Monday, July 16, 2012

അട്ടപ്പാടിമേഖലയ്ക്ക് തിരിച്ചടി


ആദിവാസി മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇരുട്ടടി. നിലവില്‍ സാമൂഹ്യമായി പിന്നോക്കവസ്ഥ നേരിടുന്ന ആദിവാസികളെ ഈ തീരുമാനം കൂടുതല്‍ ദുരിതത്തിലാക്കും. സമയത്ത് ചികിത്സ കിട്ടാതെ ഞായറാഴ്ച ആദിവാസി വൃദ്ധ മരിച്ചത് ആരോഗ്യരംഗത്ത് ഇവിടത്തെ പിന്നോക്കാവസ്ഥയുടെ തെളിവാണ്. അട്ടപ്പാടി മേഖലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ച് പാവങ്ങള്‍ മരിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് ചികിത്സ നിഷേധിക്കുകയാണ്. അട്ടപ്പാടിയിലെ പുതൂര്‍, ആനക്കട്ടി, ഷോളയൂര്‍ എന്നിവിടങ്ങളിലെ പിഎച്ച്സികളില്‍ ദിവസം മുന്നൂറോളംപേരാണ് ചികിത്സ തേടുന്നത്. പുറംലോകം കണാത്ത ആദിവാസികള്‍ ഏതു മാരകരോഗം ഉണ്ടായാലും ഈ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

പുതൂര്‍ മേഖലയിലാണ് ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. 66 ഊരുകളിലായി 16,000ത്തിലേറെ ആദിവാസികളുണ്ട്. 2008 ല്‍ സംസ്ഥാനത്തെ മികച്ച പിഎച്ച്സിയ്ക്കുള്ള പുരസ്ക്കാരം നേടിയ പുതൂര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ പുരോഗതി കൈവരിച്ചു. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ ഈ ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഷോളയൂരിലെ പിഎച്ച്സിയില്‍ ചികിത്സ തേടിയെത്തുന്നത് 49 ആദിവാസി ഊരില്‍ നിന്നുള്ളവരാണ്. ഇവിടെ ചികിത്സ കിട്ടാതെ വന്നാല്‍ 40 കിലോമീറ്ററിലേറെ ദൂരെയുള്ള പാലക്കാട്ടേക്കോ 20 കിലോമീറ്റര്‍ അകലെയുള്ള മണ്ണാര്‍ക്കാട്ടേക്കോ കോയമ്പത്തൂര്‍ക്കോ പോകേണ്ടിവരും. മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനവും യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ അവതാളത്തിലായി. പിഎച്ച്സികള്‍ കൂടാതെ ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും 27 സബ് സെന്ററുമാണിവിടെയുള്ളത്.
(എസ് സിരോഷ)

പിഎച്ച്സി പാട്ടം ആരോഗ്യമേഖലയെ തകര്‍ക്കും: സിപിഐ എം

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്‍ജിഒകള്‍ക്ക് പാട്ടത്തിനു കൈമാറാനുള്ള സര്‍ക്കാര്‍നീക്കം ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വയനാട്, പാലക്കാട് ആദിവാസിമേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്‍ജിഒകള്‍ക്ക് കൈമാറാനുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചത്. കൈമാറ്റത്തിനായി ഈ മേഖലയിലെ പിഎച്ച്സികളുടെ പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ത്തന്നെ ചികിത്സാച്ചെലവ് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാകാത്തതാണ്. സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ ചികിത്സാച്ചെലവ് എത്രയോ ഇരട്ടിയാകും. സര്‍ക്കാര്‍ പിന്മാറി, ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതുക എന്നത് നവലിബറല്‍ സാമ്പത്തികനയത്തിന്റെ ഭാഗമാണ്. ഇതിന്റെ ആദ്യപടിയായി വേണം യുഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തെ കാണേണ്ടത്. സര്‍ക്കാര്‍ ഉന്നതതലത്തില്‍ ആലോചന നടത്താതെ ആരോഗ്യ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കില്ല. സര്‍ക്കാര്‍ ആശുപത്രികളെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും സംരക്ഷിക്കുകയും വികസിപ്പിക്കുകയുമാണ് ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്ക് ആവശ്യം. അതിനു വിരുദ്ധമായ സര്‍ക്കാര്‍നീക്കത്തില്‍ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനവിഭാഗങ്ങളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പുറംകരാര്‍ നല്‍കുന്നത് ഫണ്ട് തട്ടിയെടുക്കാന്‍: പി കെ ശ്രീമതി

ആദിവാസിമേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നടത്തിപ്പ് പുറംകരാര്‍ നല്‍കാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഫണ്ട് തട്ടിയെടുക്കാനുള്ള ഗൂഢനീക്കമാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതി പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 20-25 കോടി രൂപയാണ് ആദിവാസിമേഖലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. ഈ ഫണ്ട് സന്നദ്ധസംഘടനകള്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. നാമമാത്ര തുകമാത്രം ചെലവഴിച്ച് ബാക്കി സിംഹഭാഗവും ചില സ്വകാര്യവ്യക്തികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയതാണ്. ഇത്തരം സ്ഥാപനങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്നതിനുമുമ്പ് നയപരമായ ചര്‍ച്ച നടത്തണം. മന്ത്രിസഭായോഗം ഉള്‍പ്പെടെ അംഗീകരിക്കേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ ഉദ്യോഗസ്ഥന്‍ സ്വന്തം നിലയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഡിഎംഒമാര്‍ക്കും കത്തെഴുതുമെന്ന് കരുതാനാകില്ല. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഈ നിര്‍ദേശത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല. അവര്‍ നിലപാട് വ്യക്തമാക്കണമെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 160712

1 comment:

  1. ആദിവാസി മേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇരുട്ടടി. നിലവില്‍ സാമൂഹ്യമായി പിന്നോക്കവസ്ഥ നേരിടുന്ന ആദിവാസികളെ ഈ തീരുമാനം കൂടുതല്‍ ദുരിതത്തിലാക്കും. സമയത്ത് ചികിത്സ കിട്ടാതെ ഞായറാഴ്ച ആദിവാസി വൃദ്ധ മരിച്ചത് ആരോഗ്യരംഗത്ത് ഇവിടത്തെ പിന്നോക്കാവസ്ഥയുടെ തെളിവാണ്. അട്ടപ്പാടി മേഖലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ച് പാവങ്ങള്‍ മരിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ ഇവര്‍ക്ക് ചികിത്സ നിഷേധിക്കുകയാണ്. അട്ടപ്പാടിയിലെ പുതൂര്‍, ആനക്കട്ടി, ഷോളയൂര്‍ എന്നിവിടങ്ങളിലെ പിഎച്ച്സികളില്‍ ദിവസം മുന്നൂറോളംപേരാണ് ചികിത്സ തേടുന്നത്. പുറംലോകം കണാത്ത ആദിവാസികള്‍ ഏതു മാരകരോഗം ഉണ്ടായാലും ഈ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.

    ReplyDelete