Wednesday, November 16, 2011
ജയരാജന്‍ ജയില്‍ മോചിതനായി
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. ബുധനാഴ്ച വൈകിട്ട് 4.15 നാണ് ജാമ്യത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം പൂജപ്പുര ജയിലിനു പുറത്തിറങ്ങിയത്. മൂന്ന് മണിയോടെയാണ് ഹൈക്കോടതി ഉത്തരവുമായെത്തിയ വാഹനം പൂജപ്പുരയിലെത്തിയത്. ജയരാജനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് ആയിരങ്ങള്‍ അണിചേര്‍ന്നിരുന്നു. ജയിലിന് വാതിലിനു പുറത്ത് കടന്ന അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതിയും വൈക്കം വിശ്വനും ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. ജയില്‍ മോചനത്തിന് ശേഷം പുത്തരിക്കണ്ടം ജയരാജന് സ്വീകരണമുണ്ട്. സ്വീകരണ പൊതുയോഗത്തില്‍ സിപിഐഎമ്മിന്റെ പ്രമുഖനേതാക്കള്‍ സംസാരിക്കും.
ജയരാജന് സ്വാഭാവികനീതി നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധിയെ സുപ്രീംകോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബുധനാഴ്ച രാവിലെ തന്നെ സുപ്രീം കോടതിയുശട ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കി ഹൈക്കോടതിയില്‍ പിഴയൊടുക്കിയിരുന്നു.
ജയരാജനെ ജാമ്യത്തില്‍ വിട്ട ഉത്തരവുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ വാഹനം അപകടത്തില്‍ പെട്ടു. കരുനാഗപ്പള്ളിയ്ക്കടുത്ത് വാഹനം സ്കൂട്ടറിലിടിച്ചു. സ്കൂട്ടര്‍ യാത്രക്കാരന് നിസാരപരിക്കേറ്റു. പരിക്കേറ്റയാളെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡ്രൈവര്‍ അജയന്(40) ബോധം നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് വാഹനത്തിലിടിക്കുകയായിരുന്നു. അജയനെ ആശുപത്രയില്‍ പ്രവേശിപ്പിച്ച ശേഷം മറ്റൊരു കാറിലാണ് ഉത്തരവുമായി പോയത്.
ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരും വിമര്‍ശവിധേയരാണെന്നും നീതിതേടിയുള്ള പോരാട്ടത്തില്‍ പൗരന്റെ അവസാന അഭയകേന്ദ്രം ജുഡീഷ്വറിയാണെന്നും സ്വീകരണയോഗത്തില്‍ ജയരാജന്‍ പറഞ്ഞു. ലോകത്താകെ തെരുവുകളില്‍ ജനകീയ പോരാട്ടം ശക്തിപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ അണ്ണാ ഹസാരെമാര്‍ക്ക് തെരുവില്‍ പ്രതിഷേധിക്കാന്‍ അവസരമുള്ളപ്പോള്‍ ഗാന്ധി ശിഷ്യന്‍മാര്‍ ഭരിക്കുന്ന കേരളത്തില്‍ പാതയോരത്ത് പ്രതിഷേധിക്കാന്‍ അവസരമില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് ആര്‍ജവമുണ്ടെങ്കില്‍ പാതയോരയോഗം നിരോധിച്ച കോടതിനടപടിക്കെതിരെ നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കണം. ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഒളിച്ചുകളിക്കും പ്രഹരം
നീതിന്യായവ്യവസ്ഥയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാതയോരയോഗങ്ങള്‍ നിരോധിച്ച കാര്യത്തില്‍ ഒളിച്ചുകളിക്കുന്ന യുഡിഎഫ് സര്‍ക്കാരിനും പ്രഹരമായി. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി കക്ഷിചേര്‍ത്തതോടെ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും നിലപാട് വ്യക്തമാക്കാന്‍ നിര്‍ബന്ധിതരാകുന്നു. പാതയോരയോഗങ്ങള്‍ തടഞ്ഞതിനെതിരെ എല്‍ഡിഎഫ് ഭരണത്തില്‍ നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ച യുഡിഎഫ് ഇപ്പോള്‍ കോടതിക്കൊപ്പമാണ്. പൗരാവകാശങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് വാശിയോടെ നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രി ടി എം ജേക്കബ്ബിന് ആദരാഞ്ജലിയര്‍പ്പിച്ച് യോഗം സംഘടിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തു.
