Tuesday, May 8, 2012
മതവൈരം വളര്‍ത്തല്‍: മോഡിയെ പ്രോസിക്യൂട്ട് ചെയ്യാം
ഗുജറാത്ത് വംശഹത്യാ സമയത്ത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍പ്രകാരം മോഡിയെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെന്ന് അമിക്കസ് ക്യൂരെ രാജു രാമചന്ദ്രന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിക്കസ് ക്യൂരെയുടെ റിപ്പോര്‍ട്ടും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ടും തിങ്കളാഴ്ച കേസില്‍ പരാതിക്കാരിയായ സാക്കിയ ജാഫ്രിക്ക് കൈമാറി.
ഗുജറാത്ത് വംശഹത്യാവേളയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവയാണ് സാക്കിയ. വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് സാക്കിയ സുപ്രീംകോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കുന്നതിന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ കോടതി എസ്ഐടിയെ നിയോഗിച്ചിരുന്നു. മോഡിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. വംശഹത്യക്കാലത്ത് ഉന്നത പൊലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത മോഡി ഹിന്ദുക്കളെ തടയരുതെന്നും അവര്‍ വികാരം ശമിപ്പിക്കട്ടെയെന്നും ആഹ്വാനംചെയ്തെന്നാണ് ഭട്ട് മൊഴി നല്‍കിയത്. ഭട്ടിന്റെ മൊഴി തെളിവായി കണക്കാക്കാനാകില്ലെന്ന നിലപാടാണ് എസ്ഐടി സ്വീകരിച്ചത്. തുടര്‍ന്ന് മോഡിയെ വെള്ളപൂശുംവിധം സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് നിഷ്പക്ഷ നിലപാട് അറിയിക്കാന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂരെയായി നിയോഗിച്ചത്.
ഭട്ടിന്റെ മൊഴിയുടെ കാര്യത്തില്‍ എസ്ഐടിക്ക് വിരുദ്ധമായ നിലപാടാണ് അമിക്കസ്ക്യൂരെ സ്വീകരിച്ചത്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ചശേഷം സംസ്ഥാനത്തുണ്ടായ വംശഹത്യയില്‍ മോഡി സ്വീകരിച്ച നിലപാടുകള്‍ വിശദമായി അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂരെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഒട്ടേറെ സാഹചര്യമുണ്ട്. വംശഹത്യ തടയാന്‍ നടപടി വേണ്ടെന്ന് ഭരണസംവിധാനത്തോട് നിര്‍ദേശിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം. 2002 ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രിയുടെ വസതിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും യോഗം ചേര്‍ന്നെന്ന് എസ്ഐടി ചെയര്‍മാന്‍ കണ്ടെത്തിയിട്ടുണ്ട്. മോഡിക്കെതിരെ മൊഴി നല്‍കിയ സഞ്ജീവ് ഭട്ട് ഈ യോഗത്തില്‍ പങ്കെടുത്തില്ലെന്ന നിലപാടാണ് എസ്ഐടിക്ക്. യോഗത്തില്‍ പങ്കെടുത്തതായി തെളിയിക്കാന്‍ ഭട്ടിന് കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന പരിഗണന നല്‍കി ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണം. ഭട്ട് പറഞ്ഞതുപോലുള്ള പരാമര്‍ശം മോഡി നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ പ്രാഥമിക ഘട്ടത്തില്‍തന്നെ ഐപിസി 153എ(1) എ-ബി, 153(ബി)1, 166, 505(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. ഇക്കാര്യം ബന്ധപ്പെട്ട കോടതി തീരുമാനിക്കണം. അഹമ്മദാബാദ് പൊലീസ് ജോയിന്റ് കമീഷണറായിരുന്ന എം കെ ഠണ്ഡന്‍, ഡെപ്യൂട്ടി കമീഷണര്‍ പി ബി ഗോണ്ടിയ എന്നിവര്‍ക്കെതിരെ ഐപിസി 304എ, 166 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്നതാണ്- റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കും. എസ്ഐടി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാക്കിയയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വാദം ആരംഭിക്കുന്നതിന് രണ്ടുമാസം സമയം സാക്കിയ ആവശ്യപ്പെട്ടിരുന്നു.
(എം പ്രശാന്ത്)
deshabhimani 080512
Labels:
ബി.ജെ.പി,
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment