Monday, November 14, 2011

സംസ്ഥാനത്ത് മെഡിക്കോ ലീഗോ കോഡ് നടപ്പിലാക്കി

സംസ്ഥാനത്ത് മെഡിക്കോ ലീഗോ കോഡ് നടപ്പിലാക്കി. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള മെഡിക്കോ ലീഗോ പരിശോധനകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മെഡിക്കോ ലീഗോ കോഡ്. കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി പ്രസിഡന്റും പാലക്കാട് ജില്ലാ പൊലീസ് സര്‍ജനുമായ ഡോ. പി ബി ഗുജറാളിന്റെ നേതൃത്വത്തിലാണ് കോഡ് തയാറാക്കിയത്.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവുകള്‍ ക്രോഡീകരിച്ചാണ് 19 പേജുള്ള മാര്‍ഗനിര്‍ദേശം തയാറാക്കിയത്. 2005 ലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരെ ലക്ഷ്യമിട്ടാണ് കോഡ് ഏര്‍പ്പെടുത്തുന്നത്.

ഇതില്‍ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗമ്യാ വധക്കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദമായിരുന്നു. മറ്റ് ചില കേസുകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം പ്രസിദ്ധീകരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് 1960കളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശവും ഇതില്‍ 1984ല്‍ വരുത്തിയ ഭേദഗതികളുമാണ് നിലവിലുണ്ടായിരുന്നത്. ഫോറന്‍സിക് ഡയറക്ടറായിരുന്ന ഡോ. വി കെ ജയപാലനാണ് 1984ല്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. എന്നാല്‍, സാഹചര്യങ്ങള്‍ മാറുകയും 2005 - 06 കാലഘട്ടങ്ങളില്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയും ചെയ്തതോടെയാണ് മെഡിക്കോ ലീഗോ പരിശോധനകളില്‍ കാലോചിത മാറ്റം വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

മനുഷ്യാവകാശ സംരക്ഷണം, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, ഡി എന്‍ എ പരിശോധന, വര്‍ധിച്ചുവന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ മെഡികോ ലീഗോ കോഡില്‍ എത്തുകയായിരുന്നു.
നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് കോഡ് തയ്യാറാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശിച്ച മാറ്റങ്ങളും ഉള്‍പ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.

വൂണ്ട് സര്‍ട്ടിഫിക്കറ്റ്, മദ്യപന്മാരുടെ പരിശോധന, ലൈംഗികക്ഷമതാ പരിശോധന, ലൈംഗിക പീഡനം, പ്രായം നിര്‍ണയിക്കല്‍ തുടങ്ങി പോസ്റ്റ്‌മോര്‍ട്ടം വരെയുള്ള മെഡിക്കോ ലീഗോ പരിശോധനകളാണ് കോഡില്‍ പ്രതിപാദിക്കുന്നത്. ഓരോ റിപ്പോര്‍ട്ടിന്റെയും മാതൃകയും നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ ആദ്യം പരിശോധിക്കുന്ന ഡോക്ടര്‍ തയാറാക്കേണ്ട റിപ്പോര്‍ട്ടിന്റേതടക്കമുള്ള പരിശോധനകളുടെ കോപ്പി പരിക്കേറ്റയാള്‍ക്ക് നല്‍കാനും നിര്‍ദേശിക്കുന്നുണ്ട്.

janayugom 141111

1 comment:

  1. സംസ്ഥാനത്ത് മെഡിക്കോ ലീഗോ കോഡ് നടപ്പിലാക്കി. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള മെഡിക്കോ ലീഗോ പരിശോധനകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മെഡിക്കോ ലീഗോ കോഡ്. കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി പ്രസിഡന്റും പാലക്കാട് ജില്ലാ പൊലീസ് സര്‍ജനുമായ ഡോ. പി ബി ഗുജറാളിന്റെ നേതൃത്വത്തിലാണ് കോഡ് തയാറാക്കിയത്.

    ReplyDelete