വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ നൈപുണ്യം നല്‍കുന്നതിന്
ധനമന്ത്രി കെ എം മാണി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ നൈപുണ്യ പദ്ധതി ലീഗും
വിദ്യാഭ്യാസവകുപ്പും ഹൈജാക്ക് ചെയ്തതായി ധനവകുപ്പിനും മന്ത്രി കെ എം
മാണിക്കും പരാതി. ലീഗിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടിയില്‍
പ്രതിഷേധിച്ച് ഗവ. വിമന്‍സ് കോളേജില്‍ നടന്ന പദ്ധതി
ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മാണി വിട്ടുനിന്നു. സംഭവത്തില്‍ മാണിക്കുള്ള
കടുത്ത പ്രതിഷേധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. കഴിഞ്ഞ
ബജറ്റിലാണ് കെ എം മാണി പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് ബജറ്റില്‍ തുക
വകയിരുത്തി. എന്നിട്ടും ഉദ്ഘാടനം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ്
പ്രസിദ്ധീകരിച്ച പരസ്യത്തില്‍നിന്നുപോലും മാണിയെ ഒഴിവാക്കിയെന്നാണ്
ആക്ഷേപം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിദ്യാഭ്യാസമന്ത്രി
അബ്ദുറബ്ബിന്റെയും പടം മാത്രമേയുള്ളൂ. ആശംസാപ്രസംഗകരുടെ കൂട്ടത്തില്‍
മന്ത്രിമാരായ വി എസ് ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി
എന്നിവര്‍ക്കുപിന്നില്‍ മൂന്നാമനായാണ് മാണിയെ ഉള്‍പ്പെടുത്തിയത്. സ്ഥലം
എംഎല്‍എപോലും അല്ലാതിരുന്നിട്ടും മന്ത്രി ശിവകുമാറിനെ
മുഖ്യപ്രഭാഷകനാക്കിയപ്പോള്‍ പദ്ധതിക്ക് രൂപംനല്‍കുകയും പണം അനുവദിക്കുകയും
ചെയ്ത കെ എം മാണിയെ കടുത്തരീതിയില്‍ അവഗണിച്ചുവെന്നും മാണിക്ക്
പരാതിയുണ്ട്. ഇതിനെതുടര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മാണി
വിട്ടുനിന്നത്.
മാണി ബഹിഷ്കരിച്ചു; മന്ത്രിസഭായോഗം അലസിപ്പിരിഞ്ഞു
തിരു: സംസ്ഥാന മന്ത്രിസഭയിലെ ഭിന്നത രൂക്ഷമായി തുടരുന്നു.
ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ധനമന്ത്രി കെ എം മാണി
ബഹിഷ്കരിച്ചു. തേങ്ങാസംഭരണം, വിലക്കയറ്റം തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍
ഏജന്‍സികളുടെ ഇടപെടല്‍, കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് എന്നീ
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.
തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
കോണ്‍ഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിലായ മാണി പ്രതിഷേധസൂചകമായി യോഗം
ബഹിഷ്കരിച്ചതിനാല്‍ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാനായില്ല. മാണിയുടെ
അഭാവത്തില്‍ തീരുമാനമെടുക്കുന്നത് അദ്ദേഹത്തെ വീണ്ടും ചൊടിപ്പിക്കുമെന്ന്
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഭയന്നു. എല്ലാ വിഷയങ്ങളിലും ബുധനാഴ്ച
ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന്
യോഗം പിരിയുകയായിരുന്നു. ബന്ധു അസുഖമായി ആശുപത്രിയിലായതിനാലാണ് തനിക്ക്
മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെന്ന് മാണി മുഖ്യമന്ത്രിയെ
അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിസഭായോഗം കഴിഞ്ഞ്
രാത്രി എട്ടിന് മുഖ്യമന്ത്രി മാധ്യമപ്രതിനിധികളെ കാണുമെന്ന് പബ്ലിക്
റിലേഷന്‍സ് വകുപ്പില്‍നിന്ന് അറിയിച്ചിരുന്നു. യോഗം നടക്കാതായതോടെ
വാര്‍ത്താസമ്മേളനം ഒഴിവാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍
ഉണ്ടായ നാടകീയരംഗങ്ങളും പോര്‍വിളിയും മന്ത്രിസഭായോഗത്തിലേക്കും പടരുമെന്ന
സൂചനയാണ് മാണിയുടെ പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നത്.
No comments:
Post a Comment