കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെ കേരളത്തിലെ ബാങ്കുകള്‍ കാണിക്കുന്ന വിമുഖതയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിവയ്ക്കുന്നത്.
കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുകയോ വായ്പാ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യപ്പെടുന്നില്ല. കാര്‍ഷിക വായ്പകളോട് നിഷേധ സമീപനം സ്വീകരിക്കുന്ന ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് മൈക്രോ ഫിനാന്‍സിംഗ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പ കൂടിയ പലിശക്ക് കര്‍ഷകരില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍ ഏതാണ്ടെല്ലാംതന്നെ ഇത്തരം കടക്കെണികളുടെ കഥകളാണ് അനാവരണം ചെയ്യുന്നത്.
ഓരോ ജില്ലയിലും നല്‍കേണ്ട കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച തുക ബാങ്കേഴ്‌സ് മീറ്റില്‍ തീരുമാനിക്കും. ഓരോ ജില്ലയിലേയും കൃഷി ഭൂമിയുടെ വിസ്തൃതിയും വിളയുടെ തരവും അനുസരിച്ചാണ് വായ്പ നല്‍കേണ്ട തുക തീരുമാനിക്കുന്നത്. ഇത് അനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ കാര്‍ഷിക വായ്പകള്‍ അനുവദിക്കേണ്ടത് ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്,മലപ്പുറം എന്നീ ജില്ലകളിലാണ്. എന്നാല്‍ കൃഷി ഭൂമി കുറവുള്ളതും കൃഷി സാധ്യതകള്‍ പരിമിതവുമായ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലാണ് കൂടുതല്‍ കാര്‍ഷിക വായ്പകളും അനുവദിച്ചിട്ടുള്ളത്.
എറണാകുളം ജില്ലയില്‍ കാര്‍ഷിക വായ്പ നല്‍കാനായി വിവിധ പദ്ധതികള്‍ പ്രകാരം അനുവദിച്ച തുകയേക്കാള്‍ 283.9 ശതമാനം കൂടുതല്‍ തുകയാണ് ഈ ഇനത്തില്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം 1474.4 കോടി രൂപ കാര്‍ഷിക വായ്പ ഇനത്തില്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ വായ്പ നല്‍കിയത് 4186.74 കോടി രൂപ. തൃശൂര്‍ ജില്ലയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 206.9 ശതമാനം തുകയാണ് കൂടുതലായി നല്‍കിയത്. 1830 കോടി രൂപ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 3787.5 കോടി രൂപ വായ്പ നല്‍കി. തിരുവനന്തപുരം ജില്ലയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 174.87 ശതമാനം കൂടുതലായി അനുവദിച്ചു.
എന്നാല്‍ കാര്‍ഷിക ക്ഷമത കൂടുതലുള്ള കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ലക്ഷ്യമിട്ട തുകയുടെ 70 ശതമാനം പോലും നല്‍കിയിട്ടില്ല. വയനാട്, മലപ്പുറം ജില്ലകളില്‍ കാര്‍ഷിക വായ്പകള്‍ക്കായി നീക്കിവച്ച തുകയുടെ 23 ശതമാനം തുക മാത്രമാണ് അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു വിഭാഗം കാര്‍ഷിക വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വായ്പകള്‍ നിഷേധിക്കപ്പെടുന്ന കര്‍ഷകര്‍ ഉയര്‍ന്ന പലിശയ്ക്ക് മൈക്രോ ഫൈനാന്‍സ് സംരംഭങ്ങളെ ആശ്രയിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഒമ്പത് ശതമാനം പലിശയ്ക്ക് അവര്‍ക്കു ലഭിക്കുന്ന വായ്പയ്ക്ക് കര്‍ഷകരില്‍ നിന്നും 36 ശതമാനം വരെ പലിശ ഈടാക്കുന്നു. വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഇത്തരത്തില്‍ കടക്കെണിയിലായവരാണ്. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ യാതൊരു നിയമസംവിധാനവും സംസ്ഥാനത്ത് നിലവിലില്ലെന്നത് പ്രശ്‌നം ഗുരുതരമാക്കുന്നു.
