Monday, November 7, 2011

മൃതിയുടെ കറുത്തകാലം വീണ്ടും

കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍വീണ്ടും ഉയരുമ്പോള്‍ കേരളീയര്‍ ഞെട്ടലോടെ ഓര്‍ക്കുന്നത് കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെ അഞ്ചുവര്‍ഷങ്ങള്‍ . സംസ്ഥാനത്തെ നൂറുകണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടിക്കുന്ന ഓര്‍മകളാണ് ജനങ്ങളുടെ മനസ്സില്‍ . 2001നും 2006നുമിടയില്‍ ഏകദേശം 1300 കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതില്‍ മൂന്നരവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ എ കെ ആന്റണിയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയും.
കേരളത്തില്‍ കര്‍ഷക ആത്മഹത്യയെയില്ലെന്നാണ് അന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും പറഞ്ഞത്. മദ്യാസക്തിയും മാനസ്സിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നു പറഞ്ഞ് ആക്ഷേപിച്ചവരില്‍ മന്ത്രിമാരുമുണ്ടായിരുന്നു. മാധ്യമങ്ങളും കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഇതര സാമൂഹ്യസംഘടനകളുമെല്ലാം കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോഴും സര്‍ക്കാര്‍ മുഖംതിരിഞ്ഞുനിന്നു. കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ നടപടിവേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എംപിമാര്‍ക്ക് കേരളത്തില്‍ ആത്മഹത്യയുള്ളതായി സംസ്ഥാനം ഒരു റിപ്പോര്‍ട്ടുപോലും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും സഹമന്ത്രി അഖിലേഷ് പ്രസാദ് സിങ്ങും മറുപടി നല്‍കിയത്. കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നടക്കില്ലെന്ന സമീപനമാണ് റവന്യൂമന്ത്രി കെ എം മാണി സ്വീകരിച്ചത്. സഹകരണമന്ത്രിയായിരുന്ന എം വി രാഘവനും "കാര്‍ഷിക കടം എഴുതി തള്ളില്ല" എന്നു തന്നെ ആവര്‍ത്തിച്ചു. പകരം കര്‍ഷക ആത്മഹത്യ തടയാന്‍ കൗണ്‍സലിങ് നടത്താമെന്ന ഔദാര്യമാണ് അദ്ദേഹം കാണിച്ചത്.

വിദര്‍ഭ മാതൃകാ പാക്കേജില്‍ സംസ്ഥാനത്തെ കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടാതെ പോയത് യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകള്‍ മറച്ചുവച്ചതിനാലായിരുന്നു. കാര്‍ഷികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടക്കത്തിലെത്തിയ ജില്ലകളെയാണ് വിദര്‍ഭ മാതൃകാ പാക്കേജിന് കേന്ദ്രം പരിഗണിച്ചത്. 1999 മുതല്‍ 2006 വരെ കേരളത്തില്‍ 507 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 321ഉം വയനാട്ടിലാണ്. പാലക്കാട്ട് 86. കാസര്‍കോട്ട് 20. മറ്റു ജില്ലകളിലെ കര്‍ഷക ആത്മഹത്യകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കണക്കുപ്രകാരം പത്തില്‍ താഴെ മാത്രം. കാര്‍ഷികതകര്‍ച്ചമൂലം ഇടുക്കിയടക്കമുള്ള ജില്ലകളില്‍ നിരവധി പേര്‍ ജീവനൊടുക്കിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ ഇതെല്ലാം മറ്റു പല കാരണങ്ങളും കൊണ്ടാണെന്ന് വരുത്തുകയായിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ നയം കാര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ , തന്റെ ഭരണത്തില്‍ ആത്മഹത്യ അസംഭവ്യം എന്നാണ് കൃഷിമന്ത്രി പ്രഖ്യാപിച്ചത്. ഈ സഭാസമ്മേളനം തീരുന്നതിനുമുമ്പെ വയനാട്ടില്‍ രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

കര്‍ഷക ആത്മഹത്യ സാമ്പത്തികനയത്തിന്റെ പിന്തുടര്‍ച്ച: ഇ പി

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പിന്തുടരുന്ന നയങ്ങളുടെ പരിണതഫലമായാണ്് കര്‍ഷക ആത്മഹത്യ തിരികെയെത്തുന്നതെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യ യാദൃച്ഛികമല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരം വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം കര്‍ഷകരുടെ കണ്ണീരുവീണ ദുരിതഭൂമിയായിരുന്നു. വിളകളുടെ വിലത്തകര്‍ച്ചയും സബ്സിഡി വെട്ടിക്കുറച്ചതും വളത്തിന്റെ വിലവര്‍ധനയും എല്ലാം ചേര്‍ന്ന് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വയനാട്ടില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കടക്കെണിയുടെയും ആത്മഹത്യയുടെയും ഊരാക്കുടുക്കില്‍ അകപ്പെട്ടത്. വയനാട്ടില്‍മാത്രം 532 പേരാണ് ഇങ്ങനെ ജീവനൊടുക്കിയത്. കേരളത്തില്‍ 1300 കര്‍ഷകര്‍ യുഡിഎഫ് ഭരണകാലത്ത് ആത്മഹത്യചെയ്തതായി സര്‍ക്കാര്‍ കണക്കുകള്‍തന്നെ പറയുന്നു. ഇതേ ദുരിതമാണ് മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും പരുത്തിക്കര്‍ഷകരും നേരിടേണ്ടി വന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യുപിഎയുടെ സാമ്പത്തികനയങ്ങളുടെ ഫലമായി കാര്‍ഷികമേഖല തകര്‍ന്നു എന്നത് യാഥാര്‍ഥ്യമാണ്.

എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കര്‍ഷക ആത്മഹത്യകളുടെ കാരണം പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. നെല്‍കര്‍ഷകര്‍ക്ക് ഉല്‍പ്പാദനചെലവിന്റെ കാല്‍ഭാഗംമാത്രമാണ് കൃഷിയില്‍നിന്ന് ലഭിക്കുന്നത് എന്ന് കണ്ടെത്തി. കൃഷിക്കാര്‍ക്ക് കടാശ്വാസം പ്രഖ്യാപിച്ചു. കടത്തിന്റെ പലിശ കുറച്ചു. നെല്‍കൃഷിക്കാരുടെയടക്കം മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിതള്ളി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തി. ആത്മഹത്യചെയ്തവരുടെ മുഴുവന്‍ ബാധ്യതകളും എഴുതിത്തള്ളി കുടുംബങ്ങളെ സംരക്ഷിച്ചു. നെല്ലിന്റെ സംഭരണവില ഏഴുരൂപയില്‍നിന്ന് പടിപടിയായി 14 രൂപയാക്കി. ഇങ്ങനെ സമഗ്രമായ പാക്കേജിലൂടെ കര്‍ഷകഭവനങ്ങളിലേക്കും കൃഷയിടങ്ങളിലും എല്‍ഡിഎഫ് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ചോര്‍ന്നുതുടങ്ങിയതിന്റെ തെളിവാണ് പുതിയ ആത്മഹത്യാവാര്‍ത്തകള്‍ . ഇതിനെതിരെ കൃഷിക്കാരെ അണിനിരത്തിയുള്ള സമരമുഖം തുറക്കാന്‍ കര്‍ഷകസംഘം നിര്‍ബന്ധിതമാവുമെന്നും ജയരാജന്‍ പറഞ്ഞു.

കര്‍ഷകന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി: മുല്ലക്കര

കര്‍ഷകന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ എംഎല്‍എ പറഞ്ഞു. കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് ആത്മഹത്യ ഇല്ലാതാക്കിയത്. ഈ പദ്ധതികളുടെ തുടര്‍ച്ചയില്ലാതായയോടെ ഉടലെടുത്ത ആശങ്കയാണ് കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്ക് നയിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും ഉല്‍പ്പാദനക്കുറവുംമൂലം കടക്കെണിയിലായ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്. തങ്ങള്‍ തുടര്‍ന്ന ജീവിതനിലവാരവും താഴുന്നതോടെയാണ് അവര്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ തീരുമാനത്തിന് വേഗം കൂട്ടുന്നു.

കര്‍ഷകരുടെ കടങ്ങള്‍ക്ക് അടിയന്തര മോറട്ടോറിയം പ്രഖ്യാപിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒമ്പത് തവണ ഇത്തരത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുകയും പലിശബാധ്യത ഏറ്റെടുക്കുകയും ചെയ്തു. മോറട്ടോറിയം പ്രഖ്യപിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിനാവശ്യമായ വായ്പയും ലഭ്യമാക്കണം. എന്നാല്‍ , സര്‍ക്കാര്‍സഹായം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷന്‍പദ്ധതിയാണ് ഏറ്റവും വലിയ ഉദാഹരണം. പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ പരിമിതമായ 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 35 ലക്ഷത്തോളം കര്‍ഷകര്‍ക്ക് സഹായമാകേണ്ട പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഇനിയും ഒരു വ്യക്തത വന്നിട്ടില്ല. ധനവകുപ്പാണോ തൊഴില്‍വകുപ്പാണോ അതോ കൃഷിഭവനുകള്‍ വഴിയാണോ പദ്ധതി നടപ്പാക്കുന്നതെന്നത് ഇനിയും വ്യക്തമല്ല. എവിടെ അപേക്ഷിക്കണമെന്നുപോലും കര്‍ഷകനെ അറിയിച്ചിട്ടില്ലെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി.

