Monday, November 7, 2011
പഞ്ചാബില്‍ ബദലായി സംയുക്തമുന്നണി
ഡുഡിഖെ (പഞ്ചാബ്): പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദളിന്റെയും പ്രതിപക്ഷ കോണ്‍ഗ്രസിന്റെയും ഉറക്കംകെടുത്തി രണ്ടിനുമെതിരെ സംയുക്തമുന്നണി നിലവില്‍വന്നു. ഇരുകക്ഷി രാഷ്ട്രീയംമാത്രം പരിചിതമായ പഞ്ചാബില്‍ , ലക്ഷങ്ങളെ സാക്ഷിയാക്കി അകാലി- കോണ്‍ഗ്രസ് ഇതര മുന്നണിക്ക് തുടക്കമായതോടെ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു. പഞ്ചനദികളുടെ നാട്ടില്‍ പുതിയ രാഷ്ട്രീയപന്ഥാവ് വെട്ടിത്തുറക്കുന്നതായിരിക്കും മുന്നണിയെന്ന് രൂപീകരണറാലിയില് നേതാക്കള്‍ പറഞ്ഞു.
പ്രകാശ്സിങ് ബാദലിന്റെ അകാലിദള്‍ - ബിജെപി സഖ്യത്തിനും അമരീന്ദര്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനും പഞ്ചാബിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന യാഥാര്ഥ്യബോധത്തില്നിന്നാണ് മന്‍പ്രീത്സിങ് ബാദലിന്റെ നേതൃത്വത്തില്‍ സംയുക്തമുന്നണിക്ക് രൂപമായത്. "പഞ്ചാബിലെ സിംഹം" എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര രക്തസാക്ഷി, ലാല ലജ്പത്റായിയുടെ ജന്മഗ്രാമമായ ഡുഡിഖെയില് ജനലക്ഷങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് സംയുക്തമുന്നണിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അകാലിദളില്‍നിന്ന് ഭിന്നിച്ച് മന്പ്രീത്സിങ്ങിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പീപ്പിള്‍സ് പാര്‍ടി ഓഫ് പഞ്ചാബ്, സിപിഐ എം, സിപിഐ, ശിരോമണി അകാലിദള്‍ ലോംഗോവാള്‍ എന്നീ പാര്‍ടികളാണ് മുന്നണിയിലുള്ളത്.
സംയുക്തമുന്നണിയുടെ പൊതുമിനിമം പരിപാടി റാലിയില്‍ പുറത്തിറക്കി. ദേശീയ തൊഴിലുറപ്പുപദ്ധതിക്കുസമാനമായി പഞ്ചാബില്‍ പ്രതിവര്‍ഷം ഒരുലക്ഷംപേര്‍ക്ക് തൊഴില്‍ നല്കുന്ന "ഭഗത്സിങ് തൊഴിലുറപ്പുപദ്ധതി" നടപ്പാക്കുമെന്ന് മന്‍പ്രീത്സിങ് പറഞ്ഞു. ഇന്ദിര ആവാസ് യോജനയ്ക്കുസമാനമായി പാവങ്ങള്‍ക്ക് വീട് നല്കുന്ന ഭീംറാവു അംബേദ്കര്‍ ആവാസ് യോജന നടപ്പാക്കും. 40 വര്‍ഷമായി പുതിയ സ്കൂളുകള്‍ ആരംഭിക്കാത്ത പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍ ആദ്യവര്‍ഷംതന്നെ 25 സര്‍ക്കാര്‍സ്കൂളും അത്രയും സര്‍ക്കാര്‍ ആശുപത്രികളും സ്ഥാപിക്കും.
പഞ്ചാബില്‍ ഭരണമാറ്റം ഉറപ്പാണെന്ന് റാലിയെ അഭിവാദ്യംചെയ്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെപ്പോലെ സര്‍ക്കാര്‍സംവിധാനം ഉപയോഗിച്ച് കൊള്ള നടത്തുന്ന ബാദല്സര്ക്കാരിന് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ല. 2ജി സ്പെക്ട്രം അഴിമതിക്ക് നേതൃത്വം നല്കിയ ഡിഎംകെയെ തമിഴ്നാട്ടില്‍ അധികാരത്തില്‍നിന്ന് നീക്കിയതുപോലെ പഞ്ചാബില്‍ ബാദല്സര്ക്കാരിനെയും ജനങ്ങള്‍ മാറ്റും. അഴിമതിക്കും വിലക്കയറ്റത്തിനും കാരണക്കാരായ കോണ്‍ഗ്രസിനും പഞ്ചാബില്‍ അധികാരം ലഭിക്കില്ല. അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള ബദലാണ് സംയുക്തമുന്നണി. ഭാവി ഇതിന്റേതാണ്- കാരാട്ട് പറഞ്ഞു.
ബാദലിന്റെ ഏകാധിപത്യപ്രവണതയ്ക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് നിലകൊണ്ട തനിക്കുപിന്നാലെ മന്‍പ്രീത്സിങ് ബാദലും വന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍മുഖ്യമന്ത്രിയും മുന്‍ഗവര്‍ണറും അകാലിദള്‍ ലോംഗോവാള്‍ നേതാവ് സുര്‍ജിത്സിങ് ബര്‍ണാല പറഞ്ഞു. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള മുന്നണിമാത്രമല്ല പഞ്ചാബിലേതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്ദന് പറഞ്ഞു. പാവങ്ങളുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് മുന്‍ഗണന നല്കുന്ന ബദല്‍നയമാണ് മുന്നണിയുടേത്. പഞ്ചാബിലെ ധീരരായ ജനങ്ങള്‍ ഈ മാറ്റത്തിനൊപ്പം നില്‍ക്കുമെന്നും ബര്ദന് പറഞ്ഞു. ചരണ്‍സിങ് വിര്ധി (സിപിഐ എം), ദയാല്‍സിങ് (സിപിഐ) എന്നിവരും സംസാരിച്ചു.
വി ബി പരമേശ്വരന് deshabhimani 071111
Labels:
ഇടതുപക്ഷം,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദളിന്റെയും പ്രതിപക്ഷ കോണ്‍ഗ്രസിന്റെയും ഉറക്കംകെടുത്തി രണ്ടിനുമെതിരെ സംയുക്തമുന്നണി നിലവില്‍വന്നു. ഇരുകക്ഷി രാഷ്ട്രീയംമാത്രം പരിചിതമായ പഞ്ചാബില്‍ , ലക്ഷങ്ങളെ സാക്ഷിയാക്കി അകാലി- കോണ്‍ഗ്രസ് ഇതര മുന്നണിക്ക് തുടക്കമായതോടെ ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു. പഞ്ചനദികളുടെ നാട്ടില്‍ പുതിയ രാഷ്ട്രീയപന്ഥാവ് വെട്ടിത്തുറക്കുന്നതായിരിക്കും മുന്നണിയെന്ന് രൂപീകരണറാലിയില് നേതാക്കള്‍ പറഞ്ഞു.
ReplyDelete