Wednesday, November 7, 2012

ഡിഎംആര്‍സി ഇല്ലെങ്കില്‍ ജപ്പാന്‍ ഏജന്‍സി പിന്മാറിയേക്കും

ഡിഎംആര്‍സി ഇല്ലെങ്കില്‍ പദ്ധതിക്ക് വായ്പ നല്‍കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) കൊച്ചി മെട്രോ റെയില്‍നിന്ന് പിന്‍മാറിയേക്കും. മെട്രോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിഎംആര്‍സിയുടെ ഉന്നതവൃത്തങ്ങളുമായി ജൈക്ക പ്രതിനിധികള്‍ നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതിയില്‍ ഡിഎംആര്‍സി ഉണ്ടെങ്കില്‍ ആഗോള ടെന്‍ഡര്‍പോലും ഇല്ലാതെ വായ്പ നല്‍കാന്‍ സന്നദ്ധമാണെന്ന് നേരത്തെ ജൈക്ക അറിയിച്ചിരുന്നതായി ഇ ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു.

കേരളത്തില്‍ പണംമുടക്കാനുള്ള താല്‍പ്പര്യക്കുറവാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഭാഗമായി ജൈക്കയെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നതെന്നറിയുന്നു. ജപ്പാന്‍ ഫണ്ടില്‍ നിര്‍മിച്ച കുടിവെള്ളപദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകളാണ് താല്‍പ്പര്യക്കുറവിന് പ്രധാന കാരണം. ഡിഎംആര്‍സിയും ഇ ശ്രീധരനും പ്രത്യേക താല്‍പ്പര്യമെടുത്തപ്പോഴാണ് കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കാമെന്ന് തുടക്കത്തില്‍ ജൈക്ക വാക്കാല്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞത് അവരെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചു. കൊച്ചി മെട്രോ പദ്ധതിക്കുള്ള ജൈക്ക വായ്പയെക്കുറിച്ച് വിവാദങ്ങള്‍ പലതും ഇക്കാലത്തിനിടെ ഉയര്‍ന്നെങ്കിലും വായ്പ ഉറപ്പാക്കാനുള്ള നടപടികളൊന്നും ഔദ്യോഗികതലത്തില്‍ കൈക്കൊണ്ടില്ല. ഇ ശ്രീധരന്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ജപ്പാന്‍ വായ്പ ഉറപ്പിച്ചെന്നുപോലും മുന്‍ കെഎംആര്‍എല്‍ എംഡി ടോം ജോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വായ്പ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനുള്ള തുടര്‍നടപടികളുണ്ടായില്ല. 2011ലെ റിവൈസ്ഡ് എസ്റ്റിമേറ്റ്പ്രകാരം 5146 കോടി രൂപയാണ് കൊച്ചി മെട്രോയ്ക്ക് നിര്‍മാണച്ചെലവ്. ഇതില്‍ 15 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുമ്പോള്‍ 44 ശതമാനത്തോളംവരുന്ന വായ്പയാണ് ജൈക്കയില്‍നിന്ന് നേടിയെടുക്കേണ്ടത്. 2170 കോടിയോളം രൂപവരുമിത്. പദ്ധതിയില്‍നിന്ന് ഡിഎംആര്‍സി പുറത്തായി ജൈക്ക വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാകുന്നത് കൊച്ചി മെട്രോ വര്‍ഷങ്ങളോളം വൈകാനിടയാക്കും.

