Monday, April 9, 2012
ഗുജറാത്തില്‍ പൊതുമേഖല തകര്‍ച്ചയില്‍: സിഎജി
കെടുകാര്യസ്ഥതയും തെറ്റായ ധനവിനിയോഗവും ഗുജറാത്തില്‍ പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍പ്രകാരം ഗുജറാത്തിലെ പൊതുമേഖലയ്ക്കുണ്ടായത് 4216.56 കോടി രൂപയുടെ നഷ്ടം. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 12 ശതമാനത്തിലേറെ പൊതുമേഖലയുടെ സംഭാവനയായിരിക്കെയാണിത്. ഗുജറാത്തിനെ വികസനമാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയുടെ വാദം പൊളിക്കുന്നതാണ് കണ്ടെത്തല്‍. 2010-11 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഓഡിറ്റ് അവലോകനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ വൈദ്യുതിവിതരണവും ഗതാഗതസംവിധാനവും താറുമാറായെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് സംസ്ഥാന റോഡ് ഗതാഗത കോര്പറേഷന്, ഫൈനാന്‍ഷ്യല്‍ കോര്പറേഷന് എന്നീ സുപ്രധാനസ്ഥാപനങ്ങളടക്കം എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ 2010-11 വര്‍ഷം 482.89 കോടി രൂപ നഷ്ടത്തിലാണ്. ഗുജറാത്ത് സംസ്ഥാന റോഡ് കോര്പറേഷന് 2011 സെപ്തംബര്‍വരെയുള്ള കണക്കനുസരിച്ച് 159.74 കോടിയാണ് നഷ്ടം. സംസ്ഥാന ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നഷ്ടം 156.91 കോടി. കപ്പല്‍ നിര്‍മാണക്കമ്പനിയായ അല്‍കോക്ക് അഷ്ഡോണ് 131.44 കോടി രൂപ നഷ്ടത്തിലാണ്. തുറന്നു പ്രവര്‍ത്തിക്കുന്ന 60 സ്ഥാപനങ്ങളില്‍ 27 എണ്ണം സാമ്പത്തിക കുടിശ്ശിക വരുത്തിയവയാണ്. നിലവില്‍ പ്രവര്‍ത്തനമില്ലാത്ത 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്ഭഭീഷണിയും നേരിടുന്നു.
ഗുജറാത്തിലെ വൈദ്യുതിവിതരണവും ദുര്‍ബലമാണ്. 2006-11 കാലയളവില്‍ ഊര്‍ജ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്ന ഗുരുതര വീഴ്ചയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കള്‍ക്ക് ആവശ്യമായ വൈദ്യുതിന്യായമായ തുകയ്ക്ക് നല്കുന്നതില് സംസ്ഥാനത്തെ നാല് പൊതുമേഖലാ വൈദ്യുതിവിതരണ കമ്പനികള്‍ പരാജയപ്പെട്ടു. പദ്ധതിനിര്‍വഹണത്തിലെ കാലതാമസം, പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മ, കാര്യക്ഷമതയില്ലായ്മ എന്നിവ തുടര്‍ച്ചയായ വൈദ്യുതിതടസ്സത്തിലേക്ക് നയിച്ചു. കേന്ദ്രപദ്ധതികളുടെ വിനിയോഗത്തിലും സംസ്ഥാനം വീഴ്ച വരുത്തി. ഗ്രാമീണ വൈദ്യുതീകരണത്തിനുള്ള ആര്‍ജിജിവിവൈ പദ്ധതിയ്ക്ക് അനുവദിച്ച 135.33 കോടി രൂപ ഉപയോഗപ്പെടുത്തിയില്ല. 2006-11 കാലയളവില്‍ സബ് ട്രാന്‍സ്മിഷനും വൈദ്യുതിവിതരണവും ശക്തിപ്പെടുത്തുന്നതില്‍ ദക്ഷിണ, പശ്ചിമ ഗുജറാത്ത് വിജ് കമ്പനികള്‍ കൃത്യവിലോപം വരുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്പറേഷന് ആവശ്യമായ സാമ്പത്തിക- സാങ്കേതികപഠനം നടത്താതെയാണ് കൃഷ്ണ-ഗോദാവരി വാതക പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖനച്ചെലവ് പ്രതീക്ഷിച്ചതിന്റെ പത്തിരട്ടിയിലേറെയായി വര്‍ധിക്കാന്‍ ഇത് കാരണമായി. നിയമവിരുദ്ധമായ കരാറുകളും പദ്ധതി നടത്തിപ്പിലെ വീഴ്ചയും ഗുജറാത്തിലെ പൊതുമേഖലയുടെ പ്രതിസന്ധിയുടെ മുഖ്യകാരണമായി സിഎജി ചൂണ്ടിക്കാട്ടുന്നു. കമ്പനികളൂടെ സാമ്പത്തികനില പരിഗണിക്കാതെയുള്ള നടപടികള്‍കൊണ്ട് മാത്രം 100 കോടി രൂപയോളം നഷ്ടപ്പെട്ടു. കാര്യക്ഷമമല്ലാത്ത നയരൂപീകരണവും മേല്‍നോട്ടത്തിലെ പിഴവും ലക്ഷ്യമില്ലായ്മയുംമൂലം 25 കോടി രൂപയോളം പാഴായതായും സിഎജി കണ്ടെത്തി.
(പി വി അഭിജിത്)
deshabhimani 090412
Subscribe to:
Post Comments (Atom)

ReplyDelete