Friday, November 2, 2012

ഭൂമാഫിയകളുടെ സമ്മര്‍ദം റീസര്‍വേ അവസാനിപ്പിച്ചു


സംസ്ഥാനത്ത് റീസര്‍വേ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഭൂമാഫിയകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പകുതിയോളം പൂര്‍ത്തിയായ റീസര്‍വേ പ്രവര്‍ത്തനം അവസാനിപ്പിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. സ്വകാര്യവല്‍ക്കരണവും തസ്തിക വെട്ടിക്കുറയ്ക്കലും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഭൂപ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടി. ഇനിമുതല്‍ സര്‍ക്കാര്‍ഭൂമി മാത്രം റീസര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തിയാല്‍മതിയെന്ന് റവന്യൂവകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സ്വകാര്യവ്യക്തികള്‍ സ്വന്തം നിലയില്‍ അപേക്ഷ നല്‍കിയാല്‍ മുറപ്രകാരം റീസര്‍വേ നടത്തിയാല്‍ മതിയെന്നും 409-12 നമ്പര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ മാത്രം റീസര്‍വേ എന്നത് പ്രഹസനമാക്കി ഭൂമാഫിയകള്‍ക്ക് കീഴടങ്ങുന്നതോടെ സംസ്ഥാനത്ത് റീസര്‍വേ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാകും.

റീസര്‍വേ നിര്‍ത്തുന്നതോടെ ഉണ്ടാകുന്ന അധിക തസ്തികകള്‍ പുനര്‍വിന്യസിക്കാനും ഓഫീസുകള്‍ പുനഃക്രമീകരിക്കാനും പിന്നീട് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ഓഫീസുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളുടെ ഭാഗമാണീ തീരുമാനം. യുഡിഎഫ് അധികാരത്തില്‍വന്ന ഉടനെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂമന്ത്രിയായിരിക്കെ തുടങ്ങിയ നീക്കങ്ങളുടെ ഭാഗമായാണ് ഉത്തരവ്. റീസര്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അന്ന് തിരുവഞ്ചൂര്‍ സര്‍വീസ് സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. റീസര്‍വേ പ്രകാരം തയ്യാറാക്കുന്നത് അടിസ്ഥാന ഭൂരേഖയാണെന്നും ഇത് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഭൂമിയുള്‍പ്പെടെ ഭൂമാഫിയകള്‍ കൈവശപ്പെടുത്താനുള്ള സാധ്യതയും അവതരിപ്പിച്ച് സംഘടനകള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇതേതുടര്‍ന്ന് നിര്‍ത്തിവച്ച സ്വകാര്യവല്‍ക്കരണനടപടികളാണ് വളഞ്ഞവഴിയിലുള്ള ഉത്തരവിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

റീസര്‍വേ നടത്തിയ പ്രദേശങ്ങളില്‍ വ്യാപകമായ പരാതികള്‍ ഉയരുന്നുവെന്നും നടപടി പരാജയമാണെന്നും പറഞ്ഞാണ് നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, സര്‍വേ പ്രവര്‍ത്തനത്തിലെ കാലതാമസത്തിന് പ്രധാന കാരണം ജീവനക്കാരുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്. ഈ രണ്ട് പ്രശ്നവും പരിഹരിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നു. ഇതിലൊന്നായിരുന്നു കെല്‍ട്രോണ്‍ മുഖേന ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടി. ഈ കാലയളവില്‍ കെ ജി വത്സലകുമാരി സര്‍വേ ഡയറക്ടര്‍ ആയിരിക്കെ ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട വില്ലേജുകളില്‍ അധിക ജീവനക്കാരെ ഉപയോഗിച്ച് റീസര്‍വേ നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കി. എല്ലാ പരാതികളും പരിഹരിച്ചുകൊണ്ടായിരുന്നു ഇത്. യുഡിഎഫ് അധികാരത്തില്‍വന്നതോടെ ഈ രണ്ട് പരിപാടികളും അട്ടിമറിച്ചു. ഡിജിറ്റലൈസേഷന്‍ കെല്‍ട്രോണിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന്റെ മറവില്‍ മുഴുവന്‍ റീസര്‍വേ പ്രവര്‍ത്തനവും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ ശ്രമം തുടങ്ങിയത്. റവന്യൂവകുപ്പ് ഏറ്റെടുത്ത അടൂര്‍ പ്രകാശും മുന്‍ഗാമിയുടെ പാത പിന്തുടര്‍ന്നു. റീസര്‍വേ പരാജയമാണെന്ന ഉത്തരവിലെ പരാമര്‍ശം ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് പകുതിയോളം വില്ലേജുകളില്‍ ഇതിനകം റീസര്‍വേ പൂര്‍ത്തിയായി. 1635 വില്ലേജുകളില്‍ 773 ലാണ് പൂര്‍ത്തിയായത്. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതോടെ ഇത് ഇനിയും വേഗത്തിലാക്കാനാകും. ആവശ്യമായ ജീവനക്കാരെ നിയമിച്ച് സമയബന്ധിതമായി റീസര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment