Monday, April 9, 2012

മിഡ്നാപുര്‍ പറയുന്നു : അതിജീവിക്കും

ജാഗ്രതയോടെയും വര്‍ധിത ധൈര്യത്തോടെയും മാവോയിസ്റ്റ്-തൃണമൂല്‍-കോണ്‍ഗ്രസ് ഭീകരതയെ നേരിടുമെന്ന് സിപിഐ എം പശ്ചിമ മിഡ്നാപുര്‍ ജില്ലാ സെക്രട്ടറി ദീപക് സര്‍ക്കാര്‍. നാലുവര്‍ഷത്തിനകം 250 ഓളം സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പ്രധാന പ്രവര്‍ത്തകര്‍ക്കെതിരെ മമത സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു. പലര്‍ക്കും ഒളിവില്‍ പോകേണ്ടിവന്നു. നിരവധിപേര്‍ ജയിലിലാണ്. ഇതൊക്കെയാണെങ്കിലും കീഴടങ്ങില്ല. പുതിയ അടവും തന്ത്രങ്ങളും ഒരുക്കി പാര്‍ടി മുന്നേറുകയാണ്- ദീപക് "ദേശാഭിമാനി"യോട് പറഞ്ഞു.

മാവോയിസ്റ്റ് ആക്രമണം നടക്കുന്ന ലാല്‍ഗഢില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി. ലോക്കല്‍-സോണല്‍-ജില്ലാ സമ്മേളന റാലികളിലെ ജനപങ്കാളിത്തം ഇതിന് തെളിവാണെന്ന് ദീപക് ചൂണ്ടിക്കാട്ടി. 1992 മുതല്‍ ജില്ലാ സെക്രട്ടറിയായ ദീപക് സംസ്ഥാന സെക്രട്ടറിയറ്റംഗവുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചുവിടുന്നത്. ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയിലാണ് ലാല്‍ഗഢ്. മിന്നലാക്രമണം നടത്തി അക്രമികള്‍ ഈ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുന്നു. നാലുവര്‍ഷത്തിനിടെ അയ്യായിരത്തോളം നാട്ടുകാര്‍ അക്രമം ഭയന്ന് പലായനംചെയ്തു. സിപിഐ എമ്മിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പലരും തിരിച്ചുവന്നു.

ആദിവാസി വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഇവിടെ വികസനമില്ലാത്തതാണ് മാവോയിസ്റ്റുകള്‍ മുതലാക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദീപക് വ്യക്തമാക്കി. മാവോയിസ്റ്റ്-തൃണമൂല്‍ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലകളില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സിപിഐ എം ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിത്തമടക്കം നടത്തിയിരുന്നു. ഇതെല്ലാം നേരിടാന്‍ പാര്‍ടിക്ക് കരുത്തുണ്ട്. മാവോയിസ്റ്റുകളെ പ്രീണിപ്പിച്ചതിന്റെ വിപത്ത് പ്രാദേശിക തൃണമൂലുകാരും തിരിച്ചറിയുന്നു. അവരുടെ ചില പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായതോടെയാണിത്. പാര്‍ടി ജില്ലാ സമ്മേളനത്തില്‍ 16 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കള്ളക്കേസിനെത്തുടര്‍ന്ന് പലരും ഒളിവിലായിരുന്നു, ചിലര്‍ ജയിലിലും. സമ്മേളനം തകര്‍ക്കാന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. സമാപനറാലിയിലെ ജനപങ്കാളിത്തം സര്‍ക്കാരിനെ വിറളിപിടിപ്പിച്ചു. മാവോയിസ്റ്റ്-തൃണമൂല്‍ അക്രമത്തെത്തുടര്‍ന്ന് നിരവധി പാര്‍ടി ഘടകങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കണ്ടിവന്നിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. ജനങ്ങളുടെ സഹകരണത്തോടെ പാര്‍ടിയുടെ എല്ലാ ഘടകങ്ങളും സജീവമാണെന്ന് ദീപക് സര്‍ക്കാര്‍ പറഞ്ഞു.
(പി വിജയന്‍0

