Saturday, July 6, 2013

തിരുവഞ്ചൂരിന്റെ നിലയും പരുങ്ങലില്‍

സോളാര്‍ തട്ടിപ്പ് പ്രതികളുമായുള്ള ഫോണ്‍വിളി യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ചതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസാണ് കുറ്റം ചെയ്തതെന്ന റിപ്പോര്‍ട്ടുമായി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ കണ്ടു. പക്ഷേ, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചതായും സംശയമുന ആഭ്യന്തരമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചില ഭരണകേന്ദ്രങ്ങള്‍ പറയുന്നു. സോളാര്‍ കുംഭകോണത്തിലെ പ്രതികളായ സരിത നായര്‍, ശാലുമേനോന്‍ എന്നിവരുമായി ബന്ധമുള്ള തിരുവഞ്ചൂര്‍, മറ്റ് മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍വിളി പട്ടിക ടിവി ചാനലുകള്‍ക്ക് ചോര്‍ത്തി എന്ന സംശയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ ശക്തിപ്പെട്ടത് തിരുവഞ്ചൂരിന്റെ മന്ത്രിപദവിക്കുതന്നെ ഭീഷണിയായി.

ഫോണ്‍വിളി പട്ടിക ചാനലുകള്‍ക്ക് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനാണെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുന്‍ സിറ്റി പൊലീസ് കമീഷണറില്‍ നിന്ന് ആര്‍ കെ സമ്പാദിച്ച പട്ടികയില്‍ ഫോണ്‍ നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. പട്ടികയില്‍ തന്റെ ഫോണ്‍ നമ്പരുണ്ടോയെന്ന് പരിശോധിക്കാനാണ് ലിസ്റ്റ് സമ്പാദിച്ചതെന്നാണ് ആര്‍ കെ യുടെ വിശദീകരണം. എന്നാല്‍, വിളിച്ചവരുടെ പേരടങ്ങിയ പൊലീസ് രേഖയാണ് ചാനലുകള്‍ക്ക് ലഭിച്ചത്. ഇത് ഡിജിപി, എഡിജിപി ആഭ്യന്തരമന്ത്രി എന്നിവരുടെ മാത്രം പക്കലാണുള്ളത്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയാണ് ചോര്‍ത്തിയതെന്ന് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി തിരുവഞ്ചൂരിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി സംസാരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍ എന്നിവര്‍ കൂടിയാലോചന നടത്തി. സോളാര്‍ തട്ടിപ്പ് സൃഷ്ടിച്ച കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം വെള്ളിയാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റില്‍ എത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് അരമണിക്കൂറോളം ചര്‍ച്ച നടത്തി.

പൊലീസിന്റെ കൈവശമുള്ള രേഖ ചാനലുകള്‍ക്ക് ചോര്‍ത്തിയത് ആഭ്യന്തരമന്ത്രിയാണന്ന സംശയത്തിന് അടിസ്ഥാനമുണ്ടെന്ന് കരുതുന്നതായി ചെന്നിത്തല പറഞ്ഞു. തട്ടിപ്പിലെ പങ്കാളികളെയും സഹായികളെയും രക്ഷിക്കാനാണ് ഈ നടപടി. അതുകൊണ്ടുതന്നെ പട്ടിക ചോര്‍ത്തലിനെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കാളിയായി. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താമെന്നുംരമേശ് പറഞ്ഞു. സംഘടന-മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയായില്ല. എന്നാല്‍, നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭ പുന:സംഘനയുണ്ടാകും. രമേശിനെ ആഭ്യന്തരമന്ത്രിയാക്കിയുള്ള അഴിച്ചുപണിക്കാണ് കരുക്കള്‍ നീങ്ങുന്നത്. എന്നാല്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം വന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും അതിനായി കാക്കാനും ചില മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയെ ഉപദേശിച്ചിട്ടുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani

No comments:

Post a Comment