Thursday, April 12, 2012

മമതാബാനര്‍ജിയും ലൂയി പതിന്നാലാമനും


പശ്ചിമബംഗാളില്‍ ജനാധിപത്യം 'തിരിച്ചു'കൊണ്ടുവന്നെന്നാണ് മമതാ ബാനര്‍ജിയും അവരുടെ കൂട്ടാളികളും പുരമുകളില്‍ കയറി വിളിച്ചുകൂവിയത്. അഖിലേന്ത്യാവ്യാപകമായി ആ 'തിരിച്ചു' കൊണ്ടുവരവ് ആഘോഷിക്കാന്‍ ഇടതുപക്ഷ വിരുദ്ധരെല്ലാം അഹമഹമിഹയ പാടുപെട്ടു. മമതാബാനര്‍ജിക്കു വേണ്ടി അക്കൂട്ടര്‍ കരുതിവച്ച പ്രശംസാപത്രങ്ങളിലെല്ലാം ജനാധിപത്യം എന്ന വാക്ക് നിര്‍ല്ലോഭം പ്രയോഗിക്കപ്പെട്ടു. ഇടതുപക്ഷക്കാര്‍ ജനാധിപത്യ വിരുദ്ധരും മമതാബാനര്‍ജി ജനാധിപത്യം രക്ഷിക്കാന്‍ വന്ന മാലാഖയുമാണത്രെ! ആ മാലാഖയുടെ ജനാധിപത്യ ആഭിമുഖ്യം ഏറ്റവും ഒടുവില്‍ പുറത്തുവന്നത് പത്രമാരണത്തിന്റെ രൂപത്തിലാണ്! 'ദീദി' പ്രസാദിക്കുന്ന പത്രങ്ങള്‍ മാത്രം ജനങ്ങള്‍ വായിച്ചാല്‍ മതി എന്ന അര്‍ഥത്തിലുള്ള ഉത്തരവാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മാര്‍ച്ച് 14 ന് പുറപ്പെടുവിച്ചിട്ടുള്ളത്.

'പൊതുതാല്‍പര്യ'ത്തിന്റെ മേല്‍വിലാസത്തിലാണ് മമതാഭരണത്തിന്റെ ഉത്തരവ് ഇറങ്ങിയത്. ആ പൊതുതാല്‍പര്യത്തിന്റെ തനിനിറം മമത ഭരണമേറ്റ ഒന്നാംദിനം മുതല്‍ ബംഗാളിലെ ജനങ്ങള്‍ കാണുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കൊന്നൊടുക്കിയും പാര്‍ട്ടി ഓഫീസുകള്‍ ചുട്ടെരിച്ചുമാണ് 'മമതാ മോഡല്‍ ജനാധിപത്യം' അവിടെ അരങ്ങേറ്റം നടത്തിയത്. അധോലോകത്തിന്റെ വാടകഗുണ്ടകളും തെരുവു തെമ്മാടികളുമാണ് ആ 'ജനാധിപത്യയാഗ'ത്തിന്റെ പൂജാരിമാര്‍. അതുകൊണ്ടു മാത്രം തൃപ്തിയടയാന്‍ മമതാ ബാനര്‍ജിയെപ്പോലെ ഒരാള്‍ക്കു കഴിയില്ലെന്നുറപ്പാണ്. കുറെക്കൂടി ആസൂത്രിതവും ഫലപ്രദവുമായി തന്റെ ജനാധിപത്യസങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സര്‍വാധികാരി തീരുമാനിച്ചു. അങ്ങനെയാണ് സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത പത്രങ്ങളൊന്നും ബംഗാളിലെ ജനങ്ങള്‍ വായിക്കേണ്ടെന്ന് അവര്‍ ഉത്തരവിറക്കിയത്. ''വായനക്കാരില്‍ സ്വതന്ത്രചിന്ത വളര്‍ത്താനാണ്''ഈ ഉത്തരവ് എന്നുകൂടി പറയുമ്പോഴാണ് മമതാബാനര്‍ജിയുടെ മേല്‍ ഹിറ്റ്‌ലറുടെ സ്വാധീനം എത്ര വലുതാണെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മനസിലാക്കുന്നത്.

