Friday, November 18, 2011

ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്ന് പെണ്‍കുട്ടികള്‍ വീണ്ടും

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന രീതിയില്‍ മൊഴി നല്‍കിയത് ഭീഷണിയുണ്ടായതിനാലാണെന്ന് കേസിലെ സാക്ഷികളായ റോസ്ലിനും ബിന്ദുവും വീണ്ടും പരാതി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി സ്വദേശി ഷെരീഫാണ് ഭീഷണിപ്പെടുത്തിയതെന്നും ഇവര്‍ ചൊവ്വാഴ്ച നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൊഴിമാറ്റം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു മുന്നിലാണ് ഭീഷണിയും സമ്മര്‍ദവും കാരണം സത്യസന്ധമായ വിവരങ്ങള്‍ നല്‍കാനായില്ലെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ പീഡനത്തിനിരയായവരാണ് റോസ്ലിനും ബിന്ദുവും. മൊഴിമാറ്റിച്ചത് സമ്മര്‍ദംമൂലമാണെന്നു കാണിച്ച് ഇവര്‍ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ നിന്ന്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക സംഘാംഗമായ ഡിവൈഎസ്പി ജയ്സണ്‍ എബ്രഹാം ചോദ്യംചെയ്തപ്പോള്‍ ഓര്‍മയുള്ളതെല്ലാം വിശദമായി പറഞ്ഞു. അതിനുശേഷം മൊഴിമാറ്റം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ചോദ്യംചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് ഷെരീഫ് ഫോണില്‍ വിളിച്ച് ചേളാരിയിലെ വീട്ടിലെത്താന്‍ നിര്‍ബന്ധിച്ചു. മുമ്പ് പല തവണ പണം തന്നതിനാല്‍ പോയി. അവിടെവച്ച് ഷെരീഫ് പേടിപ്പിക്കുകയും അയാള്‍ പറയുന്നതുപോലെ ക്രൈംബ്രാഞ്ചിനു മുന്നില്‍ പറയണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞുതന്നു. അനുസരിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്നും ഭരണത്തിലുള്ളത് ആരാണെന്ന് മറക്കേണ്ടെന്നും ഓര്‍മിപ്പിച്ചു. ഷെരീഫ് പറഞ്ഞുതന്ന ചോദ്യങ്ങള്‍ മാത്രമായിരുന്നു ക്രൈംബ്രാഞ്ച് ചോദിച്ചത്. പറഞ്ഞുതന്ന മറുപടി ഞങ്ങള്‍ മൊഴിയായി നല്‍കി. കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പിന്നിലെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും ഇരുവരും വെവ്വേറെ നല്‍കിയ പരാതിയിലുണ്ട്.

ഭീഷണിപ്പെടുത്തിയതിനാലാണ് സത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാതിരുന്നത്. ഭീഷണിപ്പെടുത്തിയ ഷെരീഫിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐസ്ക്രീം കേസ് അന്വേഷണം യുഡിഎഫ് ഭരണമേറ്റശേഷം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ അംഗങ്ങള്‍ക്ക് മറ്റു ചുമതല നല്‍കിയതിനാല്‍ സംഘം നിര്‍ജീവമാണ്. കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ അരങ്ങേറവെയാണ് ഇരകള്‍കൂടിയായ സാക്ഷികളായ യുവതികളുടെ മൊഴിമാറ്റിച്ചെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. കേസിലെ ഒന്നാംസാക്ഷി റജീനയുടെ മൊഴിമാറ്റിച്ചെന്ന് ആറുവര്‍ഷം മുമ്പ് അവര്‍ വെളിപ്പെടുത്തിയിരുന്നു.

deshabhimani 171111

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന രീതിയില്‍ മൊഴി നല്‍കിയത് ഭീഷണിയുണ്ടായതിനാലാണെന്ന് കേസിലെ സാക്ഷികളായ റോസ്ലിനും ബിന്ദുവും വീണ്ടും പരാതി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി സ്വദേശി ഷെരീഫാണ് ഭീഷണിപ്പെടുത്തിയതെന്നും ഇവര്‍ ചൊവ്വാഴ്ച നടക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

    ReplyDelete