Friday, November 18, 2011

അഭിഭാഷകനായി മാണിയുടെ ബന്ധു; വിവാദമായപ്പോള്‍ രാജിക്ക്

മൂന്നാര്‍ കൈയേറ്റക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി മന്ത്രി മാണിയുടെ ബന്ധു. മൂന്നാറില്‍ സ്ഥലം കൈയേറിയെന്ന് ആരോപണമുള്ള അഭിഭാഷകനായ ഈ റിസോട്ട് ഉടമ, നിയമനം വിവാദമായതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. നിയമമന്ത്രി കെ എം മാണിയുടെ ഭാര്യാബന്ധുവും കേരള കോണ്‍ഗ്രസ് ദേവികുളം മണ്ഡലം പ്രസിഡന്റുമായ മാത്യുവിനെയാണ് ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്. പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരത്ത് "നെസ്റ്റ്" എന്ന റിസോര്‍ട്ടിന്റെ ഉടമയാണ് ഇദ്ദേഹം. മാത്യുവിന് പുറമേ അഭിഭാഷകരായ ജോണ്‍സന്‍ പീറ്റര്‍ , പി ജെ മാത്യൂ എന്നിവര്‍ക്കും ഈ റിസോര്‍ട്ടില്‍ ഉടമാവകാശമുണ്ട്. 13 സെന്റിലുള്ള ഈ റിസോര്‍ട്ടിന്റെ പട്ടയം വളഞ്ഞ വഴിയില്‍ സംഘടിപ്പിച്ചതാണെന്ന് നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാര്‍ മേഖലയിലെ നിരവധി കൈയേറ്റങ്ങള്‍ക്ക് പിന്നിലും ഈ അഭിഭാഷകനുണ്ടെന്നാണ് സൂചനകള്‍ . നിയമന ഉത്തരവ് കിട്ടിയിട്ടില്ലെങ്കിലും ചാനലുകളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ നിയമവകുപ്പിനെ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.

ഹൈക്കോടതിയില്‍ മൂന്നാര്‍ ഭൂമികേസുകളുടെ ചുമതലയുണ്ടായിരുന്ന അഭിഭാഷകയില്‍നിന്ന് സ്വന്തക്കാരനായ മറ്റൊരാള്‍ക്ക് നിയമവകുപ്പ് കഴിഞ്ഞദിവസം മാറ്റി നല്‍കിയിരുന്നു. ഇതും വിവാദമായി. റവന്യു മന്ത്രിയടക്കം എതിര്‍പ്പുമുയര്‍ത്തി. ഇതോടെ ചുമതല പുനഃസ്ഥാപിച്ച് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. മാത്യുവിന്റെ നിയമനവും പ്രശ്നമാകുമെന്ന് കണ്ടതോടെ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യാഴാഴ്ച എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നും ട്രൈബ്യൂണല്‍ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് പറഞ്ഞു. വിപുലമായ അധികാരങ്ങളോടെ എല്‍ഡിഎഫ് സര്‍ക്കാരാണ് മൂന്നാര്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളാണ് ചെയര്‍മാന്‍ . അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അഭിഭാഷകനും ജില്ല പ്ലീഡര്‍ - ഹൈക്കോടതി പ്ലീഡര്‍ നിലവാരത്തിലുള്ളയാളാകണം. ഈ മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കീഴ്കോടതിയില്‍ പ്ലീഡറായി പരിചയം മാത്രമുള്ള ബന്ധുവിനെ കെ എം മാണി നിയമിച്ചത്. സ്വന്തക്കാര്‍ കയ്യടക്കിയ ഭൂമി കൈവിട്ടുപോകരുതെന്ന ലക്ഷ്യം മാത്രമായിരുന്നു ഈ നിയമനത്തിനും പിന്നില്‍ . പ്രോസിക്യൂട്ടറായി മന്ത്രി കെ എം മാണിയുടെ ബന്ധു മാത്യുവിനെ നിയമിച്ചതില്‍ ആക്ഷേപമുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. മാത്യു ചിത്തിരപുരത്ത് ഭൂമി കൈയേറിയതായി അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 181111

1 comment:

  1. മൂന്നാര്‍ കൈയേറ്റക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകരിച്ച മൂന്നാര്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി മന്ത്രി മാണിയുടെ ബന്ധു. മൂന്നാറില്‍ സ്ഥലം കൈയേറിയെന്ന് ആരോപണമുള്ള അഭിഭാഷകനായ ഈ റിസോട്ട് ഉടമ, നിയമനം വിവാദമായതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. നിയമമന്ത്രി കെ എം മാണിയുടെ ഭാര്യാബന്ധുവും കേരള കോണ്‍ഗ്രസ് ദേവികുളം മണ്ഡലം പ്രസിഡന്റുമായ മാത്യുവിനെയാണ് ട്രിബ്യൂണലില്‍ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്.

    ReplyDelete