ആനകൊടുത്താലും ആശ കൊടുക്കരുതെന്നാണ് പ്രമാണം. എന്നാല്‍ ആനയെക്കാളും ആകാശത്തെക്കാളും വലിയ ആശ നല്‍കിയശേഷം നിരുപാധികം പിന്‍വലിച്ച് കൊലച്ചതി ചെയ്ത് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ലോട്ടറി വകുപ്പ്. ഓണംബമ്പര്‍ രണ്ടാം സമ്മാനത്തിന്റെ നമ്പര്‍ പ്രഖ്യാപിച്ചതിലെ പിഴവിന് ഇരയായതോ പാവം കൂലിപ്പണിക്കാരനും. ഉറങ്ങിക്കുടന്നവനെ വിളിച്ചുണര്‍ത്തി, ഇലയിട്ടശേഷം തൂക്കിയെടുത്തെറിയുന്ന സമ്പ്രദായത്തേക്കാളും ഏറെ അതിരുകടന്നതായി ലോട്ടറി ഉദ്യോഗസ്ഥരുടെ ഈ കൊലച്ചതി.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ അതും കൂലിപ്പണിക്കാരനെന്ന് കേള്‍ക്കുമ്പോള്‍ എന്തെല്ലാം ചിന്തകള്‍ ആര്‍ക്കെല്ലമാണുണ്ടാവുക. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും നെറുകയിലെത്തിച്ചശേഷം തകര്‍ത്തെറിഞ്ഞതിന് എന്താണ് പരിഹാരമാവുകയെന്നതുസംബന്ധിച്ച് ലോട്ടറി വകുപ്പിന് ഒരു എത്തും പിടിയും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ നറുക്കെടുത്ത് ഫലം പ്രഖ്യാപിച്ചപ്പോള്‍ കാഞ്ചിയാറിലെ കൂലിപ്പണിക്കാരന്റെ ജീവിതം തളിരിടുകയായിരുന്നു. ഒരു കോടി രൂപയ്ക്കുള്ള ഭാവി പദ്ധതികളും ആവിഷ്കരിച്ചു. കൂലിപ്പണിക്കാരന്‍ കോടീശ്വരനായാല്‍ ഗ്രാമവാസികളുടെ ഇടപെടീലിലും വലിയ മാറ്റമുണ്ടാകും. കഷ്ടകാലത്ത് തെറിപറയുകയും പുറംകാലിനടിക്കുകയും ചെയ്യുന്ന ബന്ധുക്കള്‍ പുതിയ ബന്ധം സ്ഥാപിക്കാന്‍ ഓടിയെത്തുക സ്വാഭാവികം. അങ്ങനെ ആകപ്പാടെ നാട്ടിലും വീട്ടിലുമെല്ലാം ആദരണീയനായി മാറിയ കൂലിപ്പണിക്കാരന്റെ ഹൃദയത്തില്‍ കഠാര ഇറക്കുന്നതുപോലെയായി ആ ദുരന്തവാര്‍ത്ത. ഒരുകോടി രൂപ കൈയെത്തും ദൂരത്തുവച്ച് തട്ടിപ്പറിച്ചതുപോലെ. പണം കൈപ്പറ്റുന്നതിനാവശ്യമായ രേഖകളും സര്‍ടിഫിക്കറ്റുകളും മറ്റുമെല്ലാം 50 ദിവസത്തിനിടയ്ക്ക് ഓടിനടന്നുണ്ടാക്കി അധികാരികളുടെ മുമ്പില്‍ കാഴ്ചവച്ചു. ഏറ്റവുമൊടുവിലായി പാന്‍കാര്‍ഡെന്ന മഹാ കാര്‍ഡും നല്‍കിയിരുന്നു. 50 ദിവസമായി ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരുമെല്ലാം താഴെവയ്ക്കാതെ ചുമലിലുമേറ്റി. അവസാനനിമിഷം താങ്കള്‍ക്കല്ല സമ്മാനമെന്ന് പറഞ്ഞപ്പോള്‍ മനക്കരുത്തുള്ള കൂലിപ്പണിക്കാരനായതിനാല്‍ ബോധംകെട്ടുവീണില്ലെന്നുമാത്രം. വാക്കാല്‍ പറഞ്ഞിട്ടാണ് ഉദ്യോഗസ്ഥര്‍ വീടിന് പടിയിറങ്ങിയത്.
