Wednesday, May 9, 2012

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പ്രതിലോമകരം: സിപിഐ എം


നികുതിവരുമാന ചോര്‍ച്ച തടയാനുള്ള ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ് (ജിഎഎആര്‍) നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച് വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നടപടി ധനമൂലധനത്തിനും ആഗോള കോര്‍പറേറ്റ് കമ്പനികള്‍ക്കും അമേരിക്കന്‍ ഭരണകൂടത്തിനും മുന്നിലുള്ള കീഴടങ്ങലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിലോമകരമായ ഈ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ പിബി ആഹ്വാനംചെയ്തു. തുടര്‍ച്ചയായി ചര്‍ച്ച നടത്തിയും മറ്റ് സ്വാധീനങ്ങള്‍ ചെലുത്തിയും അമേരിക്ക ജിഎഎആര്‍ അട്ടിമറിക്കുകയായിരുന്നു. ധനമന്ത്രി ഏപ്രിലില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇതിനായി കാര്യമായ സ്വാധീനം ചെലുത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍ മൂലധന ആദായനികുതി വെട്ടിക്കുന്നത് തടയാനാണ് ജിഎഎആര്‍ കൊണ്ടുവന്നത്. മൗറീഷ്യസ് പോലുള്ള നികുതിരഹിത രാജ്യങ്ങളുമായുള്ള കരാറിലൂടെയാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളില്‍ 40 ശതമാനവും എത്തുന്നത്. കരാര്‍ മറയാക്കി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തരം രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്കും ബാധകമാക്കി ജിഎഎആര്‍ കൊണ്ടുവന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തില്‍ വെള്ളംചേര്‍ക്കുന്നത് രാജ്യത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിവരുമാനം ഇല്ലാതാക്കും.

സ്വകാര്യ ഓഹരി ഇടപാടുകളിലെ മൂലധന ആദായം, വസ്തു കൈമാറ്റം, വിദേശവായ്പ എന്നിവയിലും നികുതി കുറച്ചത് പ്രതിലോമകരമാണ്. വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ക്കും വേണ്ടിയാണിത്. വന്‍കിട ബിസിനസുകാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വന്‍തോതില്‍ നികുതിയിളവുകള്‍ നല്‍കിയശേഷം ഭക്ഷ്യ, പെട്രോളിയം, രാസവളം സബ്സിഡികള്‍ക്കും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും പണമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 090512

1 comment:

  1. നികുതിവരുമാന ചോര്‍ച്ച തടയാനുള്ള ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ് (ജിഎഎആര്‍) നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച് വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നടപടി ധനമൂലധനത്തിനും ആഗോള കോര്‍പറേറ്റ് കമ്പനികള്‍ക്കും അമേരിക്കന്‍ ഭരണകൂടത്തിനും മുന്നിലുള്ള കീഴടങ്ങലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete