Monday, November 7, 2011

മന്ത്രി ആര്യാടന്റെ ഇടപെടല്‍ : മുണ്ടേരി ഫാമില്‍ നിയമനം അട്ടിമറിച്ചു

എടക്കര: വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലിനെ തുടര്‍ന്ന് മുണ്ടേരി ഫാമില്‍ തൊഴിലാളിനിയമനം അട്ടിമറിച്ചു. തനിക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആര്യാടന്‍ കൃഷിമന്ത്രി കെ പി മോഹനന് അയച്ച കത്ത് പുറത്തായി. ഫാമിന് സമീപമുള്ള രണ്ട് ആദിവാസി കോളനികളെ മാറ്റിനിര്‍ത്തി മറ്റ് നാല് ആദിവാസി കോളനിയിലുള്ള കുടുംബങ്ങളില്‍നിന്ന് ഓരോരുത്തരെ നിയമിക്കാനാണ് ആര്യാടന്‍ മുഹമ്മദ് കത്തില്‍ നിര്‍ദേശിച്ചത്. മുണ്ടേരി ഫാമിന്റെ പ്രവര്‍ത്തനം തകര്‍ക്കുകകൂടിയാണ് ആര്യാടന്റെ ലക്ഷ്യമെന്ന ആക്ഷേപവും ശക്തം.

2011 ആഗസ്ത് 22നാണ് വൈദ്യുതിമന്ത്രി സ്വന്തം ലെറ്റര്‍പാടില്‍ നിയമനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച അന്നുതന്നെ ഇതേ കത്തില്‍ കെ പി മോഹനന്‍ നിയമനം നിര്‍ത്തിവച്ച് ഉത്തരവിറക്കി. ആര്യാടന്‍ മുഹമ്മദിന്റെ കത്തിന്‍മേല്‍ അന്വേഷണംപോലും നടന്നിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.

മുണ്ടേരി ഫാമില്‍ 21 സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെ 188 പേരുടെ ഒഴിവാണുള്ളത്. ഇത് നികത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. നടപടിക്രമം ആരംഭിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവ് ഇറക്കിയെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നിയമനം നീണ്ടു. മലപ്പുറം, കണ്ണൂര്‍ , കോഴിക്കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 1817 പേരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തയ്യാറാക്കി. അഭിമുഖം നടത്തി 188 പേരെ നിയമിക്കാന്‍ നടപടി പുരോഗമിക്കവെയാണ് നിയമനനീക്കം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഉത്തരവ് വന്നത്. 1979ല്‍ ആരംഭിച്ച മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നായി 350 തൊഴിലാളികളെ നിയമിച്ചത്. പിന്നീടിതേവരെ നിയമനം നടന്നിട്ടില്ല. ആദിവാസികളെ നിയമിക്കുന്നതിന് മറ്റ് ഉദ്യോഗാര്‍ഥികള്‍ ചോദ്യംചെയ്യുന്നില്ല. പരമാവധി 30 തൊഴിലാളികളെയാണ് ഇത്തരത്തില്‍ നിയമിക്കാനാകുന്നത്. ഇതിന്റെ മറവില്‍ ബാക്കി നിയമനംകൂടി തടയാനാണ് ലക്ഷ്യമിടുന്നത്. നിയമനം തടയാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍ .

deshabhimani 071111

1 comment:

  1. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലിനെ തുടര്‍ന്ന് മുണ്ടേരി ഫാമില്‍ തൊഴിലാളിനിയമനം അട്ടിമറിച്ചു. തനിക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആര്യാടന്‍ കൃഷിമന്ത്രി കെ പി മോഹനന് അയച്ച കത്ത് പുറത്തായി. ഫാമിന് സമീപമുള്ള രണ്ട് ആദിവാസി കോളനികളെ മാറ്റിനിര്‍ത്തി മറ്റ് നാല് ആദിവാസി കോളനിയിലുള്ള കുടുംബങ്ങളില്‍നിന്ന് ഓരോരുത്തരെ നിയമിക്കാനാണ് ആര്യാടന്‍ മുഹമ്മദ് കത്തില്‍ നിര്‍ദേശിച്ചത്. മുണ്ടേരി ഫാമിന്റെ പ്രവര്‍ത്തനം തകര്‍ക്കുകകൂടിയാണ് ആര്യാടന്റെ ലക്ഷ്യമെന്ന ആക്ഷേപവും ശക്തം.

    ReplyDelete