Tuesday, April 10, 2012

സ്വകാര്യ പ്രാക്ടീസ്: മന്ത്രി കള്ളക്കളി നടത്തുന്നു-പരിഷത്ത്


പണമോഹികളായ ഏതാനും ഡോക്ടര്‍മാരുമായി ചേര്‍ന്ന് സ്വകാര്യ പ്രാക്ടീസ് വീണ്ടും കൊണ്ടുവരാനുള്ള ആരോഗ്യമന്ത്രിയുടെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ മന്ത്രി വ്യക്തിപരമായ താല്‍പ്പര്യം കാണിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെതന്നെ ആരോഗ്യമന്ത്രി ഇത്തരം ഒരു പ്രസ്താവന ഇറക്കി. വ്യാപകമായ എതിര്‍പ്പുവന്നപ്പോള്‍ മിണ്ടാതിരിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ നിയോഗിച്ച രണ്ട് കമ്മിറ്റികളുടെ നിര്‍ദേശാടിസ്ഥാനത്തില്‍ വളരെ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ചികിത്സാരംഗത്തെ പണാധിപത്യം അവസാനിപ്പിക്കാനുമായിരുന്നു ഇങ്ങനെ ചെയ്തത്. ഈ നടപടിയുടെ ഗുണപരമായ മാറ്റങ്ങള്‍ ഇപ്പോള്‍ ഏറെ ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. പഠന- ഗവേഷണ- ചികിത്സാരംഗങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിരിക്കുന്നു. നിരോധനത്തിനുശേഷം എന്തുസംഭവിച്ചെന്ന് മനസ്സിലാക്കാനുള്ള ചര്‍ച്ചകള്‍, പഠനങ്ങള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍ എന്നിവയൊന്നും മന്ത്രി ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴും സ്വകാര്യമായും പരസ്യമായും പ്രാക്ടീസ് ചെയ്യുന്ന ചില കള്ളനാണയങ്ങള്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കിടയിലുണ്ട്. എല്ലാ ഭാഗത്തുനിന്നും പണംപറ്റുന്ന ഇക്കൂട്ടരുടെ സഹായത്തോടെയാണ് മന്ത്രി പ്രാക്ടീസ് നിരോധനം പിന്‍വലിക്കാന്‍ പറഞ്ഞത്. ഇത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഇത്തരം നീക്കങ്ങളില്‍നിന്ന് മന്ത്രി പിന്‍വാങ്ങണമെന്ന് പരിഷത്ത് ജനറല്‍സെക്രട്ടറി ടി പി ശ്രീശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 100412

1 comment:

  1. പണമോഹികളായ ഏതാനും ഡോക്ടര്‍മാരുമായി ചേര്‍ന്ന് സ്വകാര്യ പ്രാക്ടീസ് വീണ്ടും കൊണ്ടുവരാനുള്ള ആരോഗ്യമന്ത്രിയുടെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

    ReplyDelete