മൈക്രോ ഫിനാന്‍സിംഗ് കര്‍ഷകര്‍ക്ക് മരണക്കെണി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നല്‍കിയ മൊത്തം കാര്‍ഷിക വായ്പയുടെ അളവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 20484 കോടി രൂപയാണ് കാര്‍ഷിക വായ്പാ ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 28602 കോടി രൂപ വായ്പാ ഇനത്തില്‍ നല്‍കി. ഈ തുകയുടെ 68.79 ശതമാനം തുകയും കാര്‍ഷിക പ്രധാന ജില്ലകള്‍ക്ക് ലഭിച്ചില്ലെന്നത് ബാങ്കുകളുടേയും സര്‍ക്കാരിന്റേയും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി സൂചിപ്പിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ വിദഗ്ധര്‍ സംസ്ഥാന സര്‍ക്കാരിന് മൂന്ന് മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുമെന്ന മുന്നറിയിപ്പും അടിവരയിട്ട് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മറിച്ച് നോക്കാനുള്ള സൗമനസ്യം പോലും യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പകളില്‍ ഭൂരിഭാഗവും സ്വര്‍ണം പണയമായി സ്വീകരിച്ചുകൊണ്ടാണ്. ഇതിന്റെ ഫലമായി നിര്‍ദ്ധനരായ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുമില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയും വന്‍കിട ബിസിനസുകാരുമാണ് കാര്‍ഷിക വായ്പയുടെ മറവില്‍ കോടികളുടെ വായ്പകള്‍ സ്വീകരിക്കുന്നത്. ബാങ്കുകളിലെ ഒരു വിഭാഗം ജീവനക്കാരുടെ ഒത്താശയും ഇതിന്റെ പിന്നിലുണ്ട്. വ്യവസായ ആവശ്യത്തിനുള്ള സ്വര്‍ണവായ്പകള്‍ക്ക് 14 ശതമാനം വരെ പലിശയാണ് പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കുന്നത്. എന്നാല്‍ ഇതേ വായ്പ കാര്‍ഷിക ഉപയോഗത്തിനാണെങ്കില്‍ പലിശ നാല് ശതമാനമായി കുറയും. ബാങ്കില്‍ നിന്നും സ്വീകരിക്കുന്ന വായ്പകള്‍ കാര്‍ഷികാവശ്യത്തിനാണോ ഉപയോഗിക്കുന്നതെന്ന് വിലയിരുത്താനുള്ള മാര്‍ഗങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കാറില്ല.
കര്‍ഷകന്‍ കൃഷി നാശം സംഭവിച്ചതിന്റെ ഫലമായി എടുത്ത വായ്പയുടെ തിരിച്ചടവില്‍ വീഴച്ച വരുത്തിയാല്‍ അയാളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതുള്‍പ്പടെയുള്ള സംസ്‌കാരശൂന്യമായ മാര്‍ഗങ്ങളാണ് ബാങ്കുകളിലെ ജീവനക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായാണ് കര്‍ഷകര്‍ ആത്മഹത്യ ഉള്‍പ്പടെയുള്ള രക്ഷപ്പെടല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ വിദഗ്ധരുടെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതും സര്‍ക്കാരിന്റെ പക്കലുണ്ട്. കര്‍ഷകര്‍ക്ക് വായ്പകള്‍ നല്‍കുമ്പോള്‍ അതിന്റെ തിരിച്ചടവ് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്. വായ്പ നല്‍കി വിളവെടുപ്പ് ആരംഭിച്ച് രണ്ട് മാസത്തിനകം തിരിച്ചടച്ചാല്‍ മതിയെന്നാണ് ചട്ടം. തിരച്ചടവില്‍ ഭാഗീകമായ കുടിശിക വരുത്തിയാലും കര്‍ഷകര്‍ക്ക് ആശ്വാസ ഇടവേള നല്‍കണമെന്നും ചട്ടങ്ങളിലുണ്ട്. ഈ കുടിശിക ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യവുമില്ല. പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ റീഫിനാന്‍സിംഗ് ഇനത്തില്‍ ഉള്‍പ്പെടുത്തി ബാങ്കുകള്‍ക്ക് നബാര്‍ഡ് തിരിച്ച് നല്‍കും. കര്‍ഷകരില്‍ നിന്നുള്ള തിരിച്ചടവിന് അനുസരിച്ച് മാത്രമാണ് ബാങ്കുകള്‍ നബാര്‍ഡിന് തിരികെ നല്‍കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കനാറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് കാര്‍ഷിക വായ്പകള്‍ നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ നടക്കുന്ന ബാങ്കേഴ്‌സ് യോഗങ്ങളില്‍ കാര്‍ഷിക വായ്പകള്‍ നല്‍കിയതായി തെറ്റായ കണക്കുകളാണ് ബാങ്ക് അധികൃതര്‍ കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇവയൊക്കെ വിലയിരുത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ പൂര്‍ണമായ നിസംഗതയാണ് പുലര്‍ത്തുന്നത്.
