Thursday, November 17, 2011

സുക്കോട്ടി പാര്‍ക്കില്‍ പ്രക്ഷോഭം തുടരാമെന്ന് യുഎസ് കോടതി

അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നാനുകൂല നയങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കുമെതിരായ പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിന് കോടതിയില്‍നിന്ന് തിരിച്ചടി. പൊലീസ് ഒഴിപ്പിച്ച സുക്കോട്ടി പാര്‍ക്കിലേക്ക് പ്രക്ഷോഭകരെ തിരികെ പ്രവേശിപ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതി ജഡ്ജി മൈക്കല്‍ സ്റ്റാള്‍മാന്‍ നിര്‍ദേശം നല്‍കി. സംഘടിക്കുന്നതിനുള്ള വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ നിഷേധമാകുമെന്ന് കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ , പാര്‍ക്കില്‍ തമ്പുകള്‍ കെട്ടരുതെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ വിധി പുറത്തുവന്നതിനു പിന്നാലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ സുക്കോട്ടി പാര്‍ക്കിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തി. വൈകിട്ടോടെ പാര്‍ക്ക് പൊലീസ് തുറന്നുകൊടുത്തു. ഏകദേശം 1200 പ്രക്ഷോഭകര്‍ സമാധാനപരമായി പാര്‍ക്കിലേക്ക് പുനഃപ്രവേശിച്ചു. 24 മണിക്കൂറും പാര്‍ക്കില്‍ തങ്ങാന്‍ പ്രക്ഷോഭകരെ അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ , തമ്പുകെട്ടാന്‍ അനുവദിക്കാത്തത് കൊടുംതണുപ്പില്‍ പ്രക്ഷോഭകര്‍ക്ക് വെല്ലുവിളിയാകും.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ബലപ്രയോഗത്തിലൂടെ പ്രക്ഷോഭകരെ പൊലീസ് ഒഴിപ്പിച്ചത്. 200 പേരെ അറസ്റ്റുചെയ്തെന്ന് പൊലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലും ഒറിഗണിലെ പോര്‍ട്ലന്‍ഡിലും ഇതിനുമുമ്പ് പ്രക്ഷോഭകരെ ഒഴിപ്പിച്ചിരുന്നു. പ്രക്ഷോഭം രണ്ടുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വന്‍ ഘോഷയാത്രയ്ക്ക് പ്രക്ഷോഭകര്‍ പദ്ധതിയിട്ടിരിക്കുകയാണ്. അതേസമയം, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിയാറ്റലില്‍ നടന്ന മാര്‍ച്ചിനെ പൊലീസ് ആക്രമിച്ചു. കുരുമുളക്പൊടി പ്രയോഗത്തില്‍ ഗര്‍ഭിണിയും എണ്‍പത്തിനാലുകാരിയുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലാ ക്യാമ്പസിലേക്ക് നൂറുകണക്കിനു പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തി.

deshabhimani 171111

1 comment:

  1. അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്പന്നാനുകൂല നയങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കുമെതിരായ പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിന് കോടതിയില്‍നിന്ന് തിരിച്ചടി. പൊലീസ് ഒഴിപ്പിച്ച സുക്കോട്ടി പാര്‍ക്കിലേക്ക് പ്രക്ഷോഭകരെ തിരികെ പ്രവേശിപ്പിക്കാന്‍ ന്യൂയോര്‍ക്ക് കോടതി ജഡ്ജി മൈക്കല്‍ സ്റ്റാള്‍മാന്‍ നിര്‍ദേശം നല്‍കി.

    ReplyDelete