Thursday, November 17, 2011

അപേക്ഷാദിനത്തില്‍ റേഷന്‍കാര്‍ഡ്: ഭക്ഷ്യധാന്യം കരിഞ്ചന്തയിലേക്ക്

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍അപേക്ഷിക്കുന്ന ദിവസംതന്നെ റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ മറവില്‍ റേഷന്‍ ഭക്ഷ്യധാന്യം കരിഞ്ചന്തയിലേക്കൊഴുകുന്നു. പുതിയ കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ സപ്ലൈ ഓഫീസിലെ രജിസ്റ്ററില്‍ തിരുത്തലുകള്‍ നടത്താത്തതിനാല്‍ കാര്‍ഡുകള്‍ ഇരട്ടിക്കുന്നതാണ് കാരണം. പല റേഷന്‍കടകളിലായി ഒരേ പേരുകാര്‍ക്കും കാര്‍ഡിനും അനുവദിക്കുന്ന ഭക്ഷ്യധാന്യമാണ് കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് മറിയുന്നത്. സാധാരണനിലയില്‍ പുതിയ റേഷന്‍കാര്‍ഡ് നല്‍കാന്‍ കുറഞ്ഞത് ഒരാഴ്ച വേണം. ഓഫീസ് നടപടിക്കാണിത്. നൂറുദിന പരിപാടി പ്രഖ്യാപിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ നടപടി പൂര്‍ത്തീകരിച്ചു നല്‍കിയത് കാലതാമസമുണ്ടാക്കി. എന്നാല്‍ , സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ എങ്ങനെയും കാര്‍ഡുകള്‍ നല്‍കി എണ്ണമൊപ്പിക്കാനായി സപ്ലൈ ഓഫീസുകളുടെ ശ്രമം. പരമാവധി നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്തെ 70 സപ്ലൈ ഓഫീസുകളില്‍ പകുതിയിലേറെ എണ്ണത്തിലും പ്രതിദിനം ശരാശരി 400-500 പേര്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുന്നുണ്ട്. പരമാവധിപേര്‍ക്ക് നല്‍കിയശേഷം ബാക്കിയുള്ളവ അന്വേഷണത്തിനെന്നപേരില്‍ മാറ്റിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

പുതിയ കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ സപ്ലൈ ഓഫീസിലെ രജിസ്റ്ററില്‍ അവശ്യം വരുത്തേണ്ട തിരുത്തലും കൂട്ടിച്ചേര്‍ക്കലുമുണ്ട്. ഒരു സ്ഥലത്തു റദ്ദാക്കി മറ്റൊരിടത്തേക്കു മാറ്റല്‍ , പഴയ കാര്‍ഡില്‍നിന്നു വെട്ടി പുതിയ കാര്‍ഡില്‍ പേരുചേര്‍ക്കല്‍ , പുതിയ പേരുചേര്‍ക്കല്‍ , വരുമാനം മാറ്റല്‍ എന്നിവയാണ് പ്രധാനം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡില്‍ ഭക്ഷ്യധാന്യം അനുവദിക്കുന്നത്. ഈ വിവരങ്ങളെല്ലാം രജിസ്റ്ററില്‍ യഥാസമയം ചേര്‍ക്കാത്തതാണ് ഇപ്പോഴത്തെ കുഴപ്പം. കംപ്യൂട്ടറിലെ വിവരങ്ങള്‍പ്രകാരമാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. രണ്ടുവര്‍ഷംമുമ്പ് കാര്‍ഡ് വിതരണംചെയ്തശേഷം രജിസ്റ്ററിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ചേര്‍ത്തിട്ടില്ല. അതിനാല്‍ കാര്‍ഡ് കൊടുക്കുംമുമ്പ് സപ്ലൈ ഓഫീസറോ, റേഷനിങ് ഇന്‍സ്പെക്ടറോ രജിസ്റ്ററിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ഒത്തുനോക്കി അധികാരപ്പെടുത്തണമെന്നാണ്. സമയക്കുറവിന്റെപേരില്‍ ഇത് നടപ്പാകുന്നില്ല. എന്നാല്‍ , റേഷന്‍കടയുടമകള്‍ തങ്ങളുടെ രജിസ്റ്ററില്‍ പുതിയ കാര്‍ഡുകള്‍ വരുന്നതു ചേര്‍ത്ത് സപ്ലൈ ഓഫീസറെ ക്കൊണ്ട് ഭക്ഷ്യധാന്യം അനുവദിപ്പിക്കുന്നു. അതുപ്രകാരം സ്റ്റോക്കും വാങ്ങും. അതേസമയം, കാര്‍ഡും പേരും കുറവുവരുന്നിടത്തെ വിവരങ്ങള്‍ ഇരു രജിസ്റ്ററിലും വെട്ടിമാറ്റാതെ കിടക്കുന്നതിനാല്‍ ആ റേഷന്‍കടയിലും പഴയപടി ഭക്ഷ്യധാന്യം എത്തിക്കൊണ്ടിരിക്കും.

മൂന്നുമാസം കൂടുമ്പോള്‍ റേഷന്‍കടയിലെയും സപ്ലൈ ഓഫീസിലെയും രജിസ്റ്ററുകള്‍ ഒത്തുനോക്കി വിവരങ്ങള്‍ കുറ്റമറ്റതാക്കാറുണ്ട്. അതും ഇപ്പോള്‍ നടക്കുന്നില്ല. സപ്ലൈ ഓഫീസുകളും റേഷന്‍കടയുടമകളും പരസ്പര ധാരണയോടെയാണ് ക്രമക്കേട് നടത്തുന്നതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റേഷന്‍കടയുടമകളുടെ യൂണിയനുകളിലൊന്ന് ഭക്ഷ്യവകുപ്പ് കൈകാര്യംചെയ്തിരുന്ന യുഡിഎഫ് ഘടകകക്ഷിയുടേതാണ്. കാര്‍ഡുകളുടെയും പേരുകളുടെയും ഇരട്ടിപ്പ് പുറമെനിന്നു കണ്ടെത്തല്‍ എളുപ്പമല്ല. എന്നാല്‍ , റേഷന്‍കടകളിലെയും സപ്ലൈ ഓഫീസിലെയും രജിസ്റ്ററുകള്‍ ഒത്തുനോക്കിയാല്‍ വെട്ടിപ്പ് വെളിപ്പെടും. ഇതിന് വിജിലന്‍സ് അന്വേഷണമല്ലാതെ വഴിയില്ല.

deshabhimani 171111

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍അപേക്ഷിക്കുന്ന ദിവസംതന്നെ റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ മറവില്‍ റേഷന്‍ ഭക്ഷ്യധാന്യം കരിഞ്ചന്തയിലേക്കൊഴുകുന്നു. പുതിയ കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ സപ്ലൈ ഓഫീസിലെ രജിസ്റ്ററില്‍ തിരുത്തലുകള്‍ നടത്താത്തതിനാല്‍ കാര്‍ഡുകള്‍ ഇരട്ടിക്കുന്നതാണ് കാരണം. പല റേഷന്‍കടകളിലായി ഒരേ പേരുകാര്‍ക്കും കാര്‍ഡിനും അനുവദിക്കുന്ന ഭക്ഷ്യധാന്യമാണ് കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് മറിയുന്നത്.

    ReplyDelete