ജയരാജനെ ശിക്ഷിച്ച് ഉടനടി ജയിലിലടച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നിയമവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് വാചാലരായി. നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും അവരെ തുണയ്ക്കുന്ന മാധ്യമങ്ങളും ഉപദേശിച്ചു. എന്നാല്‍ , ജയരാജന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടു എന്നാണ് യുഡിഎഫ് നേതൃത്വം ഒഴികെ സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികളും നിയമജ്ഞരും ഒരേസ്വരത്തില്‍ പറഞ്ഞത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നിഷേധം ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് സിപിഐ എം ചൂണ്ടിക്കാണിച്ചപ്പോള്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നതായി ഉമ്മന്‍ചാണ്ടിയും യുഡിഎഫും ചില മാധ്യമങ്ങളും ആക്ഷേപിച്ചു. തിങ്കളാഴ്ച ഹൈക്കോടതിക്കുസമീപം അലയടിച്ച നിശ്ശബ്ദപ്രതിഷേധം കോടതിയോടുള്ള വെല്ലുവിളിയായാണ് യുഡിഎഫ് നേതാക്കള്‍ വിശേഷിപ്പിച്ചത്. ജയരാജന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടതായി ഏറ്റവുമൊടുവില്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിരിക്കുന്നു. ഹൈക്കോടതി ഉത്തരവിലെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിച്ചവര്‍ക്ക് ഇനിയെന്തുപറയാനാകും.
മൗലികാവകാശവും നിയമം ഉറപ്പുതരുന്ന പരിരക്ഷയും നിഷേധിച്ചതിലുള്ള എതിര്‍പ്പിനെ അനുകൂല വിധികളില്‍ ആഹ്ളാദിക്കുകയും പ്രതികൂല വിധിയുണ്ടാകുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നു എന്നാരോപിച്ച് ചുരുക്കിക്കാട്ടാനാണ് യുഡിഎഫ് നേതാക്കള്‍ മുതിരുന്നത്. ജയരാജനെ ശിക്ഷിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരു പഠനവും നടത്താതെ പ്രതികരിച്ചു. പക്ഷേ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിധി പഠിക്കണമെന്നായി.
നിയമവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്ന വിധിന്യായങ്ങള്‍ നീതിപീഠങ്ങള്‍ തന്നെ തിരുത്തുന്നത് ആദ്യമല്ല. ജയരാജനെ ശിക്ഷിച്ച ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് വി രാംകുമാറിന്റെ വിവാദമായ പല പരാമര്‍ശങ്ങളും നേരത്തെ റദ്ദാക്കപ്പെട്ടിരുന്നു. ഫസല്‍ വധക്കേസ് സിബിഐക്കു വിട്ട് 2008 മാര്‍ച്ച് 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പ് നീക്കിയിരുന്നു. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഗവര്‍ണര്‍ ഇതിനായി നടപടിയെടുക്കണമെന്നുമായിരുന്നു പരാമര്‍ശം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ ഇത് വന്‍ ആഘോഷമാക്കി. 2009 മാര്‍ച്ച് 24ന് അടുത്ത വിവാദപരാമര്‍ശം ഇദ്ദേഹം നടത്തി. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു, സ്ത്രീകള്‍ക്ക് തെരുവിലിറങ്ങി നടക്കാന്‍ ഭയം, ആഭ്യന്തരമന്ത്രിയുടെ മണ്ഡലം ക്രിമിനലുകളെ സംഭാവനചെയ്യുന്ന കേന്ദ്രമായി മാറി, പൊലീസ് ഭീതിദവും പൈശാചികവുമായ സേനയായി എന്നിങ്ങനെ പോയി നിരീക്ഷണങ്ങള്‍ . റഹിം പൂക്കടശ്ശേരി വധശ്രമക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ച ഉത്തരവിലായിരുന്നു ഇത്. ഈ നിരീക്ഷണങ്ങള്‍ 2010 ജൂലൈ 12ന് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ ഈ പരാമര്‍ശവും സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍ക്ക് കൊയ്ത്തായിരുന്നു.
ഹൈക്കോടതി വക്കീലിനെ നിയോഗിച്ചത് അത്ഭുതപ്പെടുത്തി: കേളുനമ്പ്യാര്‍
കൊച്ചി: എം വി ജയരാജന്‍കേസില്‍ സുപ്രീംകോടതിയില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. കോടതിയലക്ഷ്യ കേസിന്റെ അപ്പീലില്‍ ഹൈക്കോടതി സുപ്രീം കോടതിയില്‍ അഭിഭാഷകനെ നിയമിച്ച് കവിയറ്റ് ഫയല്‍ചെയ്തതും സ്റ്റേ ഹര്‍ജിയെ എതിര്‍ക്കാനായി മുതിര്‍ന്ന അഭിഭാഷകനെ നിയമിച്ചതും എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ നടപടി സാധാരണ വ്യവഹാരി കൈക്കൊള്ളുന്നതാണ്. ഒരുകാലത്തും ഇങ്ങനെയൊരു ആവേശം കോടതി കാണിക്കാന്‍ പാടില്ലായിരുന്നു. ജയരാജന്‍ ഫയല്‍ചെയ്തത് നിയമപ്രകാരമുള്ള അപ്പീലാണ്. അത് സുപ്രീം കോടതിയില്‍ വന്നത് അഡ്മിഷന്‍ പ്രാരംഭവാദത്തിനാണ്. ഈ സന്ദര്‍ഭത്തില്‍ സാധാരണ എതിര്‍കക്ഷികള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഹൈക്കോടതി പ്രവര്‍ത്തിച്ചത് വിസ്മയിപ്പിക്കുന്നതാണ്.
