സിപിഐ എമ്മിനെ കൂടുതല്‍ കരുത്തുറ്റതാക്കുക: കാരാട്ട്
സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട്): നവഉദാര നയങ്ങളുടെ ചൂഷണത്തിനിരയാവുന്ന എല്ലാ വിഭാഗം മനുഷ്യരുടെയും പോരാട്ടങ്ങള്‍ക്ക് ശക്തിയേകാന്‍ സിപിഐ എമ്മിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്നതാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കരുത്തുള്ള സിപിഐ എമ്മിനുമാത്രമേ കരുത്തുള്ള ഇടതുപക്ഷത്തിനും ഇടതുപക്ഷ ജനാധിപത്യ സഖ്യത്തിനും നേതൃത്വംനല്കാനാവൂ. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തശേഷം പാര്‍ടി കോണ്‍ഗ്രസ് സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കടയുടമകളും മധ്യവര്‍ഗവും അടക്കം നവഉദാര നയത്തിന്റെ ഇരകളായ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി സമരം ശക്തിപ്പെടുത്തും. ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ സമരങ്ങളിലൂടെ യഥാര്‍ഥ ബദല്‍ വളര്‍ത്തേണ്ടതുണ്ട്. വരുംനാളുകളിലെ പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കാനുള്ള സുപ്രധാന നടപടികളാണ് പാര്‍ടി കോണ്‍ഗ്രസിലുണ്ടായത്. പാര്‍ടിയുടെ രാഷ്ട്രീയദിശ വ്യക്തമാക്കുന്ന രാഷ്ട്രീയറിപ്പോര്‍ട്ടും പ്രത്യയശാസ്ത്രപരമായി സജ്ജമാവുന്നതിനുള്ള പ്രത്യയശാസ്ത്ര റിപ്പോര്‍ട്ടും സംഘടനാപരമായ ദൗത്യങ്ങള്‍ക്കായുള്ള സംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിച്ചു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ ദൗത്യങ്ങള്‍ക്കുള്ള പുതിയ ആഹ്വാനവുമായി ജനങ്ങളിലേക്ക് പാര്‍ടി ഇറങ്ങിച്ചെല്ലും. അവര്‍ക്കൊപ്പം ക്ഷമാപൂര്‍വം പ്രവര്‍ത്തിക്കും. അവരെ സമരങ്ങളില്‍ അണിചേര്‍ക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റെയും പുതിയ അധ്യായമാണ് ഈ സമ്മേളനത്തിലൂടെ സിപിഐ എം തുറക്കാന്‍ പോകുന്നത്. തൃണമൂല്‍-മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുക്കുന്ന പശ്ചിമ ബംഗാളിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി കാരാട്ട് പറഞ്ഞു. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മറ്റ് ഇടതുപക്ഷ പ്രവര്‍ത്തകരുമായി 550ലേറെപ്പേരാണ് ബംഗാളില്‍ സമീപകാലത്ത് കൊല്ലപ്പെട്ടത്. അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പത്തുമാസത്തെ തൃണമൂല്‍ ഭരണ നടപടികളെയും പാര്‍ടി കോണ്‍ഗ്രസ് അപലപിച്ചിട്ടുണ്ട്.
കോഴിക്കോട്ട് ആതിഥ്യമരുളിയ ആറുദിവസത്തെ സമ്മേളനത്തിന്റെ സംഘാടനത്തില്‍ തെളിഞ്ഞത് പ്രസ്ഥാനത്തിന്റെ വന്‍ ജനപിന്തുണയാണ്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കോഴിക്കോട്ടെയും കേരളത്തിലെയും ജനങ്ങള്‍ സിപിഐ എമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ദൃഷ്ടാന്തമാണ് ഈ ഹൃദ്യമായ ആതിഥേയമര്യാദ. കേരളത്തില്‍ സിപിഐ എം കൂടുതല്‍ മുന്നേറുമെന്ന് പാര്‍ടിക്ക് ഉറപ്പുണ്ട്-കാരാട്ട് പറഞ്ഞു.