ഇത്രയും ദിവസം പിഴവ് മൂടിവച്ചപ്പോള്‍ മറ്റൊരു ദുരന്തവുമുണ്ടായി. യഥാര്‍ഥ സമ്മാനാര്‍ഹന്‍ ഇതേവരെ ടിക്കറ്റുമായി എത്തിയിട്ടുമില്ല. ലോട്ടറി എടുക്കുന്നയാളുകള്‍ സാധാരണ ഫലം അറിഞ്ഞാലുടനെ കീറിക്കളയുകയോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുകയോ ആണ് പതിവ്. ചിലര്‍ ലോട്ടറി ഏജന്റിനെ നോക്കാനേല്‍പ്പിച്ചശേഷം അടിച്ചില്ലെങ്കില്‍ തിരിഞ്ഞു നടന്നുപോവുകയും ചെയ്യും. എന്തായാലും ഈ കളികൊണ്ട് ലോട്ടറി വകുപ്പിനാണ് ഏറെ ലാഭം. മിക്കവാറും രണ്ടാം നമ്പര്‍ ഖജനാവിന് മുതല്‍കൂട്ടാകും. അത് അവിടെ കെട്ടിക്കിടന്ന് പെരുകും. അടിച്ച ടിക്കറ്റ് കീറിക്കളഞ്ഞവര്‍ വെറും നിര്‍ദോഷി. ടിക്കറ്റ് സൂക്ഷിച്ചുവച്ചിട്ടുള്ള അപൂര്‍വം ചിലര്‍ക്ക് ഒന്നുകൂടി നോക്കി പരീക്ഷിക്കാം. കിലുക്കം സിനിമയില്‍ ഇന്നസെന്റിന് ലോട്ടറി അടിച്ചതുപോലെ ഇനിയും ആകാതിരുന്നാല്‍ ദുഖിക്കേണ്ടിവരില്ല.
ഈ ദുരന്തകഥക്കൊടുവില്‍ ചില ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് പുസ്തകം മടക്കാമെന്നാണ് ഡിപ്പാര്‍ട്ട് ആലോചിച്ചിട്ടുള്ളത്. രോഗം ഒരു പാപമാണോ എന്നു ചോദിച്ചപോലെ പിഴവും അശ്രദ്ധയും ഒരു പാപമാണോ എന്ന് ചോദിക്കുകയാണ് ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ വലിയ ഉദ്യോഗസ്ഥര്‍ . ലോട്ടറി വ്യവസായം നടത്താന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഇതുവരെ വല്ല പിഴവും ഉണ്ടായിട്ടുണ്ടോയെന്നും അവര്‍ അഭിമാനപൂര്‍വം ചോദിക്കുന്നുണ്ട്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട നടപടി ക്രമങ്ങള്‍ ഇത്ര ലാഘവത്തോടെ അവസാനിപ്പിച്ചതിന് ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ പരിണിതപ്രജ്ഞര്‍ക്ക് പരമവീരചക്രം നല്‍കിയാലും മതിയാകില്ല. നീ എന്തു കൊണ്ടുവന്നു, എന്ത് കൊണ്ടുപോകുന്നുവെന്ന ഗീതാവചനം കേള്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയാണ് പാവം ഹതഭാഗ്യനെ.
deshabhimani 071111
ആനകൊടുത്താലും ആശ കൊടുക്കരുതെന്നാണ് പ്രമാണം. എന്നാല്‍ ആനയെക്കാളും ആകാശത്തെക്കാളും വലിയ ആശ നല്‍കിയശേഷം നിരുപാധികം പിന്‍വലിച്ച് കൊലച്ചതി ചെയ്ത് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ലോട്ടറി വകുപ്പ്. ഓണംബമ്പര്‍ രണ്ടാം സമ്മാനത്തിന്റെ നമ്പര്‍ പ്രഖ്യാപിച്ചതിലെ പിഴവിന് ഇരയായതോ പാവം കൂലിപ്പണിക്കാരനും. ഉറങ്ങിക്കുടന്നവനെ വിളിച്ചുണര്‍ത്തി, ഇലയിട്ടശേഷം തൂക്കിയെടുത്തെറിയുന്ന സമ്പ്രദായത്തേക്കാളും ഏറെ അതിരുകടന്നതായി ലോട്ടറി ഉദ്യോഗസ്ഥരുടെ ഈ കൊലച്ചതി.
ReplyDelete