Wednesday, November 16, 2011

മുഖ്യമന്ത്രിക്കൊരു തുറന്നകത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വയനാട്ടില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചുവരുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകളാണെന്ന് പ്രചരിപ്പിക്കുകയാണെന്ന അങ്ങയുടെ പ്രസ്താവന വിവേകരഹിതവും ക്രൂരവുമാണ്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് കടക്കെണിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകരെ അങ്ങയുടെ പ്രസ്താവന അപമാനിച്ചിരിക്കുകയാണ്. കര്‍ഷകന്റെതല്ലാത്ത ഏത് ആത്മഹത്യയാണ് കര്‍ഷക ആത്മഹത്യയായി പ്രരിപ്പിച്ചതെന്നും ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നും അങ്ങ് വെളിപ്പെടുത്തണം.

വയനാട്ടില്‍ നവംബര്‍ മാസത്തില്‍ ആദ്യ 12 ദിവസത്തിനകം നാല് കര്‍ഷകരാണ് ആത്മഹത്യചെയ്തത്. അങ്ങയുടെ സര്‍ക്കാരിനെ രാഷ്ട്രീയമായി പിന്തുണക്കുന്ന മലയാളമനോരമ, മാതൃഭൂമി അടക്കമുള്ള പത്രമാധ്യമങ്ങളും എല്ലാ ടെലിവിഷന്‍ ചാനലുകളുമാണ് ഇവ കര്‍ഷക ആത്മഹത്യകളാണെന്ന് സമൂഹത്തെ അറിയിച്ചത്. അതത് വില്ലേജ് ഓഫീസര്‍മാരും തഹില്‍ദാര്‍മാരും പരിശോധന നടത്തി ഇക്കാര്യം ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നവംബര്‍ 11ന് ജില്ല സന്ദര്‍ശിച്ച കര്‍ഷക കടാശ്വാസ കമീഷന്‍ അംഗങ്ങള്‍ ഈ നാലു കര്‍ഷക ഭവനങ്ങളും സന്ദര്‍ശിച്ചതും കര്‍ഷക ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതുമാണ്. ഇതിന് പുറമെ ആഗസ്ത് ആറിന് ആത്മഹത്യചെയ്ത മാനന്തവാടി തോണിച്ചാലില്‍ ജോസിന്റെ മരണവും കടബാധ്യതമൂലമുള്ള കര്‍ഷക ആത്മഹത്യയാണെന്ന് കമീഷന്‍ കണ്ടെത്തി. ഇതാണ് വസ്തുത എന്നിരിക്കെ അന്തരിച്ച കര്‍ഷകരുടെ വിധവകളും മക്കളും ഉറ്റ ബന്ധുക്കളും തെറ്റായി കര്‍ഷക ആത്മഹത്യയെന്ന് പ്രചരിപ്പിക്കുന്നുവെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണം. അതോ പത്രാധിപന്മാരും കലക്ടറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരാണോ പ്രചാരണം നടത്തുന്നതായി അങ്ങ് തുറന്നുപറയണം.

ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുക്കണമെന്നതും നഷ്ടപരിഹാരം നല്‍കണമെന്നതും സര്‍ക്കാരിന്റെ ഔദാര്യമല്ല കര്‍ഷകരുടെ അവകാശമാണ് എന്ന് മുഖ്യമന്ത്രി അംഗീകരിക്കണം. മരിച്ച കര്‍ഷകരുടെയും കുടുംബത്തിന്റെയും അടക്കം വോട്ടുകള്‍ ലഭിച്ചാണ് അങ്ങും സഹമന്ത്രിമാരും അധികാരത്തില്‍ വന്നതെന്ന വസ്തുത മറക്കരുത്.

