Saturday, July 14, 2012

പി ജിക്ക് ഇനി ഡിജിറ്റല്‍ വായന


അറിവിന്റെ ലോകത്ത് സദാ ഉണര്‍ന്നിരിക്കുന്ന പി ഗോവിന്ദപ്പിള്ളയ്ക്ക് തടസ്സങ്ങളില്ലാതെ വായിക്കാന്‍ ഇനി ഡെയ്സി (ഡിജിറ്റലി ആക്സസിബിള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ഡിജിറ്റല്‍ സംവിധാനം. കാഴ്ച തടസ്സമുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ചക്ഷുമതി ചാരിറ്റബിള്‍ ട്രസ്റ്റാണ് വായന എളുപ്പമാക്കുന്ന ഡിജിറ്റല്‍ സംവിധാനം പിജിക്ക് നല്‍കിയത്.

കാഴ്ചക്കുറവുള്ളവര്‍ക്കും ഡിസലഷ്യ, ഓട്ടിസം തുടങ്ങിയ വൈകല്യമുള്ളവര്‍ക്കും പുസ്തകം വായിക്കാനായുള്ള ഉപകരണമാണ് ഡെയ്സി. നിലവില്‍ വിവിധ ഭാഷകളിലുള്ള നാലു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഈ സംവിധാനത്തിലൂടെ വായനയ്ക്ക് ലഭ്യമാണ്. പുസ്തകങ്ങള്‍ റെക്കോഡ് ചെയ്തുവച്ചിരിക്കുന്ന സിഡി ഡെയ്സി പ്ലെയറിലിട്ടാല്‍ പുസ്തകം വായിച്ച് കേള്‍ക്കും. വായനയുടെ വേഗം കൂട്ടാനും കുറയ്ക്കാനും ഇഷ്ടമുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാനും വായിച്ച ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് വീണ്ടും വായിക്കാനും ഇതില്‍ സംവിധാനമുണ്ട്. പുസ്തകങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് സെറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ലിപികള്‍ യൂണിക്കോഡ് തരത്തിലുള്ളവ ആയാല്‍ എളുപ്പത്തില്‍ എക്സ്എംഎല്‍ പ്രോഗ്രാമിലൂടെ ശബ്ദരേഖയാക്കി മാറ്റാന്‍ കഴിയും. എന്നാല്‍, മലയാളത്തില്‍ പുസ്തകങ്ങള്‍ വായിക്കുന്ന സ്പീച്ച് എന്‍ജിനുകള്‍ ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ വായിച്ച് റെക്കോഡ് ചെയ്താണ് ഡെയ്സിയില്‍ ഉപയോഗിക്കുന്നത്.

പ്രായാധിക്യംകാരണം കാഴ്ചശേഷിയും കേള്‍വിശക്തിയും കുറഞ്ഞതിനാല്‍ ഇപ്പോള്‍ സുഹൃത്തുക്കളാണ് പി ജിക്ക് പുസ്തകം വായിച്ച് കൊടുക്കുന്നത്. ഡെയ്സി പ്ലെയര്‍ വന്നതോടെ പരസഹായമില്ലാതെ യഥേഷ്ടം വായിക്കാന്‍ പി ജിക്ക് കഴിയും. ഡെയ്സി ഡിജിറ്റല്‍ സംവിധാനം കണ്ണില്ലാത്തവര്‍ക്ക് കണ്ണ്, ചെവിയില്ലാത്തവര്‍ക്ക് ചെവി എന്നപോലെ പ്രയോജനകരമാണെന്ന് പി ജി പറഞ്ഞു. "എനിക്ക് ഉന്മേഷം പകരുന്നതും എന്നെ പിടിച്ചുനിര്‍ത്തുന്നതും വായനയാണ്. പുതിയ സംവിധാനമുപയോഗിച്ച് പുസ്തകം കുറെക്കൂടി നന്നായി വായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു"- പി ജി പറഞ്ഞു. ദലൈലാമയുടെ ജീവചരിത്രമാണ് പി ജി ഇപ്പോള്‍ ഡെയ്സി സംവിധാനത്തിലൂടെ വായിക്കുന്നത്. ഇന്റര്‍നെറ്റിലെ ബുക്ക്ഷെയര്‍ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ഒന്നര ലക്ഷത്തിലേറെ ഡെയ്സി പുസ്തകങ്ങള്‍ വായനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. ഡെയ്സി ഇ മാസിക കവയിത്രി സുഗതകുമാരി പി ജിക്ക് നല്‍കി പ്രകാശനംചെയ്തു. കവി ഡി വിനയചന്ദ്രന്‍, ചക്ഷുമതി ചെയര്‍മാന്‍ പ്രൊഫ. പി കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 140712

No comments:

Post a Comment