കര്‍ഷകരെ കൂടുതലായി ദ്രോഹിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ഷെഡ്യൂള്‍ ബാങ്കുകളാണ്. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതില്‍ ഇവര്‍ പൂര്‍ണമായ നിസംഗതയാണ് പുലര്‍ത്തുന്നത്. കര്‍ഷക വായ്പ എന്ന പേരില്‍ കോടിക്കണക്കിന് രൂപ വിവിധ മൈക്രോഫിനാന്‍സിംഗ് ഏജന്‍സികള്‍ക്ക് നല്‍കും. ഒമ്പത് ശതമാനം പലിശക്കാണ് ഇവര്‍ ഏജന്‍സികള്‍ക്ക് വായ്പ നല്‍കുന്നത്. ഒമ്പത് ശതമാനം പലിശക്ക് നല്‍കുന്ന തുക 36 ശതമാനം വരെ കൊള്ള പലിശയ്ക്കാണ് ഈ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പയായി നല്‍കുന്നത്.
'കിളിര്‍ക്കാത്ത' സ്വപ്‌നങ്ങളില്‍ കര്‍ഷക ആത്മഹത്യ: വിത്തുകള്‍ ഗുണനിലവാരമുള്ളതെന്ന് കൃഷിവകുപ്പ്
കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്ത പഴകിയ വിത്ത് വിതച്ച് നഷ്ടം സംഭവിച്ച നെല്‍കര്‍ഷകന്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്യുമ്പോള്‍ തങ്ങള്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമുള്ള വിത്തുകളെന്ന് കൃഷി വകുപ്പ് അധികൃതര്‍. ഇത്തരത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത അവസാനത്തെ സംഭവമാണ് കോട്ടയത്തുണ്ടായത്. കൈപ്പുഴ കുട്ടോംപുറം കാശാംകുളത്തില്‍ പി കെ ശ്രീധരന്‍ (70) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. ജില്ലയിലെ കാര്‍ഷികമേഖലയായ തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, കുമരകം, മേഖലകളിലെ കര്‍ഷകര്‍ പുഞ്ചകൃഷിക്ക് കൃഷിഭവനില്‍നിന്ന് വാങ്ങിയ വിത്തുകളാണ് നട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിളിര്‍ക്കാത്തത്. വൈക്കത്തുകുഴി, അഞ്ചലശേരി, നൗദ, നടുവത്തുപാടം തുടങ്ങിയ കുട്ടനാടന്‍ പാടശേഖരങ്ങളിലും വിത്ത് കിളിര്‍ത്തിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍, ഗുണനിലവാരമുള്ള വിത്തുകളാണ് വിതരണം ചെയ്യുന്നതെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞത്. എന്നാല്‍ അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ കര്‍ഷകര്‍ വാങ്ങിയ വിത്തുകള്‍ കിളിര്‍ക്കാത്ത അവസ്ഥയാണുള്ളത്. കൃഷിവകുപ്പ് 11 രൂപയ്ക്ക് ക്വിന്റല്‍ കണക്കിന് വിത്തുകളാണ് വിതരണം ചെയ്തത്. ചെള്ളും മണ്ണും നിറഞ്ഞ വിത്തുകളാണ് വിതരണം ചെയ്തതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ചില പാടശേഖരങ്ങളില്‍ ചെറിയതോതില്‍ വിത്തുകള്‍ മുളച്ചെങ്കിലും ഏക്കറ് കണക്കിന് പാടശേഖരങ്ങളിലെ വിത്തുകള്‍ കിളിര്‍ക്കാത്ത അവസ്ഥയിലാണ്. 1800 ഏക്കറോളം വരുന്ന ജെബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്ത് 600 ഓളം കൃഷിക്കാരാണുള്ളത്. ഈ പാടശേഖരത്ത് 400 കര്‍ഷകര്‍ വിത്ത് വിതച്ചിരുന്നു. ഇവിടെ പലയിടത്തും വിത്ത് മുളച്ചിട്ടില്ല. ഭാഗികമായി മുളച്ചവ ഒടിയാറായ നിലയിലാണ്. ഇവിടുത്തെ കര്‍ഷകര്‍ തിരുവാര്‍പ്പിലെ കൃഷി ഓഫീസില്‍നിന്നാണ് വിത്തുകളധികവും വാങ്ങിയത്. ഇത്തരത്തില്‍ ആയിരക്കണക്കിന് ഏക്കറില്‍ കൃഷി ചെയ്ത കര്‍ഷകര്‍ കടം മൂലം ദുരിതമനുഭവിക്കുന്ന സമയത്താണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. എസ് ബി