വയനാട്ടില്‍ മാത്രമല്ല രാജ്യത്തിന്റെ ഓരോ അരമണിക്കുറിലും ഒരു കര്‍ഷക ആത്മഹത്യ നടക്കുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യകതമാക്കുന്നത്. 1885 മുതല്‍ 2010 വരെയുള്ള 16 വര്‍ഷത്തില്‍ 2,56,914 കര്‍ഷക ആത്മഹത്യ നടന്നതായാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ . കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില സംരക്ഷണം ഇല്ലാതാക്കുകയും സബ്സിഡികള്‍ പിന്‍വലിച്ചതുമാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം. ഈ നയം നിഷ്ഠൂരമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളിലൊരാളായ അങ്ങേക്കും കര്‍ഷക ആത്മഹത്യയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളോട് സ്വീകരിച്ചതും അങ്ങ് ഇപ്പാഴെടുക്കുന്ന നിഷേധാത്മകനയമാണ്. അന്നത്തെ കൃഷിമന്ത്രി കെ ആര്‍ ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞതും കേന്ദ്രസര്‍ക്കാരിനെഅറിയിച്ചതും കേരളത്തില്‍ കര്‍ഷകആത്മഹത്യ നടക്കുന്നില്ല എന്നാണ്. തന്മൂലം നൂറ് കണക്കിന് കര്‍ഷകര്‍ ആത്മതഹ്യചെയ്യുന്ന ഗുരുതരമായ സ്ഥിതിയുണ്ടായി. തുടര്‍ന്ന് 2004-05 കാലം മുതല്‍ വയനാട്ടില്‍ ഉയര്‍ന്ന ശക്തമായ കര്‍ഷകസമരത്തെ തുടര്‍ന്ന് 1999 മുതല്‍ 2006 മാര്‍ച്ച് വരെ സംസ്ഥാനത്താകെ 256 കര്‍ഷക ആത്മഹത്യകള്‍ നടന്നതായി പറയാന്‍ അങ്ങ് നേതൃത്വം നല്‍കിയ മുന്‍ യുഡിഎഫ്സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

എന്നാല്‍ 2006ല്‍ അധികാരമേറ്റ വി എസ് സര്‍ക്കാര്‍ ഇക്കാലയളവില്‍ യഥാര്‍ഥത്തില്‍ നടന്ന കര്‍ഷക ആത്മഹത്യകളെ കണ്ടെത്താന്‍ കലക്ടര്‍മാര്‍ക്ക് ഉത്തവ് നല്‍കുകയും സംസ്ഥാനത്താകെ 867 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തുകയുമുണ്ടായി. ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ കൊടുക്കുന്നു.

തിരുവനന്തപുരം 9 ആലപ്പുഴ: 8 കോട്ടയം: 4 എറണാകുളം: 4 കോഴിക്കോട്: 23 കണ്ണൂര്‍ : 138 കൊല്ലം: 7 പത്തനംതിട്ട: 18 ഇടുക്കി: 89 തൃശൂര്‍ : 68, മലപ്പുറം: ഇല്ല വയനാട്: 371 കാസര്‍കോട്: 81 ആകെ: 867

1999-2006ഏപ്രില്‍വരെ നടന്ന കര്‍ഷക ആത്മഹത്യ. കലക്ടര്‍മാര്‍ നകിയ റിപ്പോര്‍ട്ട് (എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരാണ് രാജ്യത്താദ്യമായി ആത്മഹത്യചെയ്ത മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എറ്റെടുത്ത് 50,000 രൂപ വീതം അടിയന്തരാശ്വാസം നല്‍കിയതും കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിച്ച് വയനാട്ടിലെ 42,113 കര്‍ഷകരുടെ 25,000 രൂപവരെയുള്ള കടങ്ങള്‍ ഏറ്റെടുത്തതും. 2007 ഓടെ കര്‍ഷക ആത്മഹത്യഇല്ലാതാക്കുന്നതില്‍ വിജയിച്ചു. എ കെ ആന്റണിയും അങ്ങും മുഖ്യമന്ത്രിയായിരുന്ന 2001-2006 കാലയളവില്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്ത കര്‍ഷകരുടെ അനാഥ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിവന്നു എന്ന ചരിത്രം അങ്ങേയെ ഓര്‍പ്പിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ മാതൃക പിന്തുടര്‍ന്നുള്ള വിവേകമാണ് സര്‍ക്കാരില്‍നിന്ന് കര്‍ഷകസമൂഹം പ്രതിക്ഷിക്കുന്നത്.

ആദരവോടെ, പി കൃഷ്ണപ്രസാദ് (മുന്‍ എംഎല്‍എ, അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റിയംഗം)

deshabhimani 161111

1 comment:

  1. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വയനാട്ടില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചുവരുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യകളാണെന്ന് പ്രചരിപ്പിക്കുകയാണെന്ന അങ്ങയുടെ പ്രസ്താവന വിവേകരഹിതവും ക്രൂരവുമാണ്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് കടക്കെണിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകരെ അങ്ങയുടെ പ്രസ്താവന അപമാനിച്ചിരിക്കുകയാണ്. കര്‍ഷകന്റെതല്ലാത്ത ഏത് ആത്മഹത്യയാണ് കര്‍ഷക ആത്മഹത്യയായി പ്രരിപ്പിച്ചതെന്നും ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നും അങ്ങ് വെളിപ്പെടുത്തണം.

    ReplyDelete