Monday, November 7, 2011

മാറ്റങ്ങള്‍ വര്‍ഗസമരത്തിലൂടെ മാത്രം

വിലക്കയറ്റത്തിനും അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഇന്ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജയില്‍ നിറയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളുമായി രാജ്യത്തെ തൊഴിലാളികള്‍ സമരകാഹളം മുഴക്കി തെരുവുകളിലേക്കിറങ്ങുകയാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളും ഭരണ പ്രതിപക്ഷ ഭേദമന്യെ ഒരുമിക്കുന്ന പ്രക്ഷോഭത്തിന്റെ പ്രസക്തിയെക്കുറിച്ച് ആര്‍ എസ് പി അനുകൂല ട്രേഡ് യൂണിയനായ യു ടി യു സി സംസ്ഥാന പ്രസിഡന്റ് എ എ അസീസ് എം എല്‍ എ 'ജനയുഗ'വുമായി പങ്കുവയ്ക്കുന്നു.

? നവംബര്‍ എട്ടിന് ആരംഭിക്കുന്ന  കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള തൊഴിലാളി സംഘടനകളുടെ മുന്നേറ്റത്തെ താങ്കളുടെ പ്രസ്ഥാനം എങ്ങനെയാണ് കാണുന്നത്?

തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ദേശീയതലത്തില്‍ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് നടത്തുന്ന പ്രതിഷേധമെന്ന നിലയില്‍ നവംബര്‍ എട്ടിലെ പ്രക്ഷോഭത്തിന് ചരിത്രപരമായ പ്രസക്തിയുണ്ട്. പലപ്പോഴും സര്‍ക്കാരുകളുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളില്‍ തൊഴിലാളികള്‍ ഒരുമിച്ചുനിന്ന് നീങ്ങാറുണ്ട്. ദേശീയതലത്തിലും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യത്തിനുള്ള നീക്കം നടക്കാറുണ്ട്. പക്ഷെ എപ്പോഴും ഏതെങ്കിലും ഒരു കേന്ദ്ര ട്രേഡ് യൂണിയന്‍ വിട്ടുനില്‍ക്കുന്ന അവസ്ഥയായിരുന്നു. പലപ്പോഴും കേന്ദ്ര ഭരണത്തിലിരിക്കുന്ന യൂണിയനുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് ഐക്യമുണ്ടെങ്കിലും സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഭരണപക്ഷ അനുകൂല സംഘടനകളും ഇടതുപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ പ്രതിപക്ഷ അനുകൂല സംഘടനകളും ഒരുമിച്ച് നിന്ന് ഒരു പ്രക്ഷോഭം നയിക്കുകയെന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഭവമാണ്. ഐ എന്‍ ടി യു സിക്ക് ഒപ്പം കേരളത്തില്‍ മുസ്‌ലിംലീഗിന്റെ എസ് ടി യു വും കേരള കോണ്‍ഗ്രസിന്റെ കെ ടി യു സിയുമെല്ലാം സമരത്തില്‍ പങ്കാളികളാണ്.

? രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വരാനുള്ള സാഹചര്യം?

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ഭയാനകമായ അവസ്ഥയിലാണ്. വിലക്കയറ്റത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാരിന് കണ്ടില്ലെന്ന ഭാവമാണ്. പെട്രോള്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിന് ഇല്ലാത്ത അവസ്ഥയാണ്. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നയങ്ങളും പരിപാടികളും നടപ്പാക്കുകയാണ്. ജനജീവിതം ദുസ്സഹമായി മാറിക്കഴിഞ്ഞു. തൊഴില്‍നയങ്ങളം നിലപാടുകളും തൊഴിലാളി വിരുദ്ധമായി മാറിക്കഴിഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട് ട്രേഡ് യൂണിയനുകള്‍ക്ക് നോക്കിനില്‍ക്കാന്‍ കഴിയില്ല. ഏത് കക്ഷി അധികാരത്തില്‍ വന്നാലും നയങ്ങളില്‍ മാറ്റമില്ല. എല്ലാക്കാലത്തും തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയാണ് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കാനും കഴിഞ്ഞിട്ടുള്ളത്. തൊഴിലാളി സംഘടനകള്‍ അതുകൊണ്ടുതന്നെ തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്.

? ഭരണത്തില്‍ എത്തുന്നവര്‍ രാഷ്ട്രീയകക്ഷികളാകുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി അവരാണല്ലോ മുന്നില്‍ വരേണ്ടത്?

