Friday, November 11, 2011

ജനസമ്പര്‍ക്ക യാത്രാ പരിപാടി: നടന്നത് ചികിത്സാ ധനസഹായ വിതരണം മാത്രം

"വീടിന് അപേക്ഷിച്ചവര്‍ ഗ്രാമസഭയില്‍ അന്വേഷിച്ചാല്‍ മതി"

കയറിക്കിടക്കാന്‍ കൂരയില്ലാതെ കണ്ണീരുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയവരെ വെറും കൈയ്യോടെ മടക്കി. വീടിന് അപേക്ഷ നല്‍കിയവരോട് ഗ്രാമസഭയില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞാണ് മടക്കിയത്. വെങ്ങാനൂര്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷയുമായി എത്തിയവരെയാണ് വ്യക്തമായ മറുപടി നല്‍കാതെ തിരിച്ചയച്ചത്. ഇത്തരത്തില്‍ പരാതികളുമായി രാവിലെ എത്തിയ പലര്‍ക്കും രാത്രി വൈകി ലഭിച്ച മറുപടിയും താഴെ തട്ടിലുള്ള ഓഫീസില്‍ അന്വേഷിച്ചാല്‍ മതിയെന്നാണ്.

നടന്നത് ചികിത്സാ ധനസഹായ വിതരണം മാത്രം

നട്ടെല്ല് തകര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായവര്‍ ആംബുലന്‍സിലും സ്ട്രച്ചറിലും കൈയ്യും കാലും തളര്‍ന്ന് ചക്രക്കസേരയിലിരുന്ന് പരസഹായത്താല്‍ ജീവിതം തള്ളിനീക്കുന്നവര്‍ , നിരാലംബരായ വൃദ്ധര്‍ , വികലാംഗര്‍ ... ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ വെയിലത്ത് തിക്കിലും തിരക്കിലുംപെട്ട് ഈ പാവങ്ങള്‍ മണിക്കൂറുകള്‍ എരിപൊരി കൊണ്ടു.
വെള്ളക്കടലാസില്‍ അപേക്ഷ നല്‍കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു പ്രയാസവുമില്ലാതെ പതിറ്റാണ്ടുകളായി അനുവദിച്ചു വരുന്ന ധനസഹായം നല്‍കാന്‍ ജില്ലയുടെ മുക്കിലും മൂലയില്‍ നിന്നും നൂറുകണക്കിന് ആളുകളെ കൊണ്ടുവന്ന് ഉദ്യോഗസ്ഥര്‍ വലച്ചു. ജനങ്ങളെ നേരില്‍ക്കണ്ട് പ്രശ്നം പരിഹരിക്കാനെന്നു പറഞ്ഞ്വ്യാഴാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ജനസമ്പര്‍ക്ക യാത്രാ പരിപാടി മുഖ്യമന്ത്രിയെ കാണാന്‍ ജനങ്ങള്‍ക്ക് മണിക്കൂറുകള്‍ പൊരിവെയിലില്‍ നില്‍ക്കേണ്ടി വന്ന ദുരിതയാത്രയായി. മണിക്കൂറുകള്‍ കാത്തുനിന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോഴാകട്ടെ, ഇവര്‍ക്ക് കിട്ടിയത് അപേക്ഷ നല്‍കിയാല്‍ സാധാരണ നിലയില്‍ അപേക്ഷിച്ചാല്‍ വീട്ടിലെത്തുന്ന ആനുകൂല്യം മാത്രവും.

തെങ്ങില്‍നിന്നു വീണ് നട്ടെല്ല് തകര്‍ന്ന് 13 വര്‍ഷമായി കിടപ്പിലായ കരകുളം സ്വദേശി ശശിധരനെ കൊണ്ടുവന്നത് ആംബുലന്‍സില്‍ . സ്റ്റേജിനു തൊട്ടുപിന്നില്‍ കിടന്ന ആംബുലന്‍സില്‍നിന്നും സ്ട്രച്ചറില്‍ വേദിയിലേക്ക്. മുഖ്യമന്ത്രി സഹായം കൊടുക്കുന്നത് തത്സമയ സപ്രേഷണത്തില്‍ വരാനാണ് തിളയ്ക്കുന്ന വെയിലില്‍ ശശിധരനെ കൊണ്ടുവന്നത്. ശശിധരന്‍ മാത്രമല്ല ഈ "ജനസമ്പര്‍ക്ക" പരിപാടിയുടെ ഇരയായത്. കൈയ്യും കാലും നട്ടെല്ലും തളര്‍ന്നു കിടപ്പിലായ തിരുവല്ലം സ്വദേശികളായ പ്രവീണിനെയും അജിയെയും ബന്ധുക്കള്‍ ചക്രക്കസേരയില്‍ ഉന്തിക്കൊണ്ടുവരികയായിരുന്നു. ഇവരും പൊരിവെയിലത്ത് മണിക്കൂറുകളോളം ചികിത്സാസഹായം അനുവദിച്ചുകിട്ടാന്‍ ഊഴം കാത്തിരുന്നു.