(എന്‍ എസ് സജിത്)
യുഡിഎഫ് ഊര്‍ധ്വശ്വാസം വലിക്കുന്നു: പിണറായി
കോഴിക്കോട്: മുന്നണി ഭരണത്തിന്റെ അന്തഃസത്ത തകര്‍ത്ത സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ ഊര്‍ധ്വശ്വാസം വലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപനറാലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ യുഡിഎഫില്‍ കാണുന്നത് അതിന്റെ വെപ്രാളങ്ങളാണ്. ജാതിമത ശക്തികള്‍ക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് യുഡിഎഫ് അനുഭവിക്കുന്നത്. ജാതിമത സംഘടനകളുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയകൂട്ടുകെട്ടായി യുഡിഎഫ് മാറി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോക്കസ്സാണ് ജാതിമത ശക്തികളെ പ്രോത്സാഹിപ്പിക്കുന്നത്. യുഡിഎഫില്‍ ചില കക്ഷികള്‍ മുന്നണി മര്യാദകള്വിട്ട് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നു. കൂട്ടുകക്ഷി ഗവണ്മെന്റായാല്‍ മുഖ്യമന്ത്രിയാണ് മന്ത്രിയാരെന്നും വകുപ്പ് ഏതെന്നും തീരുമാനിക്കുന്നത്. ആ മര്യാദകളൊന്നും യുഡിഎഫിലെ ചില കക്ഷികള്‍ക്കില്ല. മുസ്ലിംലീഗ് പറയുന്നതെല്ലാം അനുസരിക്കാന്‍ ബാധ്യസ്ഥരായ കൂട്ടമായി കോണ്‍ഗ്രസ് അധഃപതിച്ചു. മുസ്ലിംലീഗിനാകട്ടെ വല്ലാത്ത അധികാര പ്രമത്തത തലയ്ക്കുപിടിച്ചിരിക്കുന്നു. ആ പാര്‍ടിയില്‍ ക്രിമിനല്‍ സ്വഭാവം വര്‍ധിച്ചു. ആഭ്യന്തരവകുപ്പ് ലീഗിന് പാട്ടംകൊടുത്തിരിക്കുകയാണ്. "ഞങ്ങള്‍ക്ക് അക്രമിക്കാനുള്ള അവകാശമുണ്ട്. ചോദ്യംചെയ്യാന്‍ പാടില്ല" എന്ന അഹന്ത ലീഗിന് കൈവന്നിരിക്കുന്നു.
ഭരണം നിലനിര്‍ത്താന്‍ വന്‍തോതില്‍ കോഴകൊടുത്ത് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നു. അധികാര ദല്ലാള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. നെയ്യാറ്റിന്‍കരയില്‍ എംഎല്‍എയെ വിലയ്ക്ക് വാങ്ങിയെന്ന് പറഞ്ഞപ്പോള്‍ തെളിവ് നല്‍കാനാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അവിടെ സെല്വരാജ്തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് വന്നിരിക്കുന്നു. ഗൂഢാലോചനയുടെ സേനാധിപനായ പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി കുതിരക്കച്ചവടം നടത്തിയെന്നതിന് ഇതില്‍പ്പരം എന്തുതെളിവ് വേണം. ഇത്തരം നെറികേടുകള്‍ കേരള സമൂഹം അംഗീകരിക്കില്ല. പാഠം പഠിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നെയ്യാറ്റിന്‍കരയിലെ ജനം. യുഡിഎഫ് സര്‍ക്കാരിന്റെ ചെയ്തികള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്ന വികാരമാണിന്ന് കേരളത്തില്‍. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തണം- പിണറായി പറഞ്ഞു.
