Thursday, April 12, 2012

കോണ്‍ഗ്രസ് കീഴടങ്ങി; ലീഗിന് അഞ്ചാംമന്ത്രി


മുസ്ലിംലീഗിന് ഒരു ഉപാധിയുമില്ലാതെ അഞ്ചാംമന്ത്രി പദം നല്‍കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബ്ബും വ്യാഴാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കും. നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജിന് പിന്തുണ നല്‍കാനും തീരുമാനിച്ചു.

ലീഗ് മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ അഞ്ചു പേര്‍ക്കായി വീതിച്ചുകൊടുക്കും. അനൂപ് ജേക്കബ്ബിന് ഏത് വകുപ്പ് നല്‍കണമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം തീരുമാനിക്കും. അനൂപിന് ഭക്ഷ്യവകുപ്പ്തന്നെ നല്‍കാനാണ് സാധ്യത. പത്തുമാസമായി അഞ്ചാംമന്ത്രി കാര്യത്തില്‍ ലീഗ് തുടര്‍ന്ന കടുംപിടിത്തത്തിന് മുന്നില്‍ കോണ്‍ഗ്രസ് നിരുപാധികം കീഴടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് അഞ്ചാംമന്ത്രി കാര്യത്തില്‍ തീരുമാനമായത്. അഞ്ചാംമന്ത്രിയെ നല്‍കരുതെന്ന കെപിസിസി നേതൃയോഗ തീരുമാനം മുഖ്യമന്ത്രി തള്ളി. അഞ്ചാംമന്ത്രിയെ നല്‍കിയാല്‍ സാമുദായികസന്തുലനം തകരുമെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചെങ്കിലും ഒടുവില്‍ ആ നിലപാടും തിരുത്തി. ലീഗിന്റെ അഞ്ചാംമന്ത്രി തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് നടന്നത്. കെപിസിസി നേതൃയോഗത്തിന്റെ വികാരം മുഖ്യമന്ത്രിയും ചെന്നിത്തലയും ഒന്നിച്ച് ഡല്‍ഹിയിലെത്തിയാണ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്.

അഞ്ചാംമന്ത്രി പദം നല്‍കരുതെന്ന് ചൊവ്വാഴ്ചവീണ്ടും ഡല്‍ഹിയിലെത്തി ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് അലിയെ മന്ത്രിയാക്കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേശ്കുമാറും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ അടുത്ത ബുധനാഴ്ച ഇരുവരുമായും ചര്‍ച്ച നടത്തും. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് മാണി ഗ്രൂപ്പിനും രണ്ടാമത്തേത് കോണ്‍ഗ്രസിനും നല്‍കും. സെല്‍വരാജിന് നല്‍കുന്ന പിന്തുണ ഏത് വിധത്തില്‍ ആയിരിക്കണമെന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ചര്‍ച്ച നടത്തി തീരുമാനിക്കും. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ അഞ്ച് മന്ത്രി സ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നതാണെന്നും വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയാണ് ഇക്കാര്യം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് അവകാശപ്പെട്ടതായിരിക്കും. ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയോയെന്ന ചോദ്യത്തിന് യുഡിഎഫില്‍ കീഴടങ്ങലോ അടിച്ചേല്‍പ്പിക്കലോ ഇല്ലെന്നായിരുന്നു മറുപടി. യുഡിഎഫ് തീരുമാനം അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തലയും സംബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം ഒന്നും സംസാരിച്ചില്ല. ഇക്കാര്യം വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനുള്‍പ്പെടെ മുന്‍കൈ എടുത്തത് രമേശ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണറുടെ ചുമതലയുള്ള എച്ച്ആര്‍ ഭരദ്വാജ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ചെന്നിത്തലയുടെയും ഇ ടിയുടെയും വീട്ടിലേക്ക് മാര്‍ച്ച്, സംഘര്‍ഷം

ഹരിപ്പാട്/ മലപ്പുറം: യുഡിഎഫില്‍ അഞ്ചാംമന്ത്രി തര്‍ക്കം തെരുവുയുദ്ധത്തിലെത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ക്യാമ്പ് ഹൗസിലേക്ക് യൂത്ത് ലീഗുകാരും മലപ്പുറത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസുകാരും പ്രതിഷേധമാര്‍ച്ച് നടത്തി. ഹരിപ്പാട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചാണ് ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് 15 ഓളം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഹരിപ്പാട് ഏഴിക്കകത്ത് ജങ്ഷന് സമീപമുള്ള ചെന്നിത്തലയുടെ വസതിയുടെ മുന്നില്‍ പ്രകടനം നടത്തിയത്. സോണിയാഗാന്ധിക്കും മധുസൂദന്‍ മിസ്ത്രിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ചെന്നിത്തലയ്ക്കെതിരെ അശ്ലീലപദപ്രയോഗം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷാഫി പല്ലന, മണ്ഡലം സെക്രട്ടറി ഫക്രുദീന്‍, ജില്ലാ കമ്മിറ്റിയംഗം ബിയാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

അഞ്ചോടെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ 35 ഓളം പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിക്കും ശിഹാബ് തങ്ങള്‍ക്കുമെതിരെ മുദ്രാവാക്യവുമായി ടൗണില്‍ നിലയുറപ്പിച്ചു. പൊലീസ് എത്തി ഇരുകൂട്ടരേയും പിന്തിരിപ്പിച്ചു. മലപ്പുറത്ത് ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പ്രകടനം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സല്‍ എളമരത്തിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ എളമരം മപ്രത്തുള്ള വീട്ടിലേക്ക് പ്രകടനമായി പോകുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് തടിച്ചുകൂടിയ യൂത്ത് ലീഗുകാര്‍ പ്രകടനം വീടിന്റെ 200 മീറ്റര്‍ അകലെ തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി. ഏറെനേരം കല്ലേറ് നടത്തി. പത്തോളം പേര്‍ക്ക് പരിക്കേറ്റു. കാര്യമായി പരിക്കേറ്റ ഇ ടി മുഹമ്മദ് ബഷീറിന്റെ മുന്‍ കാര്‍ ഡ്രൈവര്‍ റഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഘര്‍ഷം.

deshabhimani 120412

1 comment:

  1. മുസ്ലിംലീഗിന് ഒരു ഉപാധിയുമില്ലാതെ അഞ്ചാംമന്ത്രി പദം നല്‍കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബ്ബും വ്യാഴാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കും. നെയ്യാറ്റിന്‍കരയില്‍ ആര്‍ സെല്‍വരാജിന് പിന്തുണ നല്‍കാനും തീരുമാനിച്ചു.

    ReplyDelete