Wednesday, April 11, 2012

പത്ര ഏജന്റുമാരുടെ സമരത്തില്‍ പൊലീസ് ഇടപെടല്‍ ഒഴിവാക്കണം- സിഐടിയു


കാസര്‍കോട്: പത്ര ഏജന്റുമാരുടെ സമരത്തില്‍ പൊലീസ് ഇടപെടല്‍ ഒഴിവാക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജീവിക്കാനാവശ്യമായ കമീഷന്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 20 മുതലാണ് കേരളത്തിലെ ഏജന്റുമാരും പത്രവിതരണക്കാരും പണിമുടക്കാരംഭിച്ചത്. 25 വര്‍ഷം മുമ്പ് നിശ്ചയിച്ച കമ്മീഷന്‍ തുക കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യത്തിനുനേരെ പത്രമുടമകള്‍ മുഖം തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ചില പത്രമുടമകള്‍ ആവശ്യം അംഗീകരിച്ച് സമരം ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ലക്ഷക്കണക്കിന് വരിക്കാരുണ്ടെന്ന ധാര്‍ഷ്ട്യവും കോടിക്കണക്കിന് രൂപ വരവും ലഭിക്കുന്നതിനാല്‍ സൗജന്യമായി പത്രം നല്‍കിയാല്‍ സമരം പരാജയപ്പെടുമെന്ന ഹുങ്കാണ് ചില പത്രമുടമകള്‍ കാണിക്കുന്നത്. പത്രക്കെട്ടുകള്‍ക്ക് പൊലീസ് അകമ്പടി തേടി സ്റ്റേഷന്‍ മുഖാന്തരമെത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുകയാണ്. തൊഴില്‍ സമരം തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. ഈ പ്രവണത അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം.

പൊലീസ് ഭീകരതയുണ്ടാക്കി അവകാശ സമരം പൊളിക്കാമെന്ന വ്യാമോഹം വെടിയണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. പത്ര വിതരണക്കാരുടെയും ഏജന്റുമാരുടെയും സമരത്തിന് എല്ലാവിധ പിന്തുണയും യോഗം പ്രഖ്യാപിച്ചു. കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി രാഘവന്‍, എ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 110412

No comments:

Post a Comment