Monday, November 7, 2011

ബംഗളൂരുവിലും നേഴ്സുമാര്‍ പ്രക്ഷോഭത്തിന്

തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ശമ്പള വര്‍ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലും നേഴ്സുമാര്‍ പ്രക്ഷോഭരംഗത്തേക്ക്. നിര്‍ബന്ധിത ബോണ്ട് സമ്പ്രദായവും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കലും വ്യാപകമായതോടെയാണ് ഇന്ത്യന്‍ നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ അടക്കമുള്ള നേഴ്സുമാര്‍ സമരത്തിനിറങ്ങുന്നത്. ആദ്യഘട്ടമായി തിങ്കളാഴ്ച ബൊമ്മസാന്ദ്ര നാരായണ ഹൃദയാലയക്ക് സമീപത്തെ പാര്‍ക്കിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും.

ബംഗളൂരു നഗരത്തില്‍ മാത്രം പതിനയ്യായിരത്തിലേറെ മലയാളി നേഴ്സുമാര്‍ ജോലി ചെയ്യുന്നു. നാലായിരത്തിനും ആറായിരത്തിനും ഇടയിലാണ് ശമ്പളം. ഭക്ഷണം, താമസം എന്നിവയുടെ തുക തട്ടിക്കിഴിച്ചുള്ള പണമാണ് നല്‍കുന്നത്. കടുത്ത പീഡനമാണ് പലയിടത്തും നേഴ്സുമാര്‍ക്ക് നേരിടേണ്ടിവരുന്നത്. മാനേജ്മെന്റിന്റെ അപ്രീതിക്ക് പാത്രമാകുമെന്ന പേടി കാരണം ആരും പുറത്തുപറയാറില്ല. അര്‍ബുദബാധിതനായ അച്ഛനെ പരിചരിക്കാന്‍ 22 ദിവസം അവധിയെടുത്ത മൂവാറ്റുപുഴ സ്വദേശിനിയെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കോറമംഗലയിലെ പ്രമുഖ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കാന്‍ 70,000 രൂപ അടയ്ക്കണമെന്നായിരുന്നു ആവശ്യം. പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി. മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും നേഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കൂട്ടത്തോടെ രംഗത്തെത്തിയത് വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

deshabhimani 071111

1 comment:

  1. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ശമ്പള വര്‍ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലും നേഴ്സുമാര്‍ പ്രക്ഷോഭരംഗത്തേക്ക്. നിര്‍ബന്ധിത ബോണ്ട് സമ്പ്രദായവും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കലും വ്യാപകമായതോടെയാണ് ഇന്ത്യന്‍ നേഴ്സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ അടക്കമുള്ള നേഴ്സുമാര്‍ സമരത്തിനിറങ്ങുന്നത്. ആദ്യഘട്ടമായി തിങ്കളാഴ്ച ബൊമ്മസാന്ദ്ര നാരായണ ഹൃദയാലയക്ക് സമീപത്തെ പാര്‍ക്കിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും

    ReplyDelete