Wednesday, November 7, 2012

പരസ്യബോര്‍ഡ് അഴിമതി: കൊച്ചി മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: കൊച്ചിനഗരത്തില്‍ വിളക്കുകാലുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചതില്‍ കോര്‍പറേഷന് 1.14 കോടി രൂപ നഷ്ടം സംഭവിച്ച പരാതിയില്‍ മേയര്‍ ടോണി ചമ്മണിക്കും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എന്‍ എം എന്റര്‍പ്രൈസസ് എന്ന സ്വകാര്യ കമ്പനിക്ക് ചട്ടങ്ങള്‍ പാലിക്കാതെ കരാര്‍ നല്‍കിയതാണ് കോര്‍പറേഷന് ഭീമമായ നഷ്ടത്തിനിടയാക്കിയതെന്നും ഇതിനുപിന്നില്‍ വന്‍ അഴിമതി നടന്നതായും ആരോപിച്ച് എഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി പി സി സഞ്ജിത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി വി ഭാസ്കരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മേയര്‍ ടോണി ചെമ്മണി, ടൗണ്‍പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ സോഹന്‍, കോര്‍പറേഷന്‍ സെക്രട്ടറി അജിത് പാട്ടീല്‍, ടൗണ്‍ പ്ലാനിങ് ഓഫീസറായിരുന്ന കെ എസ് സുഭാഷ്, എന്‍ എം എന്റര്‍പ്രൈസസ് ഉടമ കെ ബി രഘുവരന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വഴിവിട്ട് കരാര്‍ നല്‍കിയതിനു പിന്നില്‍ മേയറുടെയും കൂട്ടരുടെയും പങ്ക് അന്വേഷിക്കണമെന്നും കോര്‍പറേഷനുണ്ടായ നഷ്ടം കരാര്‍ കമ്പനിയില്‍നിന്ന് തിരിച്ചു പിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് ആറിനകം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. 



മന്ത്രിമാര്‍ക്കെതിരായ പരാതി ലോകായുക്ത ഫയലില്‍ 
 
തിരു: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിമാര്‍ക്ക് ലോകായുക്തയുടെ നോട്ടീസ്. കൃത്രിമമായി ഒഴിവ് സൃഷ്ടിച്ച് നിയമനം നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എസ് കെ ബെന്‍ഡാര്‍വിനാണ് ഹര്‍ജി നല്‍കിയത്. 2011ലും 2012ലും ഓപ്പണ്‍ സ്കൂളിലെ ഒഴിവുകള്‍ നികത്താന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. മുസ്ലിംലീഗ് എംഎല്‍എമാരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയശേഷമാണ് ഇന്റര്‍വ്യൂവിന് കത്തയച്ചത്. എടുക്കേണ്ട അപേക്ഷകരുടെ ലിസ്റ്റ് എസ്സിഇആര്‍ടി ഡയറക്ടര്‍ക്ക് നല്‍കിയതിനുശേഷം ഇന്റര്‍വ്യൂ പ്രഹസനമാക്കുകയായിരുന്നു.
ദേശാഭിമാനി 7-11-12

No comments:

Post a Comment