Monday, July 11, 2011

ഈജിപ്‌തില്‍ വീണ്ടും ജനകീയ പ്രക്ഷോഭം

കെയ്‌റോ: ഒരിടവേളയ്‌ക്കുശേഷം ഈജിപ്‌തില്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യഭരണം അവസാനിച്ചശേഷം നിലവില്‍ വന്ന സര്‍ക്കാര്‍ പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു പതിനായിരങ്ങള്‍ ഈജിപ്‌ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ റാലി നടത്തിയത്‌.

സര്‍ക്കാര്‍ അലംഭാവം തുടരുകയാണെങ്കില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോസ്‌നി മുബാറക്കിനെതിരെ തഹ്‌രീര്‍ സ്‌ക്വയറില്‍ പത്തുലക്ഷത്തിലേറെ ജനങ്ങളെ വീണ്ടും അണിനിരത്തുമെന്ന്‌ പ്രതിപക്ഷം സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിനെതിരെയുളള വിചാരണ നടപടികള്‍ വേഗത്തിലാക്കാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്‌. മുബാറക്കിനെതിരെയുളള പ്രക്ഷോഭത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല കോടിക്കണക്കിനു രൂപയുടെ അഴിമതിക്കേസുകളിലും മുബാറക്കും കുടുംബവും ഉള്‍പ്പെട്ടിരുന്നു. ഈ കേസുകളിലും വിചാരണാ നടപടികള്‍ മന്ദഗതിയിലാണ്‌.

17 പ്രക്ഷോഭകരെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക്‌ ഈയാഴ്‌ച ജാമ്യം നല്‍കിയ കോടതിയുടെ നടപടിയും പ്രക്ഷോഭകരില്‍ അതൃപ്‌തി ഉളവാക്കിയിട്ടുണ്ട്‌. മുന്‍പ്‌ നടന്ന പ്രക്ഷോഭങ്ങളിലേതിനു സമാനമായി രാത്രി പുലരുവോളം തഹ്‌രീര്‍ സ്‌ക്വയറില്‍ സമരക്കാര്‍ കൂടാരങ്ങള്‍ കെട്ടി കഴിച്ചുകൂട്ടി. പൊലീസുകാരെ ഒഴിവാക്കി ഗതാഗതനിയന്ത്രണവും സമരക്കാര്‍ തന്നെ ഏറ്റെടുത്തു. പാതയില്‍ നിലയുറപ്പിച്ചിരുന്ന പൊലീസുകാരും സൈന്യവും പ്രക്ഷോഭകരെ തടസ്സപ്പെടുത്താന്‍ തയ്യാറായില്ല. പ്രധാന പ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയമം എല്ലാപേര്‍ക്കും ഒരു പോലെയാണെന്നും ഇക്കാര്യത്തില്‍ പ്രായഭേദം പാടില്ലെന്നും മുബാറക്കിനെതിരായ വിചാരണ നീട്ടുന്നതിനെ പരാമര്‍ശിച്ച്‌ മുസ്‌ലിം ബ്രദര്‍ഹുഡ്‌ വക്‌താവ്‌ പറഞ്ഞു. കാന്‍സര്‍ രോഗബാധിതനായതിനാല്‍ വിചാരണയില്‍ നിന്നൊഴിവാക്കണമെന്ന മുബാറക്കിന്റെ അഭിഭാഷകന്റെ വാദം തളളിക്കളയണമെന്നും വക്‌താവ്‌ ആവശ്യപ്പെട്ടു. ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത ജനുവരി-ഫെബ്രുവരി മാസത്തെ 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തില്‍ ഒരു പൊലീസുകാരനെ മാത്രമാണ്‌ ഇതു വരെ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയതെന്ന കാര്യം ഏറെ വിചിത്രമാണെന്ന്‌ ബ്രദര്‍ഹുഡ്‌ വക്‌താവ്‌ പറഞ്ഞു.

എന്നാല്‍ തുടര്‍ച്ചയായ പ്രക്ഷോഭം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക്‌ നയിക്കുമെന്നും രാജ്യം പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുവരുന്ന വേളയില്‍ നിയമസംവിധാനങ്ങള്‍ അട്ടിമറിക്കാനുളള നീക്കത്തില്‍ നിന്നും പിന്‍തിരിയണമെന്നുമുളളവാദം പ്രതിപക്ഷത്തു നിന്നു തന്നെ ഉയര്‍ന്നു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

janayugom 090711

1 comment:

  1. ഒരിടവേളയ്‌ക്കുശേഷം ഈജിപ്‌തില്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റ്‌ ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യഭരണം അവസാനിച്ചശേഷം നിലവില്‍ വന്ന സര്‍ക്കാര്‍ പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു പതിനായിരങ്ങള്‍ ഈജിപ്‌ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ റാലി നടത്തിയത്‌.

    ReplyDelete