ഐയില്‍ നിന്നും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമായി ലക്ഷങ്ങള്‍ കടമെടുത്താണ് പല കര്‍ഷകരും വിത്ത് വാങ്ങിയത്. ഇതിന് മുമ്പ് തുടര്‍ച്ചയായ കൃഷിനാശം മൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരാണ് ഇപ്പോള്‍ ദുരിതം പേറുന്നത്. നീണ്ടൂര്‍ മാക്കോത്തറ പാടശേഖരത്തില്‍ സ്വന്തമായുള്ള അഞ്ചേക്കറും ചോഴിയാപ്പാറ പാടശേഖരത്തില്‍ അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തതുമായി പത്തേക്കറില്‍ നെല്‍കൃഷി ചെയ്തിരുന്ന ശ്രീധരന്‍ ആത്മഹത്യ ചെയ്തതോടെ മറ്റ് കര്‍ഷകരും ഭീതിയിലാണ്. കൃഷിഭവന്‍ മുഖേന സര്‍ക്കാര്‍ വിതരണം ചെയ്ത വിത്താണ് ശ്രീധരനും കൃഷിക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിത്ത് കിളിര്‍ക്കാതായതോടെ രണ്ട് തവണകൂടി കൃഷി ഭവനില്‍ നിന്നും വിത്ത് വാങ്ങി വിതച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പഴകിയ വിത്ത് ഉപയോഗിച്ചതിനാല്‍ കൃഷിയില്‍ വന്‍ നഷ്ടം സംഭവിച്ചതായും വായ്പ തിരിച്ചടയ്ക്കുവാന്‍ മാര്‍ഗ്ഗമില്ലാതായെന്നും ശ്രീധരന്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കടം കയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സമയത്ത് കൃഷി വകുപ്പ് തങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വിത്തുകള്‍ നല്‍കുന്നതെന്നാണ് പറയുന്നത്. ആലപ്പുഴയിലെ വിത്ത് പരിശോധനാ ലാബില്‍ ഗുണനിലവാരം തിട്ടപ്പെടുത്തിയശേഷമാണ് ജില്ലയിലുള്‍പ്പെടെ വിത്ത് വിതരണം ചെയ്യാറുള്ളൂതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. തൃശൂരിലുള്ള സംസ്ഥാന സ്വീഡ് ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്നും അടൂരിലെ സ്വകാര്യ ഏജന്‍സിയില്‍നിന്നുമുള്ള വിത്തുകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. രജിസ്‌ട്രേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാമില്‍പെടുത്തി കര്‍ഷകരെക്കൊണ്ട് ഉല്‍പാദിപ്പിക്കുന്ന വിത്തുകളാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ വിത്തുകള്‍ കിളിര്‍ക്കാത്ത സാഹചര്യത്തില്‍ കൃഷി ഓഫീസുകള്‍ക്ക് മുന്നില്‍ സമരം ചെയ്യാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.
(രാജേഷ് കാവുംപാടം)
janayugom 111111
കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെ കേരളത്തിലെ ബാങ്കുകള്‍ കാണിക്കുന്ന വിമുഖതയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിവയ്ക്കുന്നത്.
ReplyDeleteകാര്‍ഷിക വായ്പകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുകയോ വായ്പാ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യപ്പെടുന്നില്ല. കാര്‍ഷിക വായ്പകളോട് നിഷേധ സമീപനം സ്വീകരിക്കുന്ന ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് മൈക്രോ ഫിനാന്‍സിംഗ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പ കൂടിയ പലിശക്ക് കര്‍ഷകരില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍ ഏതാണ്ടെല്ലാംതന്നെ ഇത്തരം കടക്കെണികളുടെ കഥകളാണ് അനാവരണം ചെയ്യുന്നത്.