വാഴക്കൃഷി ചെയ്തു, വഴിയാധാരമായി

കല്‍പ്പറ്റ: കൂലിപ്പണി ഉപേക്ഷിച്ച് വാഴക്കൃഷി ചെയ്തു എന്ന ഒറ്റ തെറ്റേ കോട്ടത്തറ പഞ്ചായത്തിലെ കമ്പളക്കാട് കളത്തില്‍ സൈനുദീന്‍ ചെയ്തിട്ടുള്ളൂ. ബാങ്കില്‍നിന്ന് കടം വാങ്ങിയും സ്വര്‍ണം പണയംവച്ചും സുഹൃത്തുക്കളില്‍നിന്ന് വായ്പ വാങ്ങിയും കൃഷി ചെയ്ത ഈ കര്‍ഷകന്‍ ഇപ്പോള്‍ എട്ടുലക്ഷം രൂപയുടെ കടക്കാരനാണ്. ആകെയുള്ള 12 സെന്റ് ഭൂമിയും പണിതീരാത്ത വീടും ഏത് നിമിഷവും കടക്കാര്‍ കൊണ്ടുപോകും. കടം വീട്ടാനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്താനും മറ്റ് വഴിയില്ലാതെ പ്രതിസന്ധിയുടെ നടുക്കയത്തിലാണ് ഈ ചെറുപ്പക്കാരന്‍ . സൈനുദീനെപ്പോലെ ആയിരങ്ങളാണ് വയനാട്ടില്‍ വാഴക്കൃഷിചെയ്ത് വഴിയാധാരമായത്.

15 വര്‍ഷം മുമ്പ് ഭൂമി പാട്ടത്തിനെടുത്താണ് സൈനുദീന്‍ കൃഷി ആരംഭിച്ചത്. അക്കാലത്ത് കൃഷിയില്‍ ഇത്ര ഭീമനഷ്ടം സംഭവിച്ചില്ല. കഴിഞ്ഞ വര്‍ഷം പത്തര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് 13,500 വാഴ നട്ടതോടെ കഷ്ടകാലം തുടങ്ങി. 12 സെന്റ് ഭൂമിക്ക് ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കില്ല. അതിനാല്‍ , ഭവനനിര്‍മാണത്തിനെന്ന പേരില്‍ വായ്പയെടുത്തു. കൃഷിയോടുള്ള അഭിനിവേശമാണ് ഇതിന് പ്രേരിപ്പിച്ചത്. സുഹൃത്തുക്കളുടെ ഭാര്യമാരുടെ സ്വര്‍ണം പണയംവച്ചും വായ്പ സമാഹരിച്ചാണ് കൃഷി ഇറക്കിയത്. കനത്ത മഴയില്‍ പകുതിയിലേറെ വാഴകള്‍ നിലംപൊത്തി. ബാക്കിയുള്ളവ കിലോയ്ക്ക് എട്ടുരൂപ നിരക്കില്‍ വില്‍ക്കേണ്ടി വന്നു. ഇതോടെ സൈനുദീന്‍ എട്ടുലക്ഷം രൂപയുടെ കടക്കാരനായി. സൈനുദീനെപ്പോലെ ലക്ഷങ്ങള്‍ കടമെടുത്ത് കൃഷിചെയ്തവര്‍ ഇപ്പോള്‍ രക്ഷപ്പെടാനാകാത്ത കടക്കെണിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ നടന്ന രണ്ടു കര്‍ഷക ആത്മഹത്യയും വരാന്‍ പോകുന്ന വന്‍ ദുരന്തത്തിന്റെ സൂചന നല്‍കുന്നു. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍മാത്രം നഷ്ടപരിഹാരം നല്‍കി തടിയൂരുന്നവര്‍ മൂക്കറ്റം കടത്തില്‍ മുങ്ങിയ ഭൂരിപക്ഷത്തെ അവഗണിക്കുകയാണ്.
(പി ഒ ഷീജ)