ഇവരെപ്പോലെ ദുരിതമനുഭവിക്കുന്ന നൂറുകണക്കിനുപേരാണ് ജില്ലയുടെ വിദൂരപ്രദേശങ്ങളില്‍ നിന്നുവരെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതിനിടെ, അപേക്ഷ നല്‍കാനുള്ള ക്യൂ മറികടന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തക്കാരുടെ പരാതി മുഖ്യമന്ത്രിക്കു മുന്നില്‍ അതിവേഗം എത്തിച്ചുകൊണ്ടിരുന്നു. ഇവരുടെ തിക്കും തിരക്കുംമൂലം വേദി പൊളിഞ്ഞുവീഴുമോ എന്നും ആശങ്കയുണ്ടായി. പൊരിവെയിലില്‍ മണിക്കൂറുകളോളം ക്യൂ നിന്ന പലരുംഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. റേഷന്‍ കാര്‍ഡ്, പട്ടയം, കൈവശാവകാശരേഖ, വിവിധ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയവയാണ് അപേക്ഷകളായി മുഖ്യമന്ത്രിക്കു മുന്നില്‍ എത്തിയതില്‍ ഏറെയും. ഇവയ്ക്കൊന്നും കൃത്യമായ പരിഹാരം വ്യാഴാഴ്ച ഉണ്ടായതുമില്ല. നേരത്തെ തീരുമാനിച്ച ചികിത്സാസഹായം വിതരണം ചെയ്യല്‍ മാത്രമാണ് കുറച്ചെങ്കിലും നടന്നത്. സ്റ്റേഡിയത്തില്‍ ക്യൂ നിന്ന് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയ ഭൂരിപക്ഷം പേര്‍ക്കും അതത് സ്ഥലത്തെ ഓഫീസുകളിലെത്താനുള്ള നിര്‍ദേശമാണ് കിട്ടിയത്.

ജനസമ്പര്‍ക്കപരിപാടിയില്‍ 17,000ത്തിലധികം പരാതി പരിഹരിച്ചതായി സംഘാടകര്‍

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ 17,000ത്തിലധികം പരാതി പരിഹരിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 50 ലക്ഷത്തിലധികം രൂപ അനുവദിച്ചു. രോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം, വികലാംഗര്‍ , വിധവകള്‍ തുടങ്ങിയവര്‍ക്കുള്ള പെന്‍ഷന്‍ , കുടുംബപെന്‍ഷന്‍ , വീട് നിര്‍മിക്കാനും പുനരുദ്ധരിക്കാനും, പഠനാവശ്യങ്ങള്‍ക്കുള്ള ധനസഹായങ്ങള്‍ , കടം എഴുതിത്തള്ളാനും, ലോണുകളുടെ തിരിച്ചടവ് സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍ അപേക്ഷയും പരാതികളും ഉണ്ടായിരുന്നത്. അപേക്ഷയുമായി എത്തിയ മൂന്ന് വികലാംഗര്‍ക്ക് ട്രൈവീലറുകള്‍ അനുവദിച്ചു. മുന്നൂറോളം അപേക്ഷകരുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കുന്നതിന് നിര്‍ദേശം നല്‍കി. ദുരിതാശ്വാസഫണ്ടില്‍നിന്ന് ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ട് ആനുകൂല്യം ലഭിക്കാത്തവര്‍ അതത് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

28,500 അപേക്ഷ ആകെ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി 11,600 അപേക്ഷ ലഭിച്ചു. 60 ലക്ഷം രൂപ അനുവദിച്ചു. വികലാംഗ പെന്‍ഷനായി 55 ലക്ഷവുംവന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ 15 പേര്‍ക്കായി മൂന്നുലക്ഷവും പശുവളര്‍ത്തല്‍ യന്ത്രവല്‍ക്കരണത്തിനായി 15 പേര്‍ക്ക് 15 ലക്ഷവും അനുവദിക്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30നാണ് പരിപാടി ആരംഭിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ജനസമ്പര്‍ക്കപരിപാടിയില്‍ കഴിയില്ലെന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍മാത്രമേ കഴിയൂ എന്നും പരിപാടി രാവിലെ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് കാര്യങ്ങള്‍ പരിഹരിക്കുകയാണ് ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായി.

deshabhimani 111111

1 comment:

  1. കയറിക്കിടക്കാന്‍ കൂരയില്ലാതെ കണ്ണീരുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയവരെ വെറും കൈയ്യോടെ മടക്കി. വീടിന് അപേക്ഷ നല്‍കിയവരോട് ഗ്രാമസഭയില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞാണ് മടക്കിയത്. വെങ്ങാനൂര്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷയുമായി എത്തിയവരെയാണ് വ്യക്തമായ മറുപടി നല്‍കാതെ തിരിച്ചയച്ചത്. ഇത്തരത്തില്‍ പരാതികളുമായി രാവിലെ എത്തിയ പലര്‍ക്കും രാത്രി വൈകി ലഭിച്ച മറുപടിയും താഴെ തട്ടിലുള്ള ഓഫീസില്‍ അന്വേഷിച്ചാല്‍ മതിയെന്നാണ്.

    ReplyDelete