Friday, November 11, 2011

വാഗമണ്‍ തോട്ടം; ഭൂമി മറിച്ചുവിറ്റത് തൊഴിലാളികളെന്ന് മന്ത്രി തിരുവഞ്ചൂര്‍

വാഗമണ്ണില്‍ എം എം ജെ പ്ലാന്റേഷന്‍ വക ഭൂമി റിസോര്‍ട്ട് മാഫിയകള്‍ക്ക് മറിച്ചുവിറ്റത് തോട്ടം തൊഴിലാളികളെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതോടെ വാഗമണ്‍ ഭൂമാഫിയക്കെതിരെ നടപടി എടുക്കുന്നതില്‍ റവന്യു വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്ന് വ്യക്തം.

കഴിഞ്ഞ ദിവസം ഇടുക്കി കലക്ടറേറ്റില്‍ ജല്ലയിലെ ഭൂപ്രശ്‌നമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രതിസന്ധിയിലായി അടച്ചുപൂട്ടിയ എം എം ജെ പ്ലാന്റേഷന്‍ വക വാഗമണ്‍, ബോണാമി, കോട്ടമല തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് 2007ല്‍ കലക്ടറേറ്റില്‍ കൂടിയ യോഗതീരുമാനപ്രകാരം തോട്ടങ്ങള്‍ തുറക്കുമ്പോള്‍ കുടിശ്ശിക ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ക്ക് പകരമായി പത്ത് സെന്റ് ഭൂമി വീതം നിലവിലെ വിലയേക്കാളും താഴ്ന്ന വിലയ്ക്ക് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കണമെന്നായിരുന്നു തീരുമാനം.

എന്നാല്‍ തോട്ടം ഉടമ പത്ത് ശതമാനം മാത്രം ഭൂമി ചില തൊഴിലാളികള്‍ക്ക് നല്‍കിയതിനുശേഷം വന്‍കിട-റിസോര്‍ട്ട്-ഭൂമാഫിയകള്‍ക്ക് നേരിട്ട് ഭൂമി വില്‍ക്കുകയായിരുന്നു. ടീ ആക്ടിനും ഭൂപരിഷ്‌കരണ നിയമത്തിനും വിരുദ്ധമായി നടത്തിയ തേയില തോട്ടം മുറിച്ചുവില്‍പ്പനയെക്കുറിച്ചും മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനെക്കുറിച്ചും പത്ര-ദൃശ്യമാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് റവന്യു വകുപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ച്ചിരുന്നു.എന്നാല്‍ ഭൂമിവില്‍പ്പനയും മൊട്ടക്കുന്ന് ഇടിച്ചുനിരത്തുന്നത് സംബന്ധിച്ച് ഇതുവരെയും ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

അതേസമയം റവന്യു വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരം ഭൂമി നല്‍കിയെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.  തൊഴിലാളികള്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാനെന്ന വ്യാജേനയാണ് വാഗമണ്‍, ബോണാമി തുടങ്ങി തേയില തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുകയും ബോണാമി, കോട്ടമല എന്നീ ഡിവിഷനുകളില്‍ നിന്നും തോട്ടം ഉടമകള്‍ ലക്ഷക്കണക്കിന് രൂപയുടെ തടികള്‍ വെട്ടിക്കടത്തിയതും. എന്നിട്ടും തൊഴിലാളികള്‍ക്ക് പൂര്‍ണമായി ആനുകൂല്യങ്ങള്‍ നല്‍കിയില്ല. ഇങ്ങനെ വാഗമണ്ണിലും ബോണാമിയിലും നൂറുകണക്കിന് ഏക്കര്‍ തേയില തോട്ടമാണ് മുറിച്ചുവില്‍പ്പന നടത്തിയത്. വാഗമണ്‍ ടൗണിനോട് ചേര്‍ന്നുള്ള വില്‍ക്കപ്പെട്ട ഭൂമിയില്‍ ഇപ്പോള്‍ വന്‍കിട റിസോര്‍ട്ടുകളാണ് പടുത്തുയര്‍ത്തുന്നത്. എന്നാല്‍ തോട്ടം ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയ സ്ഥലം ഇവര്‍ മുറിച്ചുവിറ്റുവെന്നാണ് റവന്യു മന്ത്രി ഇടുക്കി കലക്ടറേറ്റില്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞത്.

തോട്ടം ഉടമകളായ എം എം ജെ പ്ലാന്റേഷന്‍ ഗ്രൂപ്പ് കോടികള്‍ വാങ്ങി വാഗമണ്ണിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലം റിസോര്‍ട്ട് മാഫിയയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പതിവുപോലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കളക്ടറോട് അന്വേഷണം പ്രഖ്യാപിച്ചുമടങ്ങുകയാണുണ്ടായത്.

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തോട്ടം വക ഭൂമിയുടെ അഞ്ച് ശതമാനം റിസോര്‍ട്ട് നിര്‍മാണത്തിനും ഏലം, വാനില കൃഷിക്കുമായി ഉപയോഗിക്കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തിനും ടീ ആക്ടിനും വിരുദ്ധമായി തോട്ടം മുറിച്ചുവില്‍പ്പന നടത്തിയ തോട്ടം ഉടമകളെ വിളിച്ചുവരുത്തി രേഖകള്‍ ആവശ്യപ്പെട്ട അന്നത്തെ ഇടുക്കി ആര്‍ ഡി ഒയെ സ്ഥലം മാറ്റിയതോടുകൂടി വാഗമണ്‍ നടപടി മന്ദീഭവിച്ചിരുന്നു. ഇന്നും വാഗമണ്ണില്‍ രണ്ടായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിടക്കാര്‍ കൈയ്യടക്കിവച്ചിരിക്കുകയാണ്. വാഗമണ്‍ തോട്ടം ഉടമകളടക്കമള്ളവരെ സഹായിക്കുവാനും വന്‍കിട-റിസോര്‍ട്ട്-ഭൂമാഫിയകള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുവാനുള്ള നീക്കമാണിപ്പോള്‍ റവന്യു വകുപ്പ് നടത്തുന്നത്.

പി ജെ ജിജിമോന്‍

janayugom 111111

1 comment:

  1. വാഗമണ്ണില്‍ എം എം ജെ പ്ലാന്റേഷന്‍ വക ഭൂമി റിസോര്‍ട്ട് മാഫിയകള്‍ക്ക് മറിച്ചുവിറ്റത് തോട്ടം തൊഴിലാളികളെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതോടെ വാഗമണ്‍ ഭൂമാഫിയക്കെതിരെ നടപടി എടുക്കുന്നതില്‍ റവന്യു വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്ന് വ്യക്തം.

    ReplyDelete