Sunday, July 10, 2011

വിദ്യാര്‍ഥികളുടെ വീടുകളില്‍ പാതിരാത്രി പൊലീസ് അതിക്രമം

സ്വാശ്രയസമരത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പൊലീസ് അതിക്രമം. പാതിരാത്രി വീടുകളില്‍ അതിക്രമിച്ചു കയറിയ പുരുഷ പൊലീസുകാര്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കന്റോണ്‍മെന്റ് എസ്ഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ഭീഷണി മുഴക്കിയത്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ കൈയടക്കിയ പൊലീസ് കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നാണ് എസ്ഐയുടെ ഭീഷണി. നഗരത്തിലെ എസ്എഫ്ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ തെരഞ്ഞുപിടിച്ചാണ് പൊലീസ് സംഘത്തിന്റെ കൊലവിളി.

വെള്ളിയാഴ്ച രാത്രി വട്ടിയൂര്‍ക്കാവിലെ രണ്ട് എസ്എഫ്ഐ നേതാക്കളുടെ വീടുകളില്‍ പൊലീസ് സംഘം ഇരച്ചുകയറി. ആര്‍ട്സ് കോളേജ് യൂണിറ്റ് സെക്രട്ടറി ബി നിയാസിന്റെ വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം റോഡിലെ നിയാസ് മന്‍സിലിലും ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജ് യൂണിറ്റ് സെക്രട്ടറിയും പാളയം എരിയ കമ്മിറ്റി അംഗവുമായ പ്രഥിന്‍സാജ് കൃഷ്ണയുടെ നെട്ടയം മണികണ്ഠേശ്വരം ബിടി നഗറിലെ കാര്‍ത്തികയിലുമായിരുന്നു പൊലീസിന്റെ അതിക്രമം. ഇതു മൂന്നാം തവണയാണ് ഈ വീടുകളില്‍ പൊലീസ് അതിക്രമിച്ചു കടക്കുന്നത്. സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെയും അഭ്യര്‍ഥന മാനിച്ച് സ്വാശ്രയസമരം നിര്‍ത്തിവച്ചശേഷമാണ്, എസ്എഫ്ഐ നേതാക്കളുടെയും വിദ്യാര്‍ഥികളുടെയും വീടുകളില്‍ പൊലീസ് നായാട്ട് നടത്തുന്നത്.

പ്രതിപക്ഷ നേതാവുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന അതിക്രമത്തെ കുറിച്ച് താന്‍ നേരിട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. എന്നാല്‍ , നിരപരാധികളും നിരായുധരുമായ വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി നേതാക്കളെയും തല്ലിച്ചതയ്ക്കുന്നതിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ അസമയങ്ങളില്‍ വീടുകളില്‍ അതിക്രമത്തിന് മുന്നില്‍ നില്‍ക്കുന്നത്.

പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: എം വിജയകുമാര്‍

ജനാധിപത്യപരമായ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥി നേതാക്കളുടെയും വീടുകളില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തകരെ കീഴടക്കാന്‍ പോകുന്ന സൈന്യത്തെപ്പോലെയാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പൊലീസ് കടന്നുകയറുന്നത്. ഇത് അനുവദിക്കാനാകില്ല. പൊലീസ് അതിക്രമം നടന്ന വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച വിജയകുമാര്‍ പൊലീസിനെ അഴിച്ചുവിടുന്ന മുഖ്യമന്ത്രിയുടെ നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിക്രമം ആവര്‍ത്തിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വിജയകുമാര്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണം: കടകംപള്ളി

വിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥി നേതാക്കളുടെയും വീടുകളില കയറി അതിക്രമം കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനു നല്‍കിയ ഉറപ്പുപാലിക്കണം. സ്വാശ്രയസമരത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കാനും വീടുകളില്‍ അതിക്രമം കാട്ടാനുമുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. അതിക്രമം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 100711

1 comment:

  1. സ്വാശ്രയസമരത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പൊലീസ് അതിക്രമം. പാതിരാത്രി വീടുകളില്‍ അതിക്രമിച്ചു കയറിയ പുരുഷ പൊലീസുകാര്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കന്റോണ്‍മെന്റ് എസ്ഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി ഭീഷണി മുഴക്കിയത്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ കൈയടക്കിയ പൊലീസ് കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നാണ് എസ്ഐയുടെ ഭീഷണി. നഗരത്തിലെ എസ്എഫ്ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ തെരഞ്ഞുപിടിച്ചാണ് പൊലീസ് സംഘത്തിന്റെ കൊലവിളി.

    ReplyDelete