സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഉറപ്പിക്കുന്ന രേഖകള്‍ പൊലീസിന്റെ കയ്യിലുള്ളതുകൊണ്ടാണ് തന്നെ ആഭ്യന്തരമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുവഞ്ചൂര്‍ ഉറപ്പിച്ചുപറയുന്നതെന്നും, മെയ് 23 ലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. മെയ് 23ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷ ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പുറത്തുവിടണം. ആഭ്യന്തരമന്ത്രാലയം തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സരിതയുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമാണുള്ളത്. മിസ്ഡ് കോള്‍ കണ്ട് സരിതയെ തിരിച്ച് വിളിച്ചതാണെന്ന മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. മെയ് 23 ന് അന്വേഷണോദ്യോഗസ്ഥനെ വിളിച്ച് തിരുവഞ്ചൂര്‍ കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരാണ് തട്ടിപ്പിന് കളമൊരുക്കിയത്. എന്നാല്‍ ഇപ്പോള്‍ പൊലീസ് തട്ടിപ്പിനെക്കുറിച്ചല്ല വാര്‍ത്തകള്‍ ചോരുന്നത് എങ്ങനെയാണെന്നാണ് പോലീസ് അന്വേഷിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
deshabhimani
No comments:
Post a Comment