Friday, April 13, 2012

കൂട്ടക്കുഴപ്പം


മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ അണപൊട്ടിയ രോഷം മന്ത്രിമാരുടെ വകുപ്പുമാറ്റത്തോടെ പൊട്ടിത്തെറിയിലേക്ക്. പ്രമുഖ മന്ത്രിമാരും കക്ഷിനേതാക്കളും എംഎല്‍എമാരും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത് കെപിസിസിയെ അറിയിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രാജ്ഭവന്‍ വിട്ടു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് എ കെ ആന്റണിയെ ചെന്നിത്തല അറിയിച്ചു.

അലിയെ മന്ത്രിയാക്കിയതിനെതിരെ ലീഗിനുള്ളിലും ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവരാണ് സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചത്. കേരള കോണ്‍ഗ്രസ് പിള്ള, സിഎംപി, ജെഎസ്എസ് എന്നിവയുടെ നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. മുസ്ലിംലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയില്ല. രാജ്ഭവന്‍ വളപ്പില്‍ സത്യപ്രതിജ്ഞ നടന്നപ്പോള്‍ തൊട്ടടുത്തുള്ള ഔദ്യോഗികവസതിയായ മന്‍മോഹന്‍ ബംഗ്ലാവിലിരുന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിക്കും കെപിസിസി നേതൃത്വത്തിനും മുസ്ലിംലീഗിനും എതിരെ കടുത്ത വിമര്‍ശം അഴിച്ചുവിട്ടു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന മന്ത്രിസഭായോഗത്തിലും ആര്യാടന്‍ പങ്കെടുത്തില്ല. കെപിസിസിയുടെ തീരുമാനം അനുസരിച്ചല്ല അഞ്ചാംമന്ത്രിയെ നല്‍കിയതെന്നും ഇത് സംബന്ധിച്ച് തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും ആര്യാടന്‍ തുറന്നടിച്ചു. രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി നിര്‍വാഹകസമിതി വിളിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. അഞ്ചാംമന്ത്രിയെ നല്‍കാന്‍ തീരുമാനിച്ചതോടെ കെപിസിസിയുടെ വിശ്വാസ്യത തകര്‍ന്നെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് മന്ത്രിമാരുടെയും മറ്റും ബഹിഷ്കരണത്തോടെ നിറംകെട്ടു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രവര്‍ത്തകരും മഞ്ഞളാംകുഴി അലിയുടെ മണ്ഡലത്തില്‍നിന്നുള്ളവരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റുന്ന കാര്യം സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി അറിയിച്ചത്. അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങിയിരുന്നെങ്കിലും അക്കാര്യം മുഖ്യമന്ത്രി രഹസ്യമായി വച്ചു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയെ വിളിച്ച് ചെന്നിത്തല പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയമായിട്ടാണ് വകുപ്പുമാറ്റം നടത്തിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിച്ചുപണിയിലും മുഖ്യമന്ത്രി സ്വന്തം ഗ്രൂപ്പ് താല്‍പ്പര്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്. തനിക്ക് ഏറെ വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം നല്‍കിയപ്പോള്‍ ഗതാഗതത്തിന്റെ അധിക ചുമതല കൂടി എ ഗ്രൂപ്പുകാരനായ ആര്യാടന്‍ മുഹമ്മദിന് നല്‍കി. അഞ്ചാംമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിഷേധം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറ്റിമറിച്ചു. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും എതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. കെ മുരളീധരന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ സ്വീകാര്യത വര്‍ധിച്ചുതുടങ്ങിയതായാണ് സൂചന. എന്നാല്‍, തനിക്ക് തീരുമാനത്തില്‍ പങ്കില്ലെന്ന് വരുത്താനുള്ള നീക്കങ്ങളാണ് രമേശ് ചെന്നിത്തല നടത്തുന്നത്.
(കെ ശ്രീകണ്ഠന്‍)

