Wednesday, November 16, 2011

പാര്‍ടി കോണ്‍ഗ്രസിന് 5001 അംഗ സ്വാഗതസംഘം

സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് ചരിത്രസംഭവമാക്കുമെന്ന പ്രഖ്യാപനത്തോടെ കോഴിക്കോട്ട് സ്വാഗതസംഘം രൂപീകരിച്ചു. ടാഗോര്‍ ഹാളും ഗ്രൗണ്ടും നിറഞ്ഞ് പുറത്തെ റോഡിലേക്കൊഴുകിയ ജനക്കൂട്ടത്തിന്റെ ആഹ്ലാദാന്തരീക്ഷത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

5001 അംഗങ്ങളടങ്ങിയതാണ് സ്വാഗതസംഘം. ജ്ഞാനപീഠം ജേതാവ് ഒഎന്‍വി കുറുപ്പ്, ഡോ. പി കെ വാര്യര്‍ എന്നിവരാണ് രക്ഷാധികാരികള്‍ . പിണറായി വിജയനാണ് ചെയര്‍മാന്‍ . ടി പി രാമകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയും എളമരം കരീം ട്രഷററുമാണ്. വി എസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി 251 അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിന് മുന്നോടിയായതടക്കം ഒട്ടേറെ ചരിത്രപ്രസിദ്ധമായ യോഗങ്ങള്‍ക്ക് തുടക്കം കുറിച്ച നാടാണ് കോഴിക്കോട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായ കൃഷ്ണപിള്ള, ഇ എം എസ്, എസ് വി ഘാട്ടേ, എന്‍ സി ശേഖര്‍ എന്നിവര്‍ രഹസ്യയോഗം സംഘടിപ്പിച്ചതും കോഴിക്കോട്ടാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ആവേശകരമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ചരിത്രത്തില്‍ ഇടം നേടിയതും ഈ മണ്ണു തന്നെ. പാര്‍ടി കോണ്‍ഗ്രസോടെ കോഴിക്കോട് വീണ്ടും ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാവും.

പ്രത്യയശാസ്ത്ര രേഖ ചര്‍ച്ച ചെയ്യുന്ന കോണ്‍ഗ്രസ് എന്ന നിലയില്‍ കോഴിക്കോടിന്റെ പേരില്‍ ഈ പാര്‍ടിസമ്മേളനം ചരിത്രത്തില്‍ ഇടം നേടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി സ്വാഗതസംഘം ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളെക്കുറിച്ച് എളമരം കരീം വിശദീകരിച്ചു. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി സതീദേവി നന്ദിയും പറഞ്ഞു.

deshabhimani 161111

1 comment:

  1. സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് ചരിത്രസംഭവമാക്കുമെന്ന പ്രഖ്യാപനത്തോടെ കോഴിക്കോട്ട് സ്വാഗതസംഘം രൂപീകരിച്ചു. ടാഗോര്‍ ഹാളും ഗ്രൗണ്ടും നിറഞ്ഞ് പുറത്തെ റോഡിലേക്കൊഴുകിയ ജനക്കൂട്ടത്തിന്റെ ആഹ്ലാദാന്തരീക്ഷത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

    ReplyDelete