Friday, November 11, 2011

മുറിഞ്ഞത് ദേശങ്ങളെ ഒരുമിപ്പിച്ച ചരിത്രത്തിന്റെ ജീവനാഡി

ചെറുതുരുത്തി: ബുധനാഴ്ച ഭാരതപ്പുഴയില്‍ തകര്‍ന്നുവീണ ചെറുതുരുത്തി പഴയ കൊച്ചിന്‍ പാലം ഒരുനൂറ്റാണ്ടിലേറെ കാലം രണ്ട് ദേശങ്ങളെ ഒരുമിപ്പിച്ച ചരിത്രത്തിന്റെ ജീവനാഡി. പഴയ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള മലബാറിന്റെയും കൊച്ചി നാട്ടുരാജ്യത്തിന്റെയും അതിര്‍ത്തിയായിരുന്നു ഭാരതപ്പുഴയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച ഈ പാലം. പടയോട്ടങ്ങള്‍ ദേശാതിര്‍ത്തികളെ ഭേദിച്ച് ഇരമ്പിക്കയറിയ ഈ പാതയിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങള്‍ ഒഴുകിയിരുന്നു.

ഷൊര്‍ണൂരില്‍ നിന്ന് പഴയ പാലം വഴി കടന്നു പോകുന്ന റെയില്‍ പാതയുടെ തെക്കുഭാഗത്ത് ചെറുതുരുത്തി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചെറുതുരുത്തി എല്‍പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നിടത്താണ് പഴയ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് 25 വര്‍ഷത്തോളം പഞ്ചായത്തംഗമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ടി ആദ്യകാല നേതാവ് പുതുശേരി മണ്ണഴി മനയില്‍ എം എസ് ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. വൈക്കത്തുള്ള അമ്മവീട്ടിലേക്ക് പോകുന്നതിനായി ഈ പാതയിലൂടെ തീവണ്ടി യാത്ര നടത്തിയിട്ടുണ്ട് അദ്ദേഹം. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തി നിര്‍ത്തിയുള്ള യാത്ര എറണാകുളത്ത് എത്താന്‍ നാലു മണിക്കൂറിലധികം എടുക്കും. മീറ്റര്‍ ഗേജ് അടിസ്ഥാനത്തിലാണ് അന്നത്തെ തീവണ്ടിപ്പാത. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയായതിനാല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ചുങ്കം ചുമത്തിയിരുന്നു. പഴയ ചെക്ക് പോസ്റ്റ് പാലത്തിനടുത്ത് ഇന്നും കാണാം. അതിനടുത്ത് എക്സ്സൈസിന്റെ ഓഫീസുമുണ്ടായിരുന്നു. പുകയിലയും ബീഡിയും ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങള്‍ക്കും രണ്ട് രാജ്യത്തും വിലയില്‍ വന്‍ വ്യത്യാസമുണ്ടായിരുന്നതിനാല്‍ കള്ളക്കടത്തും പതിവായിരുന്നു.
പാലം വരുംമുമ്പ് വേനല്‍കാലത്ത് പുഴയില്‍ വെള്ളം വറ്റുമ്പോഴാണ് കച്ചവടക്കാര്‍ മറുകര കടന്നിരുന്നത്. സമീപത്ത് പള്ളത്ത് മാത്രമേ കടവുണ്ടായിരുന്നുള്ളൂ. ഡബിള്‍ ആര്‍ച്ച് ഡിസൈനില്‍ ബ്രിട്ടീഷുകാരനായ ജോണ്‍ കെന്‍വാര്‍ഡ് എന്ന കോണ്‍ട്രാക്ടറാണ് പഴയ കൊച്ചിന്‍ പാലം നിര്‍മാണം ഏറ്റെടുത്തത്. പുഴയില്‍ കരിങ്കല്ലു കൊണ്ട് തീര്‍ത്ത കൂറ്റന്‍ തൂണുകളില്‍ ഒന്ന് ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് പാലത്തിന്റെ മധ്യഭാഗം പുഴയിലേക്ക് വീണത്. പുഴയില്‍ ഒഴുക്കും ശക്തമായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്ന പാലത്തിന്റെ ഇരുമ്പു കൊണ്ടുള്ള മുകള്‍ ഭാഗത്തിന് കാര്യമായ തകരാറില്ല. തൂണിന്റെ ഒഴുക്കിനഭിമുഖമായ ഭാഗം കൂര്‍ത്ത നിലയിലായിരുന്നു നിര്‍മാണം. കൂര്‍ത്ത ഭിത്തിയില്‍ തട്ടി വെള്ളം ഒഴുക്കിന് ശക്തികുറഞ്ഞ് ഇരുവശത്തേക്കും പോകും. നിര്‍ദിഷ്ട തടയണയുടെ സമീപത്തെ മണല്‍ വാരല്‍ തൂണിന്റെ അടിത്തട്ട് ദുര്‍ബലമാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൊച്ചിന്‍ പാലം പുഴയില്‍ പതിച്ചതറിഞ്ഞ് നൂറുകണക്കിനാളുകളാണ് സമീപത്ത് ഇരുകരകളിലായും പുതിയ പാലത്തിന് മുകളിലായും തടിച്ചുകൂടിയത്. തുടര്‍ന്ന് പൊലീസിന് ഇടപെടേണ്ടതായും വന്നു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , കെ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചു.
(ജോബിന്‍സ് ഐസക്)

deshabhimani 111111

1 comment:

  1. ബുധനാഴ്ച ഭാരതപ്പുഴയില്‍ തകര്‍ന്നുവീണ ചെറുതുരുത്തി പഴയ കൊച്ചിന്‍ പാലം ഒരുനൂറ്റാണ്ടിലേറെ കാലം രണ്ട് ദേശങ്ങളെ ഒരുമിപ്പിച്ച ചരിത്രത്തിന്റെ ജീവനാഡി. പഴയ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള മലബാറിന്റെയും കൊച്ചി നാട്ടുരാജ്യത്തിന്റെയും അതിര്‍ത്തിയായിരുന്നു ഭാരതപ്പുഴയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച ഈ പാലം. പടയോട്ടങ്ങള്‍ ദേശാതിര്‍ത്തികളെ ഭേദിച്ച് ഇരമ്പിക്കയറിയ ഈ പാതയിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങള്‍ ഒഴുകിയിരുന്നു.

    ReplyDelete