Monday, July 16, 2012

യുഡിഎഫ് ഭരണത്തില്‍ മലപ്പുറം പാകിസ്ഥാനാകുന്നു: മഹിളാ കോണ്‍ഗ്രസ്


യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്ന് മഹിളാ കോണ്‍ഗ്രസ്. "സ്ത്രീശക്തി രാഷ്ട്രീയ പുരോഗതിക്ക്" എന്ന സന്ദേശവുമായി തലസ്ഥാനത്ത് ആരംഭിച്ച ത്രിദിന നേതൃപരിശീലന ക്യാമ്പില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തിലാണ് കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസ് സംസ്ഥാനഭരണത്തില്‍ സമ്മര്‍ദതന്ത്രം പയറ്റുന്ന മുസ്ലിംലീഗിനും അതിനു വഴങ്ങുന്ന കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ചത്.

പത്തു പേജുള്ള പ്രമേയത്തിന്റെ എട്ടാം പേജിലെ "യുഡിഎഫ് സര്‍ക്കാരും കേരളഭരണവും" എന്ന ഭാഗം മുഴുവന്‍ മുസ്ലിംലീഗിന്റെ വിലപേശല്‍ രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് നേതൃത്വം അതിന്റെ മതേതരപാരമ്പര്യം തകര്‍ത്ത് കീഴടങ്ങുന്നതിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിക്കുന്നു. "സ്ത്രീകളെ പച്ച ബ്ലസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്‍" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്-ഭൂമിദാനവും യാദൃശ്ചിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം. മതേതരത്വം തകര്‍ക്കുന്ന എന്തിനെയും ഉല്‍ക്കണ്ഠയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയശേഷമാണ് മുസ്ലിംലീഗിന്റെ വര്‍ഗീയ സമീപനങ്ങളെ എതിര്‍ത്തുകൊണ്ട്, മലപ്പുറത്ത് മതഭീകരതയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

"അഞ്ചുവര്‍ഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് തന്നെ നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെയായാല്‍ മറ്റൊരു പാകിസ്ഥാനായി മലപ്പുറം മാറുമെന്നതില്‍ സംശയമില്ല. നിഷ്കളങ്കരായ സ്ത്രീകളെയാണ് പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുന്നത്. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കോണ്‍ഗ്രസിന്റെയും സംസ്ഥാനത്തിന്റെയും മതേതരത്വം തകര്‍ക്കും"- രാഷ്ട്രീയപ്രമേയത്തിന്റെ ഒമ്പതാം പേജിലെ മൂന്നാം ഖണ്ഡിക പറയുന്നു. മുസ്ലിംലീഗ് കൈയാളുന്ന സാമൂഹ്യക്ഷേമവകുപ്പില്‍ നിന്ന് വനിതാക്ഷേമം മാറ്റി പ്രത്യേക വകുപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. "ഈ ഭരണത്തില്‍ ജാതി-മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്ന തലക്കെട്ടോടെയാണ് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും മതമേധാവികളുമായുള്ള അവിശുദ്ധ ബാന്ധവത്തെ വിമര്‍ശിക്കുന്നത്. നായര്‍- ഈഴവ ഐക്യമെന്നുകേള്‍ക്കുമ്പോള്‍ പാമ്പ് കീരിയെ വേളി കഴിച്ചതുപോലെയേ തോന്നുന്നുള്ളൂവെന്നും പറയുന്നു. അഞ്ചാംമന്ത്രി വിഷയത്തില്‍ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടിയ വസ്തുതകള്‍ ശരിയാണെന്ന് ബോധ്യപ്പെടുന്നു. മിക്കപ്പോഴും ശുഷ്കമായ അജന്‍ഡയാണ് മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകുന്നതെന്നും പുതിയ പദ്ധതിയൊന്നും വരുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പദവികളില്‍ 33 ശതമാനം വനിതാസംവരണം വേണമെന്നും ആവശ്യപ്പെടുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്.

ദേശാഭിമാനി 160712

No comments:

Post a Comment