സര്‍ക്കാര്‍ കല്‍പ്പിക്കുന്ന പത്രങ്ങള്‍ മാത്രമേ ഇനി സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള വായനശാലകളില്‍ വരുത്താവൂ എന്നാണ് മാര്‍ച്ച് 14 ന്റെ ഉത്തരവിലെ വ്യക്തമായ നിര്‍ദേശം. എട്ടുപത്രങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഇഷ്ടപത്രങ്ങളായി ഉത്തരവില്‍ ഇടംപിടിച്ചത്. സമൂഹത്തിലാകെ രോഷം കത്തിപ്പടര്‍ന്നപ്പോള്‍ അഞ്ചു പത്രങ്ങളെക്കൂടി ഇഷ്ടജന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അതീവ ജനാധിപത്യ മര്യാദ മമതാബാനര്‍ജി പ്രകടിപ്പിച്ചു. ആ പത്രങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മമതാ ബാനര്‍ജിക്കു വേണ്ടപ്പെട്ടവര്‍ നടത്തുന്ന പത്രങ്ങളാണ്. അവരില്‍ ചിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം പിമാരും മറ്റു ചിലര്‍ അവര്‍ക്കുവേണ്ടി പണപ്പെട്ടി തുറന്നുവച്ചവരുമാണ്. ആ പത്രങ്ങള്‍ക്കെല്ലാം തൃണമൂല്‍ ഭരണത്തിനുവേണ്ടി 'മമതീശമംഗളം' പാടുന്നവരാണെന്ന യോഗ്യത ഉണ്ടെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

മമതാ ബാനര്‍ജി ഗവണ്‍മെന്റിന്റെ ഉത്തരവ് ബംഗാളിലെ 2463 എയ്ഡഡ് ലൈബ്രറികള്‍ക്കും 12 ഗവണ്‍മെന്റ് ലൈബ്രറികള്‍ക്കും 7 സ്‌പോണ്‍സേര്‍ഡ് ലൈബ്രറികള്‍ക്കും പുറമേ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിക്കും ബാധകമാണ്. ആ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്നവയാണ് ഈ ലൈബ്രറികള്‍. അവയുമായി ബന്ധപ്പെട്ടു വായനാസംസ്‌കാരം വളര്‍ത്തിയെടുത്ത ദശലക്ഷക്കണക്കിനു വായനക്കാര്‍ക്കും ബാധകമാണ് ഈ ഉത്തരവ്. ഈ ഉത്തരവിറങ്ങും മുമ്പ് ഓരോ ലൈബ്രറിയിലെയും വായനക്കാരുടെ താല്‍പര്യം കൂടി പരിഗണിച്ച് അവയുടെ ഭരണസമിതികളാണ് വരുത്തേണ്ട പത്രങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിച്ചിരുന്നത്. ഇനിയിപ്പോള്‍ വായനക്കാരും അവരുടെ അഭീഷ്ടവും ഭരണസമിതികളും ഒന്നും ബാധകമല്ല. ആകെ ബാധകം മമതാബാനര്‍ജിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം. ഇതിനെയാണ് 'പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനും സ്വതന്ത്രചിന്ത വളര്‍ത്തുന്നതിനും വേണ്ടി''ജനാധിപത്യ'മെന്നു മമതാബാനര്‍ജി പേരിട്ടു വിളിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ 294-ാം വകുപ്പ് വ്യക്തമാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്വത്തുവകകളെല്ലാം അതാതു സര്‍ക്കാരുകളില്‍ അവയുടെ ആവശ്യങ്ങള്‍ക്കായി നിക്ഷിപ്തമാണെന്നാണ്. അതിനര്‍ഥം സര്‍ക്കാരുകള്‍ ആരെ പ്രതിനിധീകരിക്കുന്നുവോ ആ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ആ സ്വത്തുവകകള്‍ നിക്ഷിപ്തമാണെന്നാണ്. ബംഗാളില്‍ മമതാ ബാനര്‍ജി പറയുന്നത് സര്‍ക്കാര്‍ സ്വത്തുക്കളുടെ നടത്തിപ്പു മുഴുവന്‍ തന്റെ ലക്ഷ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാകണമെന്നാണ്. ''ഐ ആം ദി സ്റ്റേറ്റ്'' എന്നു പറഞ്ഞ ലൂയി പതിനാലാമന്റെ പ്രേതം മമതാ ബാനര്‍ജിയെ ആവാഹിച്ചുവെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ. 'ജനാധിപത്യ' മാലാഖയായ മമതാബാനര്‍ജി ഇക്കഴിഞ്ഞ ദിവസം ബംഗാളിലെ കലാ -സാഹിത്യ അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. പുരസ്‌ക്കാര ജേതാക്കളെല്ലാം തിരഞ്ഞെടുപ്പുകാലത്ത് മമതക്കുവേണ്ടി സ്തുതിഗീതം ആലപിച്ചവരാണെന്നതു മാത്രമായിരുന്നു യോഗ്യത. ബംഗാളിന്റെ പ്രബുദ്ധമായ സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യങ്ങളെവിടെ മമതയുടെ സ്വേച്ഛപ്രമത്തതയുടെ പരിഹാസ്യചേഷ്ടകളെവിടെ? ഇവ തമ്മിലുള്ള അന്തരം വംഗദേശത്തിലെ നീതി ബോധമുള്ള ജനത തിരിച്ചറിയാതിരിക്കില്ല.

പത്രമാരണത്തിന്റെ ബംഗാള്‍ മോഡല്‍ ഉത്തരവ് ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണ്. ഇടതുപക്ഷ വിരോധത്തിന്റെ ഹംസരഥമേറി അധികാരത്തിലെത്തുന്ന വലതുപക്ഷ രാഷ്ട്രീയം ജനാധിപത്യ സംസ്‌കൃതിയെ എങ്ങനെയെല്ലാം കശക്കിയെറിയുമെന്ന് ഇതു വ്യക്തമാക്കുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ വെല്ലുവിളിക്കുന്ന ഈ കറുത്ത കല്‍പനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം അലയടിച്ചുയരട്ടെ. കേരളത്തിന്റെ ഗ്രന്ഥശാല പ്രസ്ഥാനവും അതില്‍ തങ്ങളുടെ കടമ നിറവേറ്റാന്‍ രംഗത്തുണ്ടാകുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

janayugom editorial 120412

1 comment:

  1. പശ്ചിമബംഗാളില്‍ ജനാധിപത്യം 'തിരിച്ചു'കൊണ്ടുവന്നെന്നാണ് മമതാ ബാനര്‍ജിയും അവരുടെ കൂട്ടാളികളും പുരമുകളില്‍ കയറി വിളിച്ചുകൂവിയത്. അഖിലേന്ത്യാവ്യാപകമായി ആ 'തിരിച്ചു' കൊണ്ടുവരവ് ആഘോഷിക്കാന്‍ ഇടതുപക്ഷ വിരുദ്ധരെല്ലാം അഹമഹമിഹയ പാടുപെട്ടു. മമതാബാനര്‍ജിക്കു വേണ്ടി അക്കൂട്ടര്‍ കരുതിവച്ച പ്രശംസാപത്രങ്ങളിലെല്ലാം ജനാധിപത്യം എന്ന വാക്ക് നിര്‍ല്ലോഭം പ്രയോഗിക്കപ്പെട്ടു. ഇടതുപക്ഷക്കാര്‍ ജനാധിപത്യ വിരുദ്ധരും മമതാബാനര്‍ജി ജനാധിപത്യം രക്ഷിക്കാന്‍ വന്ന മാലാഖയുമാണത്രെ! ആ മാലാഖയുടെ ജനാധിപത്യ ആഭിമുഖ്യം ഏറ്റവും ഒടുവില്‍ പുറത്തുവന്നത് പത്രമാരണത്തിന്റെ രൂപത്തിലാണ്! 'ദീദി' പ്രസാദിക്കുന്ന പത്രങ്ങള്‍ മാത്രം ജനങ്ങള്‍ വായിച്ചാല്‍ മതി എന്ന അര്‍ഥത്തിലുള്ള ഉത്തരവാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മാര്‍ച്ച് 14 ന് പുറപ്പെടുവിച്ചിട്ടുള്ളത്.

    ReplyDelete