(എം വി പ്രദീപ്)
ജനവിരുദ്ധ സര്‍ക്കാരിനെ പിടിച്ചുകെട്ടും: യെച്ചൂരി
കോഴിക്കോട്: ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ ജനങ്ങളെ അണിനിരത്തി പിടിച്ചുകെട്ടുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കടപ്പുറത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സിപിഐ എമ്മും ഇടതുപക്ഷവും ഉള്ളിടത്തോളം കാലം രാജ്യത്തെ കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ല. ബംഗാളിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ടതുകൊണ്ട് ഇടതുപക്ഷം ദുര്‍ബലമായെന്ന് ആരും വ്യാമോഹിക്കേണ്ട. കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളാണ് സിപിഐ എമ്മിന്റെ ശക്തി. രാജ്യത്തെ കൊള്ളയടിച്ചു കുതിക്കുന്ന ഭരണവര്‍ഗത്തിന്റെ കുതിരയെ തളയ്ക്കാന്‍ തൊഴിലാളികളും ബഹുജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലെ ജനക്ഷേമ നടപടികള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ബംഗാളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. കേരളത്തിലും കര്‍ഷക ആത്മഹത്യ തിരിച്ചെത്തി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നടപടികളാണ് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുളള തീരുമാനങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് കൈക്കൊണ്ടത്. പാര്‍ലമെന്റിലും നിയമസഭകളിലും സിപിഐ എം ശക്തി വീണ്ടെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു.
ജനശക്തി തടയാന്‍ ആര്‍ക്കുമാവില്ല: വൃന്ദ കാരാട്ട്
ചെങ്കൊടിക്ക് കീഴില്‍ അണിനിരക്കുന്ന ജനശക്തിയെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനപൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഹൃദയത്തില്‍ ഈ ചെങ്കൊടി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ദലിതരും പിന്നോക്കവിഭാഗങ്ങളും പട്ടിണിപ്പാവങ്ങളും ചൂഷണം നേരിടുന്ന സഹോദരിമാരും സിപിഐ എമ്മിനെയാണ് ഇന്ന് ആശ്വാസമായി കാണുന്നത്. അവര്‍ ചെങ്കൊടിക്ക് കീഴില്‍ അണിനിരക്കുകയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്ന് ജനങള്‍ക്ക് ആശ്വാസം പകരുന്നത് ഈ ചെങ്കൊടി ഉയര്‍ത്തുന്ന ആശയങ്ങളും നയങ്ങളുമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസും വര്‍ഗീയശക്തിയായ ബിജെപിയും ഈ ചെങ്കൊടിയെ വല്ലാതെ ഭയക്കുന്നു. അതിനാല്‍ എങ്ങനെയും സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്- വൃന്ദ കാരാട്ട് പറഞ്ഞു.
സംസ്ഥാനത്ത് ഭരണമില്ലാതായി: കോടിയേരി
കോഴിക്കോട്: മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അടിപിടിയില്‍ സംസ്ഥാനത്ത് ഭരണമില്ലാതായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അഞ്ചാം മന്ത്രിയെ ചൊല്ലി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനാവുന്നില്ല. ഇന്നത്തെ മന്ത്രി നാളെ ഉണ്ടാകുമോയെന്ന അവസ്ഥയാണ്. സ്പീക്കറെപ്പോലും അധികാര വടംവലിയുടെ ഭാഗമാക്കി. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരായി ശക്തമായ സമരം തുടങ്ങും. അച്ചടക്കത്തോടെ സമ്മേളനം നടത്താന്‍ സിപിഐ എമ്മിനു മാത്രമേ സാധിക്കൂ. കോണ്‍ഗ്രസും മുസ്ലിംലീഗും സമ്മേളനം നടത്തിയാല്‍ അടിയില്‍ കലാശിക്കും. എല്ലാ പാര്‍ടികള്‍ക്കും പാര്‍ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പ് മാതൃകയാണെന്ന് കോടിയേരി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ എന്നും വിശ്വാസികളെ ബഹുമാനിച്ചു: ബേബി