മന്ത്രിസഭ സാമുദായിക സംഘടനകളുടെ കോ-ഓര്‍ഡിനേഷനായി: വി എസ്

യുഡിഎഫിന് രാഷ്ട്രീയസ്വഭാവം നഷ്ടപ്പെട്ടുവെന്നും സാമുദായിക-വര്‍ഗീയസംഘടനകളുടെ കോ-ഓര്‍ഡിനേഷനായി മന്ത്രിസഭ അധഃപതിച്ചുവെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിസഭാ വികസനവും പുനഃസംഘടനയും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അടിത്തറ തകര്‍ക്കും. സര്‍ക്കാരിന്റെ നിലനില്‍പ്പിനുവേണ്ടി മതാധിഷ്ഠിത പാര്‍ടിയായ മുസ്ലിംലീഗിന് പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ്. മന്ത്രിമാരുടെ എണ്ണം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തില്‍ കൂടരുതെന്ന ചട്ടം ലംഘിക്കപ്പെട്ടു. ചീഫ്വിപ്പ് ഉള്‍പ്പെടെ 22 പേര്‍ക്ക് മന്ത്രിപദവി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്-പ്രസ്താവനയില്‍ പറഞ്ഞു.

അധികാരം നിലനിര്‍ത്താന്‍ മതനിരപേക്ഷത ബലികൊടുത്തു: പിണറായി

അധികാരം നിലനിര്‍ത്താന്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ ബലികൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ടികളുടെ വിലപേശലിനു മുന്നില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടിക്കടി കീഴടങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന്റെ അഞ്ചാംമന്ത്രി സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍. ഭരണത്തില്‍ കോണ്‍ഗ്രസിന്റെ പിടി നഷ്ടപ്പെട്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് മന്ത്രിസഭകളുണ്ടായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെപോലെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി മന്ത്രിമാര്‍ ചാപ്പകുത്തപ്പെട്ട മറ്റൊരു കാലമില്ല. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും സാമുദായിക കാര്‍ഡിറക്കിയും ബ്ലാക്ക്മെയില്‍ രാഷ്ട്രീയം ഉപയോഗിച്ചും പുതിയ സ്ഥാനങ്ങള്‍ വിലപേശി നേടിയെടുക്കുകയാണ്. ഇത്തരം വിലപേശലിനു മുന്നില്‍ കീഴടങ്ങില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനത്തിനും നേതൃയോഗങ്ങളുടെ തീരുമാനത്തിനും കടലാസിന്റെ വിലപോലുമില്ലാതായി.

മുസ്ലിംലീഗിന് അഞ്ചല്ല ഏഴ് മന്ത്രിമാര്‍ക്ക് അവകാശമുണ്ട് എന്ന വിധത്തില്‍ വാദമുയര്‍ത്തിയാണ് ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മാധ്യമങ്ങളില്‍ നേരിട്ടത്. സമുദായത്തിന്റെയും നാടിന്റെയും രക്ഷയ്ക്കുള്ള ക്രിയാത്മകമായ ആവശ്യമായിരുന്നില്ല അഞ്ചാംമന്ത്രി എന്നത്, മറിച്ച് കാലുമാറ്റത്തിനു പിന്നിലെ കച്ചവടവ്യവസ്ഥ അംഗീകരിക്കാനുള്ള ഉപാധിയായിരുന്നു. ന്യൂനപക്ഷ സമുദായ രാഷ്ട്രീയ പാര്‍ടികളുടെ കച്ചവട രാഷ്ട്രീയത്തിനു കീഴടങ്ങുകയും പങ്കാളിയാകുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന് പ്രതിച്ഛായ നഷ്ടപ്പെട്ടു. ഇതിന് മറയിടാനാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതുകൊണ്ടൊന്നും യുഡിഎഫ് ഭരണം കെട്ടഴിച്ചുവിട്ട സങ്കുചിത ജാതി-മത രാഷ്ട്രീയത്തിന്റെ വിപത്തിനെ തടഞ്ഞുനിര്‍ത്താനാകില്ലെന്നും പിണറായി ഓര്‍മിപ്പിച്ചു.

deshabhimani 130412

1 comment:

  1. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ അണപൊട്ടിയ രോഷം മന്ത്രിമാരുടെ വകുപ്പുമാറ്റത്തോടെ പൊട്ടിത്തെറിയിലേക്ക്. പ്രമുഖ മന്ത്രിമാരും കക്ഷിനേതാക്കളും എംഎല്‍എമാരും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത് കെപിസിസിയെ അറിയിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രാജ്ഭവന്‍ വിട്ടു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് എ കെ ആന്റണിയെ ചെന്നിത്തല അറിയിച്ചു.

    ReplyDelete