Monday, July 16, 2012

വനംവകുപ്പിലെ അടിസ്ഥാന യോഗ്യത അട്ടിമറിച്ചു


വനസംരക്ഷണസേനയുടെ വിദ്യാഭ്യാസ-ശാരീരികയോഗ്യത പൊലീസിന് സമാനമാക്കിയ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു. വനംവകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഫോറസ്റ്റ് ഗാര്‍ഡിന്റെയും റേഞ്ച് ഓഫീസറുടെയും അടിസ്ഥാനയോഗ്യത പുനര്‍നിര്‍ണയിച്ചത് 2010 ആഗസ്ത് 30നായിരുന്നു. ഇതുപ്രകാരം ഗാര്‍ഡിന്റെ വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സിയില്‍നിന്ന് പ്ലസ് ടു (കണക്ക് അല്ലെങ്കില്‍ സയന്‍സ്) ആക്കി. ശാരീരികയോഗ്യത 162 സെന്റീമിറ്റര്‍ ഉയരവും 79 സെന്റീമീറ്റര്‍ നെഞ്ചളവും എന്നത് 168 സെന്റീമീറ്ററും 81 സെന്റീമീറ്ററുമാക്കി. കായികക്ഷമത പരീക്ഷയില്‍ ഒമ്പത് ഇനങ്ങളില്‍ അഞ്ചെണ്ണം പാസാകണം എന്നും വ്യവസ്ഥയുണ്ടാക്കി. അടിസ്ഥാനയോഗ്യത പഴയപടിയാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതോടെ, ഗാര്‍ഡിന് 162 സെന്റീമീറ്ററും റേഞ്ച് ഓഫീസര്‍ക്ക് 163 സെന്റീമീറ്ററും ഉയരം മതി. നെഞ്ചളവ് 79 സെന്റീമീറ്റായും കുറച്ചു. കായികക്ഷമതാപരീക്ഷയും ഉപേക്ഷിച്ചു. ഗാര്‍ഡിന് രണ്ടു കിലോമീറ്റര്‍ ഓടിയും റേഞ്ച് ഓഫീസര്‍ക്ക് 25 കിലോമീറ്റര്‍ നടന്നും "കായികക്ഷമത" തെളിയിച്ചാല്‍ മതി. വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സിയായി വീണ്ടും കുറച്ചു. ഗാര്‍ഡിനു വേണ്ട യോഗ്യത വര്‍ധിപ്പിച്ചതിനെ ചോദ്യംചെയ്ത് ഷാരോണ്‍ വര്‍ഗീസ് എന്ന ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വനംവകുപ്പിന്റെ അഭിപ്രായം തേടിയപ്പോഴായിരുന്നു സത്യവാങ്മൂലം. വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടപ്പെട്ടയാളാണ് ഉദ്യോഗാര്‍ഥി. എന്നാല്‍, വനംവകുപ്പിന്റെ സത്യവാങ്മൂലത്തിനുശേഷവും ഷാരോണിന്റെ ഹര്‍ജി കോടതി തള്ളി.

ദീര്‍ഘകാലത്തെ ചര്‍ച്ചയ്ക്കുശേഷം നടപ്പാക്കിയ പരിഷ്കാരം ഇല്ലാതാക്കിയത് സേനയുടെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പൊലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ് എന്നിവയ്ക്കൊപ്പം വനസംരക്ഷണസേനയുടെ നിലവാരവും ഉയര്‍ത്തുകയായിരുന്നു യോഗ്യതാപരിഷ്കരണത്തിന്റെ ലക്ഷ്യം. ഫോറ്സ്റ്റ് ഗാര്‍ഡ്, റേഞ്ച് ഓഫീസര്‍ തസ്തികകളിലേക്ക് മാത്രമാണ് നേരിട്ട് നിയമനം നടക്കുന്നത്. ഫോറസ്റ്റ് ഗാര്‍ഡ്, ഫോറസ്റ്റര്‍, ഡെപ്യൂട്ടി റേഞ്ചര്‍ എന്നിവ വനംവകുപ്പിലെ മുന്‍നിരജീവനക്കാരാണ്. ഗാര്‍ഡിനുള്ള യോഗ്യതയില്‍ ഇളവ് വരുത്തുന്നത് വനസംരക്ഷണസേനയുടെ കാര്യക്ഷമതയെയും മികവിനെയും ബാധിക്കും. റിക്രൂട്ട്മെന്റ്, ട്രെയ്നിങ് തുടങ്ങി പല കാര്യങ്ങളിലും പൊലീസുമായുള്ള തുല്യത വനപാലകര്‍ക്ക് നഷ്ടപ്പെടാനും സര്‍വീസ് ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടാനും ഇതിടയാക്കും. യോഗ്യതകള്‍ കര്‍ശനമാക്കിയാല്‍ ഉദ്യോഗാര്‍ഥികളെ കിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. എന്നാല്‍, അരലക്ഷം പേരുള്ള പൊലീസ് സേനയില്‍ ഇതേ അടിസ്ഥാനയോഗ്യതയില്‍ പരീക്ഷ നടത്തിയിട്ടും ഉദ്യോഗാര്‍ഥികള്‍ക്കു കുറവില്ല. നിയമനങ്ങള്‍ യഥാസമയം നടത്താനും അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും ശ്രമിക്കാതെയാണ് സേനയുടെ നിലവാരം തകര്‍ക്കുന്ന നടപടികളെന്നാണ് ആക്ഷേപം.
(ആര്‍ സാംബന്‍)

deshabhimani 160712

1 comment:

  1. വനസംരക്ഷണസേനയുടെ വിദ്യാഭ്യാസ-ശാരീരികയോഗ്യത പൊലീസിന് സമാനമാക്കിയ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചു.

    ReplyDelete