മതവിശ്വാസങ്ങള്‍ക്ക് എതിരാണ് കമ്യൂണിസ്റ്റുകാരെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ ലോകത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഉദയം മുതല്‍ തുടരുന്നതാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അവയുടെ നേതാക്കള്‍ക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ പുതിയ സംഭവമല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചതുതന്നെ കെട്ടുകഥകള്‍ പൊളിക്കാനും കമ്യൂണിസം ശാസ്ത്രീയമാണെന്ന് സ്ഥാപിക്കാനുമായിരുന്നു. മാര്‍ക്സിനും ഏംഗല്സിനുമെതിരെ എത്രയെത്ര അപവാദങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നു. മതങ്ങളെയും വിശ്വാസങ്ങളെയും എന്നും ബഹുമാനിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പി കൃഷ്ണപ്പിള്ളയടക്കമുള്ള നേതാക്കള്‍ പൊരുതിയിട്ടുണ്ട്. ഒഡീഷയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നപ്പോള്‍ ഭുവനേശ്വറില്‍ സിപിഐ എം ഓഫീസിലാണ് വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേര്‍ന്നിരുന്നത്. "നന്മ നിറഞ്ഞ ദൈവമേ നിനക്ക് സ്വസ്തി" എന്ന് അവര്‍ പ്രാര്‍ഥിച്ചത് സിപിഐ എം പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞുകൊണ്ടാണ്- എം ബേബി പറഞ്ഞു.
മാധ്യമപ്രചാരവേല വിലപ്പോവില്ല: എസ് ആര് പി
കോഴിക്കോട്: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുതോല്‍വിയോടെ സിപിഐ എമ്മിന്റെ പ്രസക്തി കുറഞ്ഞെന്ന കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി വര്‍ധിച്ചുവരികയാണെന്നും എസ് ആര് പി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയമല്ല സിപിഐ എമ്മിന്റെ കരുത്ത്. ബഹുജന സംഘടനാ കരുത്താണ് പാര്‍ടിയെ മുന്നോട്ടുനയിക്കുന്നത്. ഫെബ്രുവരി 28ന് നടന്ന പണിമുടക്ക് സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. സാമുദായിക വാദത്തെയും വര്‍ഗീയതയെയും എതിര്‍ത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ കഴിയൂ. അമേരിക്കന്‍ മേധാവിത്തത്തിന് അടിമപ്പെട്ട് നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസ് സഖ്യവും ബിജെപി സഖ്യവും. ഇതിന് ശക്തമായ മറുപടി നല്‍കാനും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പരിഹാരം കാണാനും ഇടതുപക്ഷത്തിനേ സാധിക്കൂ. മുന്‍കാലങ്ങളിലേതിനേക്കാള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കേണ്ട കാലഘട്ടമാണിത്. ജനങ്ങളാണ് പാര്‍ടിയുടെ പടവാള്. വരുംകാലത്ത് പാര്‍ടിയുടെ കരുത്തുകൂട്ടാന്‍ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്നും എസ് ആര് പി പറഞ്ഞു.
deshabhimani 100412
നവഉദാര നയങ്ങളുടെ ചൂഷണത്തിനിരയാവുന്ന എല്ലാ വിഭാഗം മനുഷ്യരുടെയും പോരാട്ടങ്ങള്‍ക്ക് ശക്തിയേകാന്‍ സിപിഐ എമ്മിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്നതാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കരുത്തുള്ള സിപിഐ എമ്മിനുമാത്രമേ കരുത്തുള്ള ഇടതുപക്ഷത്തിനും ഇടതുപക്ഷ ജനാധിപത്യ സഖ്യത്തിനും നേതൃത്വംനല്കാനാവൂ. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തശേഷം പാര്‍ടി കോണ്‍ഗ്രസ് സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete