന്ന് ആര്‍ടിഒ സി കെ അശോകന്‍ പറഞ്ഞു. ബസുകളില്‍ പൊലീസിന്റെ നിരീക്ഷണ സംവിധാനം ഉണ്ടാകണം. ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകളും യുവാക്കളുമാണ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതില്‍ മുന്നില്‍ . സൂപ്പര്‍ ഫാസ്റ്റിനെ ഓര്‍ഡിനറി ബസുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നതും നിയമലംഘനമാണെന്നും ആര്‍ടിഒ പറഞ്ഞു. ഡിടിഒ ജി അനില്‍കുമാര്‍ അധ്യക്ഷനായി.

പുനലൂര്‍ - മുണ്ടക്കയം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം

റാന്നി: റാന്നി വഴിയുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം. പുനലൂരില്‍നിന്ന് പത്തനംതിട്ട- റാന്നി- എരുമേലിവഴി കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. വന്‍ കളക്ഷനുള്ള ഈ സര്‍വീസുകള്‍ ആരംഭിച്ചതോടെ മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനുമായി. എന്നാല്‍ ബസ് സര്‍വീസുകള്‍ മിക്കതും വെട്ടിക്കുറച്ച് ചെയിന്‍ സര്‍വീസ് തകര്‍ക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ പത്തുമിനിട്ട് ഇടവിട്ടുണ്ടായിരുന്ന സര്‍വീസുകള്‍ അരമണിക്കൂറും ഒരുമണിക്കൂറും വ്യത്യാസത്തിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ചെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയ സമയങ്ങളില്‍ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നല്‍കാനും ചില സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് കളക്ഷന്‍ കൂട്ടിക്കൊടുക്കാനുമാണ് പുതിയ സര്‍ക്കാര്‍ നയം. യുഡിഎഫിലെ പ്രധാന ഘടകകക്ഷി നേതാവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് റാന്നി വഴിയുള്ള ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും. കെഎസ്ആര്‍ടിസി ചെയിന്‍ ആരംഭിച്ചതോടെ അമിതവേഗത്തിലും അശ്രദ്ധയാലും ഓടിച്ച് മിക്കപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഈ ബസുകളില്‍ യാത്രക്കാര്‍ കയറാതായി. ഈ കുറവ് പരിഹരിക്കാനാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് സഹായിക്കുന്നത്.

ചെയിന്‍ സര്‍വീസ് നിര്‍ത്തിയ സമയങ്ങളില്‍ യുഡിഎഫ് ഘടകകക്ഷി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഇരുപത്തിയാറ് ബസുകള്‍ക്ക് പെര്‍മിറ്റനുവദിക്കാന്‍ നീക്കമുള്ളതായും അറിയുന്നു. കൊല്ലം- കുമളി, പുനലൂര്‍ - കുമളി റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് പുതിയ റൂട്ടുകള്‍ അനുവദിക്കുക. പുതിയ ബസുകള്‍ പിന്‍വലിച്ച് ഇപ്പോള്‍ തീര്‍ത്തും പഴകിദ്രവിച്ച ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. പഴയ ബസുകള്‍ മലയോര മേഖലയിലൂടെ കടന്നുപോകാന്‍ സമയം കൂടുതല്‍ എടുക്കുമെന്നതിനാല്‍ സ്വകാര്യ ബസുകള്‍ക്ക് ഇതു പ്രയോജനം ചെയ്യും. റാന്നി മേഖലയ്ക്ക് അനുഗ്രഹമായിരുന്ന കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നിര്‍ത്തിച്ച് ഇത് സ്വകാര്യ മേഖലയുടെ കുത്തകയാക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

deshabhimani 220611

2 comments:

  1. സംസ്ഥാനത്ത് വാഹനപ്പെരുപ്പം ഇതേനില തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുമെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ടി എഫ് സേവ്യര്‍ പറഞ്ഞു. സര്‍വീസ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊല്ലം ഡിപ്പോയില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. how can we reduce private vehicles?

    1 - increase petrol charge.
    2 - increase car laxury tax/per year

    will that support by any one in kerala?

    ReplyDelete