Thursday, November 17, 2011

കാറഡുക്കയിലെ തോല്‍വി ബിജെപിക്ക് ആഘാതമായി

കാസര്‍കോട്: ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സംഘവും ജില്ലയില്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ജനവിധി തേടിയ കെ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച് സംസ്ഥാന നേതൃത്വം സസ്പന്‍ഡ് ചെയ്ത ജില്ലാപ്രസിഡന്റ് എം നാരായണഭട്ടിന്റെ ഭാര്യയും കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജയലക്ഷ്മി എന്‍ ഭട്ട് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മി എന്‍ ഭട്ട് 247 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡിലാണ് യുഡിഎഫ് 19 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേട്ടം കൈവരിച്ചത്. ഇതോടെ ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഒരു പഞ്ചായത്തില്‍കൂടി ഭരണം നഷ്ടപ്പെട്ടേക്കുമെന്ന സ്ഥിതിയാണുള്ളത്. നിലവില്‍ ബിജെപി- ആറ്, യുഡിഎഫ്- ആറ്, എല്‍ഡിഎഫ്- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിക്കും യുഡിഎഫിനും തുല്യ അംഗങ്ങളായതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിനെ ആശ്രയിച്ചായിരിക്കും.

ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ പ്രചാരണ പരിപാടികളില്‍നിന്നൊഴിവാക്കി സുരേന്ദ്രനും ജില്ലയിലെ യുവനേതാവും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അണികളില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ജനവിധി തേടിയ മുന്‍ പ്രസിഡന്റ് ജയലക്ഷ്മി എന്‍ ഭട്ടിനെയും ഭര്‍ത്താവ് നാരായണ ഭട്ടിനെയും ഉപതെരഞ്ഞെടുപ്പ് വേദികളില്‍ ബോധപൂര്‍വം അകറ്റി നിര്‍ത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ പരാജയത്തിന് ഉത്തരവാദിയായ മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

deshabhimani 171111

1 comment:

  1. ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സംഘവും ജില്ലയില്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായി.

    ReplyDelete