Monday, July 11, 2011

തലസ്ഥാന നഗരവികസനം അട്ടിമറിക്കുന്ന ബജറ്റ്: വി ശിവന്‍കുട്ടി

തലസ്ഥാന നഗരവികസനം അട്ടിമറിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 250 കോടിയുടെ തലസ്ഥാന റോഡ് വികസന പദ്ധതിയും 361 കോടി ചെലവഴിച്ച് നടപ്പാക്കേണ്ട ആറ്റുകാല്‍ വികസനപദ്ധതിയും ബജറ്റില്‍ അട്ടിമറിച്ചു. മൂന്ന് ഘട്ടമായി 361 കോടി ചെലവഴിച്ച് നടപ്പാക്കേണ്ട ആറ്റുകാല്‍ വികസനപദ്ധതിയെ ബജറ്റില്‍ പാടെ അവഗണിച്ചിരിക്കുകയാണ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ആരാധനയ്ക്കും പൊങ്കാലയിടാനുമായെത്തുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാനായി നിരവധി റോഡുകള്‍ , കുടിവെള്ളവിതരണം, പാര്‍ക്കിങ് സൗകര്യം, ബസ് സ്റ്റേഷനുകള്‍ , ഫയര്‍ സ്റ്റേഷന്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് ആറ്റുകാല്‍ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഈ പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 10 കോടി നീക്കിവച്ചിരുന്നു.

തലസ്ഥാന റോഡ് വികസനപദ്ധതിക്ക് 30 കോടി രൂപ മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ചെലവുകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയ 150 കോടിയല്ലാതെ ഒരു രൂപപോലും ബജറ്റില്‍ കൂടുതലായി കാണാനില്ല. തിരുവനന്തപുരം വിമാനത്താവളം, തലസ്ഥാന നഗര വികസനത്തിന്റെ രണ്ടാംഘട്ടം, തിരുവനന്തപുരം നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജനം, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം ആശുപത്രി, പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയുടെ തുടര്‍ വികസനം തുടങ്ങിയവയ്ക്ക് ബജറ്റില്‍ പണമൊനും നീക്കിവച്ചിട്ടില്ല.

പാര്‍വതീ പുത്തനാര്‍ ശുചീകരണത്തിനും ജി വി രാജ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പിനും ബജറ്റില്‍ സ്ഥാനമില്ല. കരമന-കളിയിക്കാവിള റോഡ് നാലുവരിപ്പാതയാക്കല്‍ , നേമം മണ്ഡലത്തിലെ പനത്തുറക്കരയിലെ പുലിമുട്ട് നിര്‍മാണം, തിരുമല-കുന്നപ്പുഴ റോഡ്, അമ്പലത്തറ-പൂന്തുറ റോഡ്, തിരുമല- മങ്കാട്ടുകടവ് റോഡ്, തൃക്കണ്ണാപുരം-പൂഴിക്കുന്ന് റോഡ്, കരമന-പള്ളത്ത് കടവ് പാലം, മേലോട് ബണ്ട്, കരമനയാറ്റിലെ സംരക്ഷണ ഭിത്തി നിര്‍മാണം, പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം നവീകരണം, ആശാഭവന്‍ നിര്‍മാണം തുടങ്ങിയവക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച തുക കെ എം മാണിയുടെ "പാലാ ബജറ്റി"ല്‍നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പണി പൂര്‍ത്തിയാക്കിയ കിള്ളിപ്പാലം-കരമന, കരമന-മലയിന്‍കീഴ്, മലയിന്‍കീഴ്-തിരുവല്ല, പുന്നക്കാമുഗള്‍ -മുടവന്‍മുഗള്‍ , തിരുമല-തൃക്കണ്ണാപുരം എന്നീ പാലങ്ങള്‍ ബജറ്റില്‍ വീണ്ടും പ്രഖ്യാപിച്ച് ധനമന്ത്രി പരിഹാസ്യനായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

deshabhimani 110711

1 comment:

  1. തലസ്ഥാന നഗരവികസനം അട്ടിമറിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 250 കോടിയുടെ തലസ്ഥാന റോഡ് വികസന പദ്ധതിയും 361 കോടി ചെലവഴിച്ച് നടപ്പാക്കേണ്ട ആറ്റുകാല്‍ വികസനപദ്ധതിയും ബജറ്റില്‍ അട്ടിമറിച്ചു. മൂന്ന് ഘട്ടമായി 361 കോടി ചെലവഴിച്ച് നടപ്പാക്കേണ്ട ആറ്റുകാല്‍ വികസനപദ്ധതിയെ ബജറ്റില്‍ പാടെ അവഗണിച്ചിരിക്കുകയാണ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ആരാധനയ്ക്കും പൊങ്കാലയിടാനുമായെത്തുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാനായി നിരവധി റോഡുകള്‍ , കുടിവെള്ളവിതരണം, പാര്‍ക്കിങ് സൗകര്യം, ബസ് സ്റ്റേഷനുകള്‍ , ഫയര്‍ സ്റ്റേഷന്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് ആറ്റുകാല്‍ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഈ പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 10 കോടി നീക്കിവച്ചിരുന്നു.

    ReplyDelete