ഇഞ്ചിപ്പാടങ്ങള്‍ കണ്ണീര്‍ക്കയങ്ങള്‍

കല്‍പ്പറ്റ: കുരുമുളകും കാപ്പിയും ഉപേക്ഷിച്ച വയനാടന്‍ മണ്ണ് മടങ്ങിയത് ഇഞ്ചിയിലേക്ക്. 2001-06 കാലത്തെ കാര്‍ഷികദുരന്തങ്ങള്‍ നല്‍കിയ അനുഭവങ്ങളില്‍നിന്നായിരുന്നു ഈ മാറ്റം. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞില്ല, വിളഞ്ഞുനില്‍ക്കുന്ന ഇഞ്ചിപ്പാടങ്ങളില്‍നിന്ന് വീണ്ടും നിലവിളി ഉയരുന്നു. വിപണിയില്‍ ഇഞ്ചിക്കുണ്ടായ ആവശ്യകതയാണ് കര്‍ഷകരെ ഈ കൃഷിയിലേക്ക് മാറ്റിയത്. കാപ്പിത്തോട്ടങ്ങളില്‍ അധ്വാനം കൂടുതലും ഉല്‍പ്പാദനം കുറവുമായപ്പോള്‍ ഇടവിളയായി ഇഞ്ചിനട്ടു. കുരുമുളകു വള്ളികള്‍ വേരോടെ പിഴുതെറിഞ്ഞ് അവിടെയുംഇഞ്ചി വിളയിച്ചു. ഒരുവര്‍ഷം മുമ്പുവരെ എല്ലാം ശുഭമായിരുന്നു. ചെലവും ഉല്‍പ്പാദനവും വരുമാനവും ഒത്തുനോക്കിയപ്പോള്‍ കര്‍ഷകര്‍ക്ക് മെച്ചംതന്നെ. കര്‍ണാടകയിലേക്ക് കടന്ന് ഇഞ്ചി നട്ടവരും സ്വന്തം നാട്ടില്‍ കൃഷി തുടങ്ങി. ഒരു ചാക്ക് ഇഞ്ചിക്ക് 3000 രൂപ വരെ കിട്ടി. പതിനായിരങ്ങള്‍ ഈ കൃഷിയിലേക്ക് പുതുതായി എത്തി.

കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. 2003ല്‍ ഇഞ്ചിക്ക് മികച്ച വിലയുണ്ടായപ്പോള്‍ ചൈനയില്‍നിന്ന് ഇറക്കുമതിചെയ്താണ് ലോബി അതിനെ നേരിട്ടത്. ഇപ്പോള്‍ നേപ്പാളില്‍നിന്നാണ് ഇറക്കുമതി. ഇഞ്ചിക്ക് ഇപ്പോള്‍ ചാക്കിന് 490 രൂപയും കിലോയ്ക്ക് എട്ടുരൂപയും മാത്രം. ഇഞ്ചി കൃഷിക്ക് വന്‍മുതല്‍മുടക്ക് വേണമെന്ന് പുലപ്പള്ളി വണ്ടിക്കടവില്‍ മൂന്നേക്കറില്‍ കൃഷിചെയ്യുന്ന ടി ആര്‍ രവി പറഞ്ഞു. 20,000 രൂപയ്ക്കുമുകളിലാണ് ഒരേക്കറിന് പാട്ടത്തുക. ഒരേക്കറില്‍ 1200 മുതല്‍ 1500 കിലോവരെ വിത്ത് നടും. വിത്തിന് കിലോയ്ക്ക് 50 രൂപ. വളത്തിന് വില കുത്തനെ കൂട്ടിയത് കര്‍ഷകരെ ബാധിച്ചു. കിലോയ്ക്ക് ആറു രൂപയായിരുന്ന പൊട്ടാഷിന് 13.50 രൂപയായി. ഏഴില്‍നിന്ന് കോംപ്ലക്സ് വളം 18 രൂപയായി. ഒരു ചാക്ക് ഇഞ്ചി പറിച്ച് കഴുകാന്‍ 250 രൂപയാണ് കൂലി. ഒരുചാക്ക് ഇഞ്ചി ഉല്‍പ്പാദിപ്പിക്കാന്‍ 2000 രൂപയിലേറെയാണ് ചെലവ്. ഇപ്പോള്‍ കിട്ടുന്നത് 490 രൂപയും.

"പിന്നെങ്ങനെ കര്‍ഷകന്‍ കടം വീട്ടും?" ഇത് വയനാട്ടിലെ സാധാരണക്കാരുള്‍പ്പെടെ ചോദിക്കുകയാണ്. മഹാളിയും ചീയലും പടരുന്നതും ദുരിതത്തിലാക്കുന്നു. പറിച്ചെടുത്താല്‍ കൂലി കൊടുക്കാനും തികയില്ല. സര്‍ക്കാര്‍ സഹായം ഇഞ്ചിക്കൃഷിക്ക് ലഭിക്കുന്നില്ല. ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇഞ്ചികൃഷി വയനാട്ടില്‍ മറ്റൊരു ദുരന്തമാകും.
(ഒ വി സുരേഷ്)

deshabhimani 071111

1 comment:

  1. കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍വീണ്ടും ഉയരുമ്പോള്‍ കേരളീയര്‍ ഞെട്ടലോടെ ഓര്‍ക്കുന്നത് കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെ അഞ്ചുവര്‍ഷങ്ങള്‍ . സംസ്ഥാനത്തെ നൂറുകണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടിക്കുന്ന ഓര്‍മകളാണ് ജനങ്ങളുടെ മനസ്സില്‍ . 2001നും 2006നുമിടയില്‍ ഏകദേശം 1300 കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതില്‍ മൂന്നരവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ എ കെ ആന്റണിയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയും.

    ReplyDelete