Friday, November 11, 2011

മില്‍മയുടെ 'പാല്‍പ്പൊടി പാല്‍' തടയണമെന്ന് ഹൈക്കോടതി

പാല്‍പ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന പാല്‍ പായ്ക്കറ്റുകളിലാക്കി വില്‍പന നടത്തുന്ന മില്‍മയുടെ നടപടി തടയേണ്ടതാണെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ എ എന്‍ രാമചന്ദ്രന്‍ നായര്‍, പി എസ് ഗോപിനാഥന്‍ എന്നിവരുടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പാല്‍ വിതരണം ചെയ്യുകയാണെന്ന രീതിയില്‍ പാല്‍പ്പൊടി ഉപയോഗിച്ച്്യൂനിര്‍മിച്ച പാല്‍ ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പാല്‍പ്പൊടി ഉപയോഗിച്ച് നിര്‍മിക്കുന്ന പാല്‍ ശുദ്ധമായ ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വില്‍ക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഫ്രഷ് മില്‍ക്ക് എന്നാല്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പാലാണ്. ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. പാല്‍പ്പൊടി ഉപയോഗിച്ച് പാല്‍ നിര്‍മിക്കാന്‍ മില്‍മയുടെ സഹായം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ മില്‍മ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. എറണാകുളം സ്വദേശി പള്ളിപ്പറമ്പില്‍ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം.

മില്‍മ പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാല്‍ വിലവര്‍ധന ഒഴിവാക്കാനാകില്ലെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും മില്‍മ വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താല്‍ കടത്തുകൂലി, മറ്റു ചെലവുകള്‍ എന്നിവ വര്‍ധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഒരു കിലോ പാല്‍പ്പൊടിക്ക് 138 രൂപ എന്ന നിരക്കില്‍ 14 കോടി രൂപയുടെ പാല്‍പ്പൊടി കഴിഞ്ഞ മാര്‍ച്ച് 31 വരെ ഇറക്കുമതി ചെയ്തിരുന്നു. ഇതു പാലിനായി ഉപയോഗിക്കുന്നുണ്ടെന്നും മില്‍മ പറഞ്ഞിരുന്നു. ഹര്‍ജിക്കാര്‍ ഈ നടപടി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പാല്‍പ്പൊടികൂടി ഉപയോഗിച്ച്്യൂനിര്‍മിച്ച പായ്ക്കറ്റ് പാല്‍ ശുദ്ധമായ ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വില്‍ക്കരുതെന്ന് കോടതി ഉത്തരവിട്ടത്.

janayugom 111111

1 comment:

  1. പാല്‍പ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന പാല്‍ പായ്ക്കറ്റുകളിലാക്കി വില്‍പന നടത്തുന്ന മില്‍മയുടെ നടപടി തടയേണ്ടതാണെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ എ എന്‍ രാമചന്ദ്രന്‍ നായര്‍, പി എസ് ഗോപിനാഥന്‍ എന്നിവരുടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

    ReplyDelete