പുതിയ ധനകാര്യസ്ഥാപനത്തെ കണ്ടെത്തിജൈക്ക തരാമെന്നേറ്റ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കല്‍ എളുപ്പമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഡിഎംആര്‍സിയുടെ കാര്യക്ഷമതയിലുള്ള വിശ്വാസമാണ് ഡല്‍ഹി മെട്രോയുടെ വിപുലീകരണം ഉള്‍പ്പെടെ രാജ്യത്തെ വിവിധ മെട്രോ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ജൈക്കയെ പ്രേരിപ്പിച്ചത്. വിവിധ മെട്രോ പദ്ധതികള്‍ക്കായി 62,950 കോടി രൂപയുടെ വായ്പയാണ് ജൈക്കയില്‍ നിന്നു കിട്ടുന്നത്. ഇതില്‍ മൂന്നാംഘട്ട വിപുലീകരണത്തിനുള്‍പ്പെടെ 36,000 കോടി രൂപ ഡല്‍ഹി മെട്രോയ്ക്ക് മാത്രമായി അനുവദിച്ചുകഴിഞ്ഞു. മുംബൈ മെട്രോയുടെ മൂന്നാംഘട്ടത്തിന് 12,850 കോടിയാണ് അനുവദിച്ചത്. ഡിഎംആര്‍സി കണ്‍സള്‍ട്ടന്റായ ജയ്പുര്‍ മെട്രോയ്ക്ക് 969 കോടിയും ചെന്നൈ മെട്രോയ്ക്ക് 8646 കോടിയും കൊല്‍ക്കത്ത മെട്രോയ്ക്ക് 2253 കോടിയും ജൈക്ക അനുവദിച്ചു. ഡിഎംആര്‍സിയുടെ സാന്നിധ്യം മാത്രമാണ് ഈ വായ്പകളിലെല്ലാം ജൈക്ക പ്രധാനമായി പരിഗണിച്ചത്. ജൈക്ക വായ്പയുടെ പേരിലാണ് കെഎംആര്‍എല്‍ ആദ്യം ഡിഎംആര്‍സിയെ കൊച്ചി മെട്രോയില്‍നിന്ന് പുറന്തള്ളാന്‍ ശ്രമിച്ചത്.

*****

എം എസ് അശോകന്‍ , ദേശാഭിമാനി 7-11-12

കൊച്ചി മെട്രോ: ഡല്‍ഹി ചര്‍ച്ചയില്‍നിന്ന് മുഖ്യമന്ത്രി പിന്‍വാങ്ങി

ന്യൂഡല്‍ഹി: കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. ഇ ശ്രീധരനുമൊത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഡിഎംആര്‍സിയുമായും നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. മുഖ്യമന്ത്രി യാത്ര റദ്ദാക്കിയെങ്കിലും നേരത്തെ നിശ്ചയിച്ചതുപ്രകാരം ഇ ശ്രീധരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, നഗരവികസന സെക്രട്ടറി കമല്‍നാഥ് എന്നിവര്‍ തിരക്കിലാണെന്നതാണ് യാത്ര റദ്ദാക്കാനുള്ള ന്യായമായി മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

വിദേശത്തുള്ള കമല്‍നാഥ് വ്യാഴാഴ്ച തിരിച്ചെത്തും. ബുധനാഴ്ച സ്വന്തം മണ്ഡലമായ റായ്ബറേലിയിലേക്ക് പോകുന്ന സോണിയയും വ്യാഴാഴ്ച മടങ്ങിയെത്തും. സോണിയ സ്ഥലത്തില്ലെങ്കിലും പ്രധാനമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ മുഖ്യമന്ത്രിക്ക് കാണാമെന്നിരിക്കെയാണ് ഡല്‍ഹി സന്ദര്‍ശനത്തില്‍നിന്നുള്ള പിന്മാറ്റം. ഡിഎംആര്‍സിയുടെ അടുത്ത ബോര്‍ഡ് യോഗം ഈ മാസം 27നാണ്. കൊച്ചി മെട്രോയെ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ അല്‍പ്പംപോലും താല്‍പ്പര്യമില്ലാത്ത നഗരവികസന മന്ത്രാലയത്തിന്റെയും മന്ത്രി കമല്‍നാഥിന്റെയും നിലപാടില്‍ ഇതിനുള്ളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തിന് നിരാശയാകും ഫലം. ഇ ശ്രീധരനുമായി മന്ത്രി കെ വി തോമസ് കൂടിക്കാഴ്ച നടത്തും. പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെങ്കില്‍ രാഷ്ട്രീയസമ്മര്‍ദം മാത്രമാണ് ഇനി പോംവഴി. കേരളവും കേന്ദ്രവും ഡല്‍ഹിയും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ രാഷ്ട്രീയസമ്മര്‍ദം ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരിനും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ഇപ്പോഴും തണുപ്പന്‍ സമീപനമാണ്.

No comments:

Post a Comment