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലരും അവരുടേതായ നിലയില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരം നടത്താറുണ്ട്. പക്ഷെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തൊഴിലാളി സംഘടനകളെപ്പോലെ ഒരുമിച്ച് നിന്ന് പോരാട്ടം സാധ്യമാകില്ല. കേന്ദ്രഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാന്‍ പ്രതിപക്ഷത്തുള്ള കക്ഷികള്‍ക്കുപോലും കഴിയാത്ത അവസ്ഥയാണ്. പല സംസ്ഥാനങ്ങളിലും അതാത് സ്ഥലത്തെ പ്രാദേശിക കക്ഷികളാണ് അധികാരത്തില്‍. അതുകൊണ്ട് പല താല്‍പര്യങ്ങളായിരിക്കും അവര്‍ക്ക്. പക്ഷെ തൊഴിലാളി സംഘടനകള്‍ക്ക് വര്‍ഗസമരമെന്ന നിലയില്‍ ഒന്നിച്ച് നില്‍ക്കാന്‍ പെട്ടെന്ന് കഴിയും. തൊഴിലാളികളുടെ താല്‍പര്യത്തിന് വേണ്ടി ഒരു ഐക്യനിര രാജ്യങ്ങള്‍ മുഴുവനും ഉയര്‍ത്താനുംകഴിഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരത്തിലേറി കഴിയുമ്പോള്‍ പലപ്പോഴും പ്രത്യുപകാരം ചെയ്യാനാണ് ശ്രമിക്കുന്നത്. കേന്ദ്രഭരണത്തില്‍ ഇത് കോര്‍പ്പറേറ്റുകളോടുള്ള കടപ്പാടാണ്. പലപ്പോഴും അവരാണ് അധികാരത്തില്‍ ഇവരെ നിലനിര്‍ത്തുന്നത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ യു പി എയുടെ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ വന്ന നോട്ടുകെട്ടുകള്‍ ആരുടേതായിരുന്നുവെന്ന് ചിന്തിക്കണം. മറ്റൊരു അവസ്ഥ നമ്മുടെ പാര്‍ലമെന്റില്‍ ശതകോടീശ്വരന്‍മാരാണ് കൂടുതല്‍. സാധാരണക്കാരന്റെ പ്രതിനിധികള്‍ കുറഞ്ഞുവരുകയാണ്. അപ്പോള്‍ ജനകീയ പ്രശ്‌നങ്ങള്‍ എവിടെ  ചര്‍ച്ച ചെയ്യാന്‍. ഭരിക്കുന്ന മന്ത്രിമാരും എം പിമാരും ജയിലിലേക്ക് പോകുന്ന കാഴ്ചയാണ്. അതുകൊണ്ട് തന്നെ വലിയൊരു പ്രതിഷേധ മുന്നേറ്റം ഉയര്‍ന്നുവരണം.

? രണ്ടാം ഘട്ട തൊഴിലാളി സമരത്തില്‍ താങ്കള്‍ കാണുന്ന പ്രതീക്ഷകള്‍ എന്താണ്?

രണ്ടാം ഘട്ട സമരത്തിലൂടെ തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ ശക്തമായി. ഇന്ത്യയിലെ വലിയ ട്രേഡ് യൂണിയനായ ബി എം എസ് ആദ്യഘട്ടത്തില്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അവരും ഒരു പ്ലാറ്റ്‌ഫോമിലേക്ക് വന്നുകഴിഞ്ഞു. ഈ കൂട്ടായ പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കും. കൂടാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ ഈ ട്രേഡ് യൂണിയന്‍ മുന്നേറ്റത്തിന് കഴിയും.

തയ്യാറാക്കിയത്: ജലീല്‍ അരുക്കുറ്റി janayugom 071111

1 comment:

  1. വിലക്കയറ്റത്തിനും അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ രാജ്യത്തെ തൊഴിലാളികള്‍ ഇന്ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജയില്‍ നിറയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളുമായി രാജ്യത്തെ തൊഴിലാളികള്‍ സമരകാഹളം മുഴക്കി തെരുവുകളിലേക്കിറങ്ങുകയാണ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളും ഭരണ പ്രതിപക്ഷ ഭേദമന്യെ ഒരുമിക്കുന്ന പ്രക്ഷോഭത്തിന്റെ പ്രസക്തിയെക്കുറിച്ച് ആര്‍ എസ് പി അനുകൂല ട്രേഡ് യൂണിയനായ യു ടി യു സി സംസ്ഥാന പ്രസിഡന്റ് എ എ അസീസ് എം എല്‍ എ 'ജനയുഗ'വുമായി പങ്കുവയ്ക്കുന്നു.

    ReplyDelete