Friday, November 2, 2012

സുനന്ദയെ അപമാനിച്ച സംഭവം ഒതുക്കാന്‍ ഉന്നത ഗൂഢാലോചന


കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഒരുസംഘം കോണ്‍ഗ്രസുകാര്‍ പരസ്യമായി ദേഹോപദ്രവം ചെയ്ത് അവഹേളിച്ച സംഭവം ഒതുക്കാന്‍ ഉന്നതതല ഗൂഢാലോചന. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിലുള്ളവരും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പരാതിനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ശശി തരൂരും സുനന്ദയും പിന്മാറിയത്.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്തെത്തിയ ശശി തരൂരിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടയിലാണ് ഒരുസംഘം കോണ്‍ഗ്രസുകാര്‍ സുനന്ദയുടെ ശരീരത്തില്‍ കൈവച്ചത്. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച് നാടിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിലെ കുറ്റവാളികള്‍ ആരെന്ന് ചാനല്‍ ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും പൊലീസോ വനിതാ കമീഷനോ നടപടിയെടുത്തിട്ടില്ല. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ 19കാരനാണ് ആക്രമിച്ചതെന്നും അയാളുടെ രക്ഷിതാക്കള്‍ വീട്ടിലെത്തി കരഞ്ഞ് അപേക്ഷിച്ചതിനാല്‍ പരാതി നല്‍കുന്നില്ലെന്നും സുനന്ദ പറഞ്ഞതിനാല്‍ പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നാണ് ബുധനാഴ്ച ചാനല്‍ ചര്‍ച്ചയില്‍ വനിതാ കമീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞത്. എന്നാല്‍, ഒരുപാട് പേര്‍ തന്നെ ആക്രമിച്ചെന്നും അതില്‍ 19കാരനെ മാത്രമേ വീഡിയോദൃശ്യങ്ങളില്‍ കാണുന്നുള്ളൂവെന്നും അതിനാല്‍ പരാതിയില്ലെന്നും സുനന്ദ പറഞ്ഞതായി ചെയര്‍പേഴ്സണ്‍ വ്യാഴാഴ്ച "ദേശാഭിമാനി"യോട് പറഞ്ഞു.

ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും വന്ന ദൃശ്യങ്ങളില്‍ അക്രമികളാരൊക്കെയെന്ന് വ്യക്തമാണ്. സുനന്ദയെ രക്ഷിക്കാനെന്ന വ്യാജേന ചുറ്റും കൂടിയവരും ദേഹത്ത് കൈവച്ചെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നിട്ടും ചെയര്‍പേഴ്സണ്‍ ഉരുണ്ടുകളിക്കുകയായാണ്. തന്നെ ആക്രമിച്ച പ്രതി മാപ്പ് പറഞ്ഞതിനാല്‍ പരാതി നല്‍കുന്നില്ലെന്നാണ് ഡല്‍ഹിയില്‍ ദേശീയമാധ്യമങ്ങളോട് സുനന്ദ പ്രതികരിച്ചത്. തിരുവനന്തപുരത്തുനിന്ന് പോകുംവരെ തന്റെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ അവര്‍ പലരോടും രോഷാകുലയായി സംസാരിച്ചിരുന്നു. ഒന്നിലേറെ പേര്‍ അപമാനിച്ചതായും പറഞ്ഞിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതു വരെ അടങ്ങിയിരിക്കില്ലെന്ന് ശശി തരൂരും പറഞ്ഞിരുന്നു. എന്നാല്‍, പൊടുന്നനെയാണ് നിലപാട് മാറ്റം. പരാതിയില്‍ ഉറച്ചുനിന്നാല്‍ അത് കേന്ദ്രമന്ത്രിസ്ഥാനത്തിന് വരെ പ്രശ്നമാകുമെന്ന ഭീഷണി ഉയര്‍ത്തിയതായും വിവരമുണ്ട്. വഴിയെ പോകുന്നവര്‍ക്കെതിരെ പോലും നിസ്സാരകാരണങ്ങളുണ്ടാക്കി കേസെടുക്കുന്ന പൊലീസിന്റെ കണ്‍മുന്നില്‍വച്ച് ഒരു കേന്ദ്ര മന്ത്രിയുടെ ഭാര്യയെ സംഘംചേര്‍ന്ന് അപമാനിച്ചിട്ടും നടപടിയെടുക്കാത്തതും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ്.

deshabhimani 021112

No comments:

Post a Comment