Wednesday, November 16, 2011

എന്‍ഡോസള്‍ഫാന്‍ : കേന്ദ്രവും കോണ്‍ഗ്രസും നിലപാട് തിരുത്തണം പിണറായി


കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഡിവൈഎഫ്ഐ സമാഹരിച്ച ഫണ്ട് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നിലച്ചു. പദ്ധതി നന്നായി നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചെയ്തത്. ജനങ്ങളുടെ ആരോഗ്യത്തില്‍ പരമപ്രധാനമായ നിലപാടെടുക്കേണ്ട സര്‍ക്കാര്‍ എന്‍ഡോസള്‍ഫാനനുകൂലമായ നിലപാടാണ് സ്വീകരിച്ചത.്് ഈ വിഷയത്തില്‍ ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനനുകൂലമായി നിന്നത് ദൗര്‍ഭാഗ്യകരമാണ്. ഹൈക്കോടതിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ഹാജരായത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയാണ്. അന്ന് കെപിസിസി പ്രതികരിച്ചില്ല. കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് ഇക്കാര്യത്തില്‍ ഒന്നു തന്നെയാണെന്ന് ഇതോടെ വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലമാണ് ഇതിനു തെളിവ്. രാജ്യത്തെ ജനങ്ങളെ കൊല്ലുകയും കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വിഷത്തിനൊപ്പം നിന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. എന്‍ഡോസള്‍ഫാന് ബദലില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.ആന്ധ്രയില്‍ 35000 ഏക്കറില്‍ ജൈവകീടനാശിനി ഉപയോഗിച്ച് കൃഷി നടത്തുന്ന കാര്യം സര്‍ക്കാര്‍ മറച്ചുവെച്ചു. ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാര്‍ എതിരായിരുന്നു. കേന്ദ്രവും കോണ്‍ഗ്രസും നിലപാടുകള്‍ തിരുത്താന്‍ തയ്യാറാവണമെന്നും പിണറായി ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുക: പിണറായി

പാലക്കാട്: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് കൊണ്ടുവന്ന അയ്യായിരം കോടി രൂപയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സിപിഐ എം ഒലവക്കോട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനവും മാട്ടുമന്തയില്‍ നിര്‍മിച്ച ഇ എം എസ് പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഒരു രൂപക്ക് അരി നല്‍കുമെന്ന് പറഞ്ഞ് രണ്ടുരൂപക്ക് അരി നല്‍കുന്ന പദ്ധതി അട്ടിമറിച്ചു. ജനിച്ച ഓരോ കുഞ്ഞിന്റേയും പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയും നടപ്പാക്കിയില്ല. മുഖ്യമന്ത്രി തന്നെ നിയമവാഴ്ച തകര്‍ക്കുന്നു. പാമോയില്‍ കേസില്‍ സംഭവിച്ചത് അതാണ്. പി സി ജോര്‍ജിനെ ഇറക്കിവിട്ട് ജഡ്ജിയെ ആക്ഷേപിച്ച് കേസില്‍നിന്ന് പിന്മാറ്റി. പ്രതിപക്ഷനേതാവ് വിഎസിനെ തെറിവിളിച്ചു. ആക്ഷേപം ഇപ്പോഴും തുടരുകയാണ്. എം വി ജയരാജനെ ശിക്ഷിച്ച കേസില്‍ കോടതി അതിരുവിട്ട് പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ജയരാജനെ പുഴുവെന്ന് വിളിച്ചു. ആദ്യം കഠിനതടവാണെന്ന് വിധിച്ചു. വ്യവസ്ഥയില്ലാത്ത വിധി എങ്ങനെയാണ് വന്നത്. സിപിഐ എം സമരം കോടതിയെ ശക്തിപ്പെടുത്താനാണ്. ജനങ്ങളാണ് ഏറ്റവും വലിയ കോടതിയെന്ന് ഓര്‍ക്കണം.

പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ചതിനെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ചാണ് നിയമം പാസ്സാക്കിയത്. അതും സ്റ്റേ ചെയ്തു. എല്‍ഡിഎഫിനോടൊപ്പംനിന്ന് നിയമപരമായ മാര്‍ഗം സ്വീകരിക്കുകയാണ് യുഡിഎഫ് വേണ്ടത്. എന്നാല്‍ സിപിഐ എമ്മിനെ കുറ്റംപറഞ്ഞ് നടക്കുകയാണ്. രാജ്യത്ത് എക്സിക്യൂട്ടീവ് അതിക്രമം കാണിച്ചാല്‍ ജനങ്ങള്‍ കോടതിയെയാണ് സമീപിക്കുക. ഭരണഘടനയാണ് ജനങ്ങള്‍ക്ക് സംഘടിക്കാനും യോഗം ചേരാനും അഭിപ്രായം പറയാനുമുള്ള അധികാരം നല്‍കിയത്. ആ മൗലികസ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ല. അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്നത് പാതയോരത്താണ്. ഈ അവകാശം കോടതി തടഞ്ഞാല്‍ യോഗം ചേരാനുള്ള അവകാശം ഉണ്ടാക്കുകയാണ് എക്സിക്യൂട്ടീവ് ചെയ്യേണ്ടത്. കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം മതഘോഷയാത്രകളോ ആറ്റുകാല്‍ പൊങ്കാല പോലുള്ള ആഘോഷങ്ങളോ നടത്താന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.

സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: പിണറായി

കൊയിലാണ്ടി: പാതയോരത്ത് പൊതുയോഗം നിരോധിച്ചതിനെതിരായ നിയമം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പിന്തുണയോടെയാണ് പാതയോര പൊതുയോഗം നിരോധിച്ചതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. പാതയോരത്ത് പൊതുയോഗം നടത്തുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതു സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്- കൊയിലാണ്ടി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) ഓഫീസ് "ചെത്തുതൊഴിലാളി മന്ദിരം" ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

ജനങ്ങളുടെയും നാടിന്റെയും അവകാശം സംരക്ഷിക്കാനാണ് സിപിഐ എമ്മിന്റെ പോരാട്ടം. ജയിലിലടച്ചാലൊന്നും പ്രക്ഷോഭം ഇല്ലാതാകില്ല. ഭരണഘടന സൃഷ്ടിച്ചത് ജനങ്ങളാണ്. ആ ജനങ്ങളില്‍ ജാഗ്രത ഉണര്‍ത്താനാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. രാഷ്ട്രീയകക്ഷികളുടെ പ്രസക്തിയും പ്രാധാന്യവും ജനാധിപത്യ സമൂഹത്തില്‍ നിഷേധിക്കാനാവില്ല. അതിനെയടക്കം ആക്ഷേപിക്കുന്ന കോടതി പരാമര്‍ശം അംഗീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ തയ്യാറാകണം- പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഡിവൈഎഫ്ഐ സമാഹരിച്ച ഫണ്ട് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete