Tuesday, November 6, 2012
ദേവസ്വം വോട്ട്: വിശ്വാസം നിര്‍ബന്ധമില്ല; സ്ത്രീകള്‍ വേണ്ട
ദേവസ്വം ഓര്‍ഡിനന്‍സിലെ വിവാദ വ്യവസ്ഥ ഒഴിവാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കുന്ന എംഎല്‍എമാര്‍ക്കായി പരിമിതപ്പെടുത്തുന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. എന്നാല്‍, സ്ത്രീസംവരണം ഉണ്ടാകില്ലെന്ന് പി പി തങ്കച്ചന്‍ യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കായിരുന്നു ബോര്‍ഡംഗത്തെ തെരഞ്ഞെടുക്കുന്നതിന് നിലവില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. ദൈവവിശ്വാസിയാണെന്ന് സത്യവാങ്മൂലം എഴുതി നല്‍കുന്നവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയായിരുന്നു ഓര്‍ഡിനന്‍സ്. നിര്‍ദിഷ്ട ഓര്‍ഡിനന്‍സിനെതിരെ സമൂഹത്തിന്റെ സമസ്തമേഖലകളില്‍നിന്നും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ മനംമാറ്റം. ജനാധിപത്യവിരുദ്ധമായ ഓര്‍ഡിനന്‍സിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭവും ശക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നില്‍ കഴിഞ്ഞദിവസം എല്‍ഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം നടത്തുകയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയുംചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. യുഡിഎഫിലെ ചില ഘടകകക്ഷികളും ഈ വ്യവസ്ഥയില്‍ വിയോജിച്ചു. മന്ത്രി കെ എം മാണിയും എതിര്‍പ്പ്് പ്രകടിപ്പിച്ചു. സ്ത്രീസംവരണം എടുത്തുകളഞ്ഞതിനെ കണ്‍വീനര്‍ ന്യായീകരിച്ചു. സംവരണത്തിന് നിയമമില്ലെന്നും ഇത്തരത്തിലുള്ള എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന വ്യവസ്ഥയും മാറ്റില്ല. പരിയാരം മെഡിക്കല്‍കോളേജ് ഏറ്റെടുക്കുന്നതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ സിഎംപി നേതാവ് എം വി രാഘവന്‍ കണ്‍വീനറായി ആറംഗ ഉപസമിതിയെ നിയോഗിച്ചു.
നിയമപരവും രാഷ്ട്രീയവുമായ കാര്യങ്ങളാകും സമിതി പരിശോധിക്കുക. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും മെഡിക്കല്‍ കോളേജ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രണ്ട് അഭിപ്രായമാണ് യുഡിഎഫിലുള്ളത്. കോളേജ് ഏറ്റെടുക്കുന്നതുകൊണ്ട് സര്‍ക്കാരിന് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. പതിനാല് ജില്ലാ സഹകരണബാങ്കുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളെ നിയമിക്കും. രൂക്ഷമായ വിലക്കയറ്റം, തേങ്ങയുടെ വിലയിടിവ്, കുട്ടനാട് പാക്കേജ് തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര മന്ത്രിസഭായോഗം വിളിക്കണമെന്നും യുഡിഎഫ് യോഗം ശുപാര്‍ശചെയ്തു.
deshabhimani 061112
Subscribe to:
Post Comments (Atom)
No comments:
Post a Comment