Tuesday, April 17, 2012


എസ്എസ്എ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ രണ്ടു മുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി 35.02 കോടി രൂപ ചെലവഴിക്കും. സര്‍വശിക്ഷാ അഭിയാന്‍ വഴി ഈ വര്‍ഷം സംസ്ഥാനത്ത് 523.01 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങളില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ബിപിഎല്ലില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും രണ്ട് ജോടി യൂണിഫോം സൗജന്യമായി നല്‍കും. എല്‍പി സ്കൂളുകള്‍ക്ക് 5000 രൂപയും യുപി സ്കൂളുകള്‍ക്ക് 7000 രൂപയും വീതം ഗ്രാന്റ് നല്‍കും. ക്ലാസ് മുറികളില്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ അധ്യാപകര്‍ക്കും 500 രൂപ വീതം ലഭ്യമാക്കും. സ്കൂളിന്റെ അറ്റകുറ്റപ്പണിക്കായി 7500 രൂപ വീതവും നല്‍കും. പ്രത്യേക പരിഗണന വേണ്ട 1.64 ലക്ഷം കുട്ടികളുടെ സ്കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിനും പഠന നിലവാരം ഉയര്‍ത്താനും 34.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1072 വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിക്കായി 73.47 കോടി രൂപ ചെലവാക്കും.

കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിനായി ഒരു ജില്ലയ്ക്ക് 50 ലക്ഷം വീതം അനുവദിക്കും. വിഎച്ച്എസ്ഇ പ്ലസ്ടുവുമായി ലയിപ്പിക്കുന്നത് ഘട്ടം ഘട്ടമായി നടപ്പാക്കേണ്ടി വരും. കാലാനുസൃതമായ കോഴ്സുകളല്ല ഇപ്പോള്‍ വിഎച്ച്എസ്ഇയില്‍ പഠിപ്പിക്കുന്നത്. വിഎച്ച്എസ്ഇ ഉടന്‍ നിര്‍ത്തലാക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി നിര്‍ത്താലാക്കുമെന്നത് അഭ്യൂഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ എം രാമാനന്ദന്‍, അഡീഷണല്‍ ഡയറക്ടര്‍ എല്‍ രാജന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 170412

No comments:

Post a Comment