തൃണമൂല്‍ ഭരണത്തില്‍ കര്‍ഷക ആത്മഹത്യ വ്യാപകം

സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട്): സമീപകാലത്തൊന്നും കാണാത്ത കാര്‍ഷികപ്രതിസന്ധിയിലൂടെയാണ് പശ്ചിമബംഗാള്‍ കടന്നുപോകുന്നതെന്ന് കിസാന്‍സഭ നേതാവും സിപിഐ എം ഹൗറ ജില്ലാ സെക്രട്ടറിയുമായ ബിപ്ലവ് മജുംദാര്‍. കര്‍ഷകര്‍ കൂട്ടത്തോടെ മരിച്ചുവീഴുന്ന സംഭവം പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വിമാത്രമായിരുന്നു. മമതയുടെ ഭരണത്തില്‍ അതും സംഭവിച്ചു. 1943ല്‍ ക്ഷാമകാലത്ത് പത്തുലക്ഷം പേരാണ് ബംഗാളില്‍ മരിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ബംഗാള്‍ ഭരിച്ചപ്പോള്‍ നിരവധി കര്‍ഷകര്‍ വിലത്തകര്‍ച്ചകൊണ്ടും വിളനാശംകൊണ്ടും കടക്കെണികൊണ്ടും ആത്മഹത്യചെയ്തിരുന്നു. എന്നാല്‍ മൂന്നരപ്പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണത്തില്‍ ഇക്കാരണങ്ങള്‍ കൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി രാഷ്ട്രീയ എതിരാളികള്‍പോലും ആക്ഷേപിച്ചിട്ടില്ല. മമതയുടെ മുന്നൂറുദിവസത്തെ ഭരണത്തില്‍ 42 കര്‍ഷകര്‍ ആത്മഹത്യചെയ്തു.

നേരത്തെ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും യുഡിഎഫ് ഭരണകാലത്ത് കേരളത്തിലും കര്‍ഷകര്‍ആത്മഹത്യ ചെയ്തപ്പോള്‍ ബംഗാള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു ഞങ്ങള്‍ വ്യത്യസ്തരാണെന്ന്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അനുഭാവത്തോടെ സമീപിച്ചതും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ടെന്ന് ബോധ്യപ്പെടുത്തിയതുംകൊണ്ടാണ് ആത്മഹത്യകള്‍ തടഞ്ഞുനിര്‍ത്താന്‍ ഇടതുമുന്നണിക്കായത്. പഞ്ചായത്തുകളും സഹകരണസംഘങ്ങളും ന്യായവില ഉറപ്പുവരുത്തി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ചെയ്യാനും കാര്യക്ഷമമായി ഇടപെട്ടിരുന്നു. ഇന്ന് തൃണമൂല്‍ സര്‍ക്കാരിന് അതിലൊന്നും താല്‍പ്പര്യമില്ല. ബംഗാളിന്റെ നെല്ലറയായ ബര്‍ധ്വാനിലാണ് ആത്മഹത്യ ഏറ്റവും കൂടുതല്‍. നെല്‍കര്‍ഷകരെക്കൂടാതെ ഉരുളക്കിഴങ്ങ്, ചണം കര്‍ഷകരും ആത്മഹത്യചെയ്യുന്നു.

കഴിഞ്ഞ മെയ് 20നാണ് മമത അധികാരമേറ്റത്. ഒക്ടോബറിലാണ് ആദ്യ രണ്ട് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യയില്ലെന്നും ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍തന്നെ അവരുടെ പേരുവിവരമൊന്നും അറിയില്ലെന്നുമാണ് മമത പറഞ്ഞത്. ജനുവരി തൊട്ടാണ് ആത്മഹത്യ വ്യാപകമായത്. ആത്മഹത്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെയൊരു സംഭവമേയില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം- മജുംദാര്‍ പറഞ്ഞു. ആത്മഹത്യ വ്യാപകമാവുന്ന സാഹചര്യത്തില്‍ കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം വന്‍സമരത്തിന് തയ്യാറെടുക്കുകയാണെന്നും ബിപ്ലവ് മജുംദാര്‍. അറിയിച്ചു.
(എന്‍ എസ് സജിത്)

deshabhimani 090412

1 comment:

  1. ജാഗ്രതയോടെയും വര്‍ധിത ധൈര്യത്തോടെയും മാവോയിസ്റ്റ്-തൃണമൂല്‍-കോണ്‍ഗ്രസ് ഭീകരതയെ നേരിടുമെന്ന് സിപിഐ എം പശ്ചിമ മിഡ്നാപുര്‍ ജില്ലാ സെക്രട്ടറി ദീപക് സര്‍ക്കാര്‍. നാലുവര്‍ഷത്തിനകം 250 ഓളം സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പ്രധാന പ്രവര്‍ത്തകര്‍ക്കെതിരെ മമത സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു. പലര്‍ക്കും ഒളിവില്‍ പോകേണ്ടിവന്നു. നിരവധിപേര്‍ ജയിലിലാണ്. ഇതൊക്കെയാണെങ്കിലും കീഴടങ്ങില്ല. പുതിയ അടവും തന്ത്രങ്ങളും ഒരുക്കി പാര്‍ടി മുന്നേറുകയാണ്- ദീപക് "ദേശാഭിമാനി"യോട് പറഞ്ഞു.

    ReplyDelete