Friday, November 11, 2011

രഹസ്യമായി നിയമന ഉത്തരവ്; പ്രശസ്തരെയും തഴഞ്ഞു

കാസര്‍കോട് ആസ്ഥാനമായ കേന്ദ്ര സര്‍വകലാശാലയിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവുമെന്ന് ആരോപണം. അധ്യാപക-അനധ്യാപക നിയമനങ്ങളിലാണ് നിയമവും യോഗ്യതാ മാനദണ്ഡങ്ങളും കാറ്റില്‍ പറന്നത്. കോടതിയുടെയും മറ്റും ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമന ഉത്തരവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വകാര്യമായി ഇ- മെയില്‍ ചെയ്യുകയാണ്. സ്വന്തക്കാരെ നിയമിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന-ഗവേഷണ പരിചയവും ഉള്ളവരെ തഴഞ്ഞു. രാജ്യാന്തരതലത്തില്‍ പ്രശസ്തരായവര്‍ പോലും പരിഗണിക്കപ്പെട്ടില്ല.

അധ്യാപക ഒഴിവുകളിലേക്ക് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ നടന്ന ഇന്റര്‍വ്യുവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ്. അനധ്യാപക തസ്തികകളില്‍ ഇപ്പോള്‍ ഇന്റര്‍വ്യു നടക്കുകയാണ്. 2010 ജൂണ്‍ 11ന്റെ പരസ്യപ്രകാരം ഒരു പ്രൊഫസര്‍ , രണ്ട് അസോസിയേറ്റ് പ്രൊഫസര്‍ , മൂന്ന് അസി. പ്രൊഫസര്‍ എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചത്. കംപാരറ്റീവ് ലിറ്ററേച്ചര്‍ , ഇക്കണോമിക്സ്, അനിമല്‍ സയന്‍സ്, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, ജിനോമിക് സയന്‍സ്, ഫിസിക്സ് വിഷയങ്ങളിലാണ് അധ്യാപക നിയമനം. ഇക്കണോമിക്സിലൊഴികെ ഇന്റര്‍വ്യു പൂര്‍ത്തിയായി. ഇന്റര്‍വ്യുവിന് മുമ്പുതന്നെ അപേക്ഷകരില്‍ ചിലരെ ഏജന്റുമാര്‍ സമീപിച്ചതായാണ് വിവരം. ഉയര്‍ന്ന ശമ്പളസ്കെയിലും 65 വയസുവരെ ജോലിയുമുള്ള തസ്തികയില്‍ അരക്കോടി രൂപയാണ് കോഴ ആവശ്യപ്പെട്ടത്. കോട്ടയം സ്വദേശിയാണെന്നും ഭരണകക്ഷി നേതാക്കളുമായി ബന്ധമുണ്ടെന്നും സര്‍വകലാശാല വൈസ്ചാന്‍സലര്‍ നാട്ടുകാരിയായതിനാല്‍ പറയുംപോലെ ചെയ്യുമെന്നുമാണ് ഏജന്റ് പറയുന്നത്.

നിയമനം ലഭിച്ചവരിലേറെയും കുറഞ്ഞ യോഗ്യതക്കാരും വകുപ്പ് തലവന്മാരുടെ കീഴിലെ മുന്‍ വിദ്യാര്‍ഥികളുമാണ്. ഇഷ്ടപ്പെട്ടവരെ നിയമിക്കുന്നതിന് ചില തസ്തിക ഒഴിച്ചിട്ടിട്ടുമുണ്ട്. ഫിസിക്സ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തിയിട്ടില്ല. പ്രശസ്തരായവര്‍ അപേക്ഷകരായിരുന്നിട്ടും യോഗ്യതയുള്ളവര്‍ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ ന്യായീകരണം. 1988 മുതല്‍ മംഗളൂരു സര്‍വകലാശാലയില്‍ ലക്ചററും റീഡറും പ്രൊഫസറും ഇപ്പോള്‍ വകുപ്പ് മേധാവിയുമായ മഞ്ജുനാഥ പട്ടാഭി അധിക യോഗ്യതയുള്ള അപേക്ഷകനായിരുന്നു. കൊല്‍ക്കത്ത സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിലെ പ്രൊഫസര്‍ പി എം ജി നമ്പീശന്‍ ഉള്‍പ്പെടെ പ്രഗത്ഭരായ മറ്റു പലരും ഇന്റര്‍വ്യുവിന് എത്തിയിരുന്നു. ഇവരെല്ലാം മതിയായ യോഗ്യതയില്ലാത്തവരാണെന്നാണ് ഇന്റര്‍വ്യു ബോര്‍ഡിന്റെ വിലയിരുത്തല്‍ .
(എം ഒ വര്‍ഗീസ്)

deshabhimani 111111

1 comment:

  1. കാസര്‍കോട് ആസ്ഥാനമായ കേന്ദ്ര സര്‍വകലാശാലയിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവുമെന്ന് ആരോപണം. അധ്യാപക-അനധ്യാപക നിയമനങ്ങളിലാണ് നിയമവും യോഗ്യതാ മാനദണ്ഡങ്ങളും കാറ്റില്‍ പറന്നത്. കോടതിയുടെയും മറ്റും ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമന ഉത്തരവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വകാര്യമായി ഇ- മെയില്‍ ചെയ്യുകയാണ്. സ്വന്തക്കാരെ നിയമിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന-ഗവേഷണ പരിചയവും ഉള്ളവരെ തഴഞ്ഞു. രാജ്യാന്തരതലത്തില്‍ പ്രശസ്തരായവര്‍ പോലും പരിഗണിക്കപ്പെട്ടില്ല.

    ReplyDelete