1956 നവംബറില്‍ ഹൈക്കോടതി നിലവില്‍വന്ന അന്നുമുതല്‍ പ്രാക്ടീസ്ചെയ്യുന്ന ആളാണ് താന്‍ . 92 മുതല്‍ സീനിയര്‍ അഭിഭാഷകനുമാണ്. ഇത്രയുംകാലത്തെ സേവനത്തിനിടയില്‍ ഇതുപോലെയുള്ള ഒരു കാര്യത്തിന് സാക്ഷ്യംവഹിച്ചിട്ടില്ല. ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിപരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മയെ വിധിന്യായം സ്റ്റേചെയ്യാതിരിക്കാന്‍ പെരുപ്പിച്ചുകാണിച്ചെങ്കില്‍ അതും കഷ്ടമായി. മാധ്യമങ്ങളെല്ലാം പറയുന്നത് ആ കൂട്ടായ്മ സമാധാനപരമായ മൗനപ്രതിഷേധമായിരുന്നു എന്നാണ്. സുപ്രീം കോടതിയുടെ മുന്നിലുണ്ടായിരുന്ന വിഷയം ഹൈക്കോടതിയുടെ വിധിന്യായം പ്രഥമദൃഷ്ട്യാ ശരിയോ തെറ്റോ എന്നു മാത്രമാണ്. അതു പരിശോധിക്കുമ്പോള്‍ വിധിന്യായം മാത്രമേ കണക്കിലെടുക്കേണ്ട കാര്യമുള്ളു. അപ്പീലില്‍ പ്രഥമദൃഷ്ട്യാ പരിഗണിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് കണ്ടതുകൊണ്ടാണ് വിധി താല്‍ക്കാലികമായി സ്റ്റേചെയ്തത്. ഈ കാര്യവും ജനങ്ങളുടെ പ്രക്ഷോഭവുംതമ്മില്‍ ഒരു ബന്ധവുമില്ല. കോടതിയലക്ഷ്യനിയമം കാലോചിതമല്ലെന്നും റദ്ദാക്കേണ്ടകാലം അതിക്രമിച്ചെന്നും കേളുനമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.
ജനവിശ്വാസം ശക്തിപ്പെടുത്തും: ലോയേഴ്സ് യൂണിയന്‍
കോഴിക്കോട്: എം വി ജയരാജന്‍ കേസില്‍ സുപ്രീംകോടതിയുടെ തീരുമാനവും പരാമര്‍ശങ്ങളും സ്വാഗതാര്‍ഹമാണെന്ന് ലോയേഴ്സ് യൂണിയന്‍ . ഹൈക്കോടതിവിധി ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ ഇളക്കം തട്ടിച്ചിരുന്നു. കോടതി പാലിക്കേണ്ട മിതത്വവും പക്വതയും പാലിച്ചില്ലെന്നും പ്രതികാരബുദ്ധിയോടെ ജയരാജന്‍കേസ് കൈകാര്യംചെയ്തു എന്നുമുള്ള ധാരണ ജനങ്ങളില്‍ പരന്നു. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിമാര്‍തന്നെ മുന്‍കൈയെടുത്തു എന്നതില്‍ അഭിഭാഷക സമൂഹത്തിന് ആശങ്കയുണ്ട്. സുപ്രീംകോടതിയില്‍ ഹൈക്കോടതിക്കുവേണ്ടി കേസിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ അഭിഭാഷകനെ ഏര്‍പ്പാടുചെയ്തത് അമിതാവേശമായി. സുപ്രീംകോടതി വിധി ജുഡീഷ്യറിയിലുള്ള ജനവിശ്വാസം ശക്തിപ്പെടുത്തുന്നതും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന് യൂണിയന്‍ സംസ്ഥാനസെക്രട്ടറി ഇ കെ നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍ ജയില്‍ മോചിതനായി. ബുധനാഴ്ച വൈകിട്ട് 4.15 നാണ് ജാമ്യത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം പൂജപ്പുര ജയിലിനു പുറത്തിറങ്ങിയത്. മൂന്ന് മണിയോടെയാണ് ഹൈക്കോടതി ഉത്തരവുമായെത്തിയ വാഹനം പൂജപ്പുരയിലെത്തിയത്. ജയരാജനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് ആയിരങ്ങള്‍ അണിചേര്‍ന്നിരുന്നു. ജയിലിന് വാതിലിനു പുറത്ത് കടന്ന അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതിയും വൈക്കം വിശ്വനും ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. ജയില്‍ മോചനത്തിന് ശേഷം പുത്തരിക്കണ്ടം ജയരാജന് സ്വീകരണമുണ്ട്. സ്വീകരണ പൊതുയോഗത്തില്‍ സിപിഐഎമ്മിന്റെ പ്രമുഖനേതാക്കള്‍ സംസാരിക്കും.
ReplyDelete