Thursday, April 12, 2012

ഏറ്റവും ശക്തമായ പത്ത് ഭൂചലനങ്ങളിലൊന്ന്


ഇന്റോനീഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനം നൂറ്റിപ്പന്ത്രണ്ടുവര്‍ഷത്തിനിടെയുണ്ടായതില്‍വച്ച് ഏറ്റവും ശക്തമായ പത്ത് ഭൂചലനങ്ങളിലൊന്ന്.
1960 മെയ് 22ന് ചിലിയില്‍ ഉണ്ടായ ഭൂകമ്പമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായത്. റിക്ടര്‍ സ്കെയിലില്‍ 9.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഈ ഭൂകമ്പത്തില്‍ 5000 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. രണ്ടുദശലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു.

1964 മാര്‍ച്ച് 28ന് അലാസ്കയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 9.2 ആണ്. ഇവിടെ മരിച്ചവര്‍ 125 പേരും കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെട്ടത് 310 ദശലക്ഷം പേര്‍ക്കാണ്.
2004 ഡിസംബര്‍ 26ന് ഇന്റോനീഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചത് 226000 ല്‍ അധികം പേരാണ്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ശ്രീലങ്ക, തായ്ലന്റ് ഇന്റോനീഷ്യ, ഇന്ത്യ മുതലായ രാജ്യങ്ങള്‍ക്കുപുറമേ  മറ്റ് ഒമ്പതു രാജ്യങ്ങളില്‍നിന്നുള്ളവരില്‍ ചിലര്‍ക്കും ജീവഹാനി സംഭവിച്ചു.

1952 നവംബര്‍ 4ന് റഷ്യയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയതാണ്. ഇവിടെ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2011 മാര്‍ച്ച് 11ന് ജപ്പാനില്‍ 9 തീവ്രതയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. ഇതിനെ തുടര്‍ന്ന് ശക്തമായ സുനാമിയുണ്ടാവുകയും 15000 പേരെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. ആണവദുരന്തത്തിലേക്കാണ് ഇത് ജപ്പാനെ നയിച്ചത്. ഇതിനെതുടര്‍ന്ന് ഫിലിപ്പൈന്‍സ്, തായ്വാന്‍, ഇന്റോനീഷ്യ എന്നീ രാജ്യങ്ങള്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

2010 ഫെബ്രുവരി 27ന് ചിലിയില്‍ വീണ്ടുമുണ്ടായത് 8.8 തീവ്രതയിലുള്ള ഭൂചലനമാണ്. ഈ ഭൂചലനത്തില്‍ 500പേരാണ് മരിച്ചത്. 300 കോടി ജനങ്ങള്‍ ഭവനരഹിതരായി. 1906 ജനുവരി 31ന് ഇക്വഡോറിലുണ്ടായ ഭൂകമ്പും 8.8 തീവ്രതയിലുള്ളതായിരുന്നു. കൊളംബിയയുടെയും ഇക്വഡോറിന്റെ തീരദേശത്ത് കനത്ത നാശം വിതച്ച ഭൂചലനത്തില്‍ ആയിരം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇന്നലെ സുമാത്രയില്‍, റിക്ടര്‍ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയഭൂചലനമുണ്ടായപ്പോള്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് നേരിയ ആശ്വാസത്തിന് വകനല്‍കുന്നു. എന്നാല്‍ വ്യാപകമായ സുനാമി മുന്നറിയിപ്പില്‍ 28 രാജ്യങ്ങളിലെ ജനത പരിഭ്രാന്തിയിലാണ്.

janayugom 120412

1 comment:

  1. ഇന്റോനീഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനം നൂറ്റിപ്പന്ത്രണ്ടുവര്‍ഷത്തിനിടെയുണ്ടായതില്‍വച്ച് ഏറ്റവും ശക്തമായ പത്ത് ഭൂചലനങ്ങളിലൊന